Monday, November 27, 2006

ബുദ്ധിജീവി

കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ ഇപ്പോഴത്തേത് പോലെ ഡീസന്റ് ആയിരുന്നു. ആ കാലത്ത് വായില്‍ നോട്ടം, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണല്‍, അടിപിടി, ആസ് യൂഷ്വല്‍ അലമ്പുകള്‍ എന്നിവയിലൊന്നിലും എനിക്ക് കമ്പമുണ്ടാവാതിരിക്കാന്‍ രണ്ടാണ് കാരണം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം സ്കൂളില്‍ നിന്ന് കോളേജിലേക്ക് ‘ഏരിയാ ഓഫ് ആക്റ്റിവിറ്റി’ മാറ്റി സ്ഥാപിക്കപ്പെട്ട സകല അലവലാതികളും ഇത് തന്നെ ചെയ്തിരുന്നതിനാല്‍ നമ്മള്‍ ആയിരത്തില്‍ ഒരുവന്‍ എന്ന നിലയില്‍ ഒതുങ്ങിപ്പോകും. രണ്ടാമത്തെ കാരണം ഈ വക ഒരു വിധം കലാപരിപാടികളൊക്കെ വളരെ സ്ട്രിക്റ്റായ അണ്‍ എയിഡഡ് സ്കൂളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ എന്തിനും സ്വാതന്ത്ര്യമുള്ള കോളേജില്‍ ഇവ തുടരുന്നതിന് പഴയ ഒരു ത്രില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ എന്റെ ക്ലാസില്‍ നിന്ന് പത്താം തരം പാസായി ഇതേ കോളേജില്‍ തന്നെ ചേരാന്‍ ഭാഗ്യം സിദ്ധിച്ച പലരേയും എനിക്ക് ഞെട്ടിക്കേണ്ടി വന്നു. കടുത്ത അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സ്കൂളിലെ എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പേരുകളുടെ ആദ്യാക്ഷരം കൊണ്ട് രൂപപ്പെടുത്തിയ ‘യോഗരാജഗുഗ്ഗുലു’, ‘ഗ്രോഗീ ബോയ്സ്’, ‘ഡ്രാക്കുള’ തുടങ്ങിയ കോളേജ് സംഘങ്ങളില്‍ എനിക്ക് അംഗത്വം തരാന്‍ കാത്തിരുന്ന പ്രിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവിയായി രൂപപ്പെട്ടു. കോളേജിലെ ആദ്യ ദിവസം ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് എത്തിയ എന്നെ റാഗ് ചെയ്യാന്‍ വന്ന സീനിയര്‍ ചേട്ടനെ ഇതൊന്നും മുമ്പ് കണ്ട് പരിചയമില്ലാത്ത തനി നാട്ടിന്‍പുറത്ത്കാരനായ ഞാന്‍ സ്ഥലജലവിഭ്രാന്തി മൂലം ചവിട്ടിക്കൂട്ടുകയുണ്ടായി. തന്മൂലം രണ്ട് മൂന്ന് ദിവസം അണ്ടര്‍ഗ്രൌണ്ടില്‍ പോയ ഞാന്‍ പിന്നീട് വന്നത് കസവ് മുണ്ട്, ജൂബ്ബ, ചന്ദനക്കുറി, തോളില്‍ തുണി സഞ്ചി എന്നീ രൂപത്തിലായിരുന്നു.

പഠനത്തില്‍ മാത്രം ശ്രദ്ധ, ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെ ഉയര്‍ന്ന ചിന്ത, പെണ്‍കുട്ടികളോട് തീരെ അടുപ്പം ഭാവിക്കാത്തതിനാല്‍ ദിവ്യത്വം എന്നിങ്ങനെ ഒന്ന് രണ്ട് നമ്പറുകളിലൂടെ നല്ല പേര് കൂട്ടുകാര്‍ക്കിടയിലും പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്കിടയിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു. അങ്ങനെ മോസ്റ്റ് പോപ്പുലര്‍ ബുദ്ധിജീവി എന്ന നിലയില്‍ ഒരു കൊല്ലക്കാലം വിലസിയ ഞാന്‍ മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന നിലയില്‍ വീണ്ടും ടീ ഷര്‍ട്ട് ആന്റ് ജീന്‍സില്‍ കയറിക്കൂടാന്‍ കാരണം ചൊക്ലിയും പി ടി ബിയുമായിരുന്നു.

ചൊക്ലി എന്നത് എന്റെ ക്ലാസിലെ തന്നെ ഒരു പയ്യനായിരുന്നു. കേട്ടാല്‍ കിങ്ങിലെ മമ്മൂട്ടി പോലും ഞെട്ടുന്ന ഡയലോഗുകള്‍ വിട്ടിരുന്ന ഇവന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനുമായിരുന്നു. വായില്‍ കൊള്ളാത്ത ഡയലോഗുകളിലൂടെ ശരീരത്തിന് താങ്ങാന്‍ പറ്റാത്ത അടികള്‍ വാങ്ങുക എന്നത് ഹോബിയായി കൊണ്ട് നടന്നിരുന്ന ഇവന്‍ കോളേജ് തുറന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ അന്ന് വാങ്ങിയ അടിയുടെ കൂടെ വാങ്ങിച്ച് വെച്ചതാണ് ‘ചൊക്ലി’ എന്ന പേരും. ഞാനും ടിയാനും ഒരേ ബസിലായിരുന്നു യാത്ര, കോളേജിലെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ അടുത്തടുത്തായിട്ടാ‍യിരുന്നു ഇരിപ്പ്. (ചൊക്ലിയെ കൂടാതെ കാള ബിനോയ്, നായാസ് എന്നിവരും ഈ ബെഞ്ചില്‍ എന്റെ കൂടെ ഉണ്ടായിരുന്നു ).

പി ടി ബി എന്നത് ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ ഹരമായ ബസ്സായിരുന്നു. നാവിനടിയിലെ ‘ഹാന്‍സ്’ നല്‍കുന്ന തരിപ്പിന്റെ ബലത്തില്‍ അറ്റ് എനി ഗിവണ്‍ പോയിന്റ് ഓഫ് ടൈമില്‍ മൂന്ന് ചക്രം മാത്രം നിലത്ത് തട്ടുന്ന രീതിയില്‍ ഡ്രൈവര്‍ അബൂബക്കര്‍ നാല് ചക്രം മാത്രമുള്ള ഈ കുട്ടിബസ്സിനെ എന്‍ എച്-17 ലൂടെ പെടപ്പിച്ചിരുന്നു. ഈ ബസിന്റെ ‘ഫ’ ബോക്സ് നിറയെ ലേറ്റസ്റ്റ് തമിഴ്, ഹിന്ദി പാട്ടുകളുടെ വന്‍ ശേഖരമായിരുന്നു. ഇതിലെ ഡ്രൈവന്‍, കിളി മുതലായ സകല വന്യ ജീവികളും ഞങ്ങള്‍ പിള്ളേരുടെ കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഈ ബസ്സില്‍ നടത്തിയ ആര്‍മ്മാദത്തിന് കൈയ്യും കണക്കുമില്ല. ഇങ്ങനെ ഞങ്ങള്‍ തകര്‍ത്താടിയിരുന്ന സമയത്താണ് ഇടിവെട്ടിയ പോലെ അത് സംഭവിച്ചത്.

ഇന്‍ഡിസിപ്ലിന്‍ എന്ന കാരണത്താല്‍ ഈ ബസ്സിലെ കിളി, കണ്ടക്ടര്‍ മുതലായവരെ ബസ് മുതലാളി പിരിച്ച് വിടുകയും ഡ്രൈവര്‍ അബുവിനെ ബ്രെയിന്‍ വാഷ് ചെയ്ത് പിള്ളേരെ കണ്ടാല്‍ വണ്ടി നിര്‍ത്തരുത് എന്ന് ഫീഡ് ചെയ്യുകയും ചെയ്തു. ഈ ബസ്സിന് ഞങ്ങള്‍ പിള്ളേര് നേടിക്കൊടുത്ത പബ്ലിസിറ്റിയാണ് പൊതുവെ അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ഇയാളെ ഇങ്ങനെ ചെയ്യിച്ചത് എന്നായിരുന്നു ക്യാമ്പസിലെ സംസാരം. ഈ മാറ്റങ്ങള്‍ സംഭവിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അതുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഞാനും ചൊക്ലിയുമൊക്കെ പി ടി ബി കാത്ത് നില്‍ക്കുന്നു. രണ്ട് ദിവസമായി നിര്‍ത്താതെ പോയ പി ടി ബി അന്ന് ഞങ്ങള്‍ വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് കാലപ്പഴക്കം പരിശോധിക്കുന്നത് കണ്ടിട്ടാവണം, നിര്‍ത്തി. ഓടിക്കൂടിയ പയ്യന്മാര്‍ക്കിടയിലൂടെ അവസാനം ഞാനും ഓടിത്തുടങ്ങിയ ബസില്‍ തോള്‍സഞ്ചിയും മുണ്ടുമൊക്കെയായി വലിഞ്ഞ് കയറി.

അപ്പോഴാണ് അവസാനമായി വലിഞ്ഞ് കയറാന്‍ അത് വരെ ബസ്സിനെ മൈന്റ് ചെയ്യാതെ പോളിടെക്നിക്കില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്ന ചൊക്ലിയ്ക്ക് മോഹം തോന്നിയത്. കയറാന്‍ ശ്രമിച്ച ചൊക്ലിയെ പുതിയ കിളി ചവിട്ടി എന്നാണ് അടുത്ത നിമിഷം കേട്ട ചൊക്ലിയുടെ സംസ്കൃതവാചകത്തില്‍ അടങ്ങിയ ചുരുക്കം ചില മലയാളപദങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായത്. എന്റെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സിലാണ് ഇവന്‍ അലമ്പുണ്ടാക്കിയത് എന്ന ഒറ്റക്കാരണത്താല്‍ അവന്‍ ആ സന്ദര്‍ഭത്തില്‍ പ്രതീക്ഷിച്ച മോറല്‍ ആന്റ് ഫിസിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. ഞാന്‍ പതിവില്ലാത്ത വിധത്തില്‍ തിരക്കി ബസ്സിന്റെ മുന്നില്‍ പോയി ദീപ്തിയോട് കുശലം ചോദിച്ചു. എന്റെ ബുജി പരിവേഷത്തിന്റെ പതനം അവിടെ തുടങ്ങി എന്നത് അവളുടെ പുഞ്ചിരി കണ്ടപ്പോള്‍ ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.

പിള്ളേരുടെ ആര്‍മ്മാദം കാലങ്ങളായി സഹിച്ച് വരുകയായിരുന്ന സ്ഥിരം യാത്രക്കാരുടെ മൌനം മുതലെടുത്ത് ചൊക്ലിയെ കിളി ‘കൊത്തി‘ എന്ന് പിറ്റേന്നാണ് അറിഞ്ഞത്. രാവിലെ ഞാന്‍ കോളേജിലെത്തിയപ്പോള്‍ ചൊക്ലിയുള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ചര്‍ച്ച മണ്ണെണ്ണ വാങ്ങണോ പെട്രോള്‍ വാങ്ങണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. കൂടുതല്‍ പുക മണ്ണെണ്ണയ്ക്കാണെന്നും അതിനാല്‍ ബസ് കത്തിച്ച ഖ്യാതി അങ്ങ് യൂണിവേഴ്സിറ്റി വരെ പുകസന്ദേശമായി എത്തുമെന്നും അടുത്ത സി-സോണ്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അതിന്റേതായ നിലയും വിലയും നമ്മുടെ കോളേജിലെ പിള്ളേര്‍ക്ക് ലഭിയ്ക്കുമെന്നും നായാസ് വാദിച്ച് സ്ഥാപിക്കുന്നു. കത്തിക്കലൊന്നും വേണ്ട എന്നും കിളിയെ പിടിച്ച് പപ്പും പൂടയും പറിക്കാമെന്നും ഞാനും ബിനോയിയും വാദിച്ചു കാരണം കത്തിക്കലൊക്കെ കേസാകുമെന്നും ഗ്യാങ്ങിലെ എല്ലാവരും കുടുങ്ങുമെന്നുമുള്ള കാര്യം ചൊക്ലിയും നായാസുമൊഴികെ വേറെ ഏത് പൊട്ടനും മനസ്സിലാവും. വാദം എറ്റു പക്ഷേ ഞാന്‍ ഒരു കുരുക്കില്‍ പെട്ടു.

ക്ലാസ് സമയത്തേ ബസ് തടയാന്‍ പറ്റൂ. കോളേജ് വിട്ടാല്‍ പിന്നെ തിക്കിലും തെരക്കില്‍ ഒന്നും നടക്കില്ല എന്നതിനാല്‍ കോളേജ് വിടുന്നതിന്റെ തൊട്ടുമുന്നത്തെ ട്രിപ്പില്‍ ബസ് തടയണം. ബുദ്ധിജീവിയും തദ്വാരാ സല്‍ഗുണസമ്പന്നനുമായ ഞാന്‍ തന്നെ അക്കൌണ്ടന്‍സിപ്പുലിയുടെ ക്ലാസില്‍ നിന്ന് അനുവാദം ചോദിച്ച് പോയി ബസ് തടഞ്ഞ് കിളിയെ തല്ലണം പോലും. കത്തിയ്ക്കാന്‍ നോട്ടമിട്ട ബസ് ഞാന്‍ മാത്രം പോയാല്‍ കിളിയെ ഉപദേശിച്ച് നന്നാക്കലാവും നടക്കുക എന്ന് പറഞ്ഞ് കൂട്ടിന് ബിനോയിയും വരാമെന്നേറ്റു. അക്കൌണ്ടന്‍സി ക്ലാസില്‍ പുലിമാഷോട് ഞാന്‍ വിഷയം പറഞ്ഞു. കിളിയെ ഒന്ന് ഉപദേശിക്കണം, ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വാങ്ങണം ഇത്ര മാത്രമേ അജണ്ടയിലുള്ളൂ. അലമ്പാവാതെ ഒതുക്കാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഡീസന്റ് പയ്യനല്ലേ എന്ന് കരുതിയിട്ടാവും അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷന്‍: ഞാനും ബിനോയും മാത്രമേ പോകാവൂ അതും പ്രിന്‍സിപ്പാള്‍ എന്ന കട്ടപ്പാരയുടെ അനുവാദത്തോടു കൂടി മാത്രവും. വേറെ ഒരു ഗതിയുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്ന് കാര്യം പറഞ്ഞു. ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.

(തുടരും...)