Tuesday, July 24, 2007

ഇന്റര്‍വ്യൂ

അമ്മയുടെ നിര്‍ബന്ധം ഒന്ന് മാത്രമാണ് അവനെ ആ ഭക്ഷണശാലയില്‍ ഇരുത്തിയിരുന്നത്. ബാംഗ്ലൂരില്‍ വേറെ അത്ര നല്ല ഭക്ഷണശാലകളുണ്ട്? അവളാണ് ഇന്ദിരാനഗറിലെ മെസ്സ് പോലെയുള്ള ഈ റെസ്റ്റോറന്റ് തെരഞ്ഞെടുത്തത്. ഉയര്‍ന്ന് പൊങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗന്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു അവന്. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ തന്നെയും കടന്ന് പിന്നിലേക്ക് പോകുന്ന നോട്ടം ഹിസ്റ്ററി ക്ലാസ്സിലെ ബാലകൃഷണന്‍ മാഷിനെയാണ് ഓര്‍മ്മിപ്പിച്ചത്. എന്തോ അയാള്‍ക്ക് മടുപ്പ് പൂര്‍വാധികം ശക്തിയായി അനുഭവപ്പെട്ടു. പെണ്ണ്കാണല്‍ എന്ന ചടങ്ങിനോട് തന്നെ വെറുപ്പാണെങ്കിലും മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് മാന്യമായി പെരുമാറിക്കളയാം എന്ന് കരുതിയാണ് ചടങ്ങ് വീട്ടില്‍ വെച്ച് നടത്തുന്നതിനെ പറ്റിയും ചമ്മലൊഴിവാക്കുന്നതിനെ പറ്റിയുമൊക്കെ സംസാരിക്കാന്‍ മുതിര്‍ന്നത്.

പഴയ സിനിമകളിലെ ഡയലോഗ് പോലെ ഉണ്ട് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചോദിച്ചത്. അതിന് ഒരു അവസരം കാത്തിരുന്നത് എന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്. ഈ മനോഹരമായ ഭക്ഷണശാല തെരഞ്ഞടുത്തത് താനാണെന്നും ചമ്മല്‍ എന്നാല്‍ എന്തുവാ എന്നും അവള്‍ ചോദിച്ചു. ഇനിയെന്ത് പറയും എന്ന് ചിന്തിക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നില്ല. അവസാനം അവള്‍ പറഞ്ഞ എന്റെ കാര്യം പറയാന്‍ ഞാന്‍ മതി എന്ന വാചകത്തോടെ അവന് ആളെയും തരവും കൂടിക്കാഴ്ചയുടെ ഫലവും മനസ്സിലായിരുന്നു. ജസ്റ്റ് അനദര്‍ വണ്‍ ഓഫ് ദോസ് ഗേള്‍സ്.. അവന്‍ ചിന്തിച്ചു. ഇപ്പൊ വിട്ടാല്‍ വൈകുന്നേരത്തെ ഫുഡ്ബോള്‍ മാച്ചിന് വാമപ്പ് ചെയ്യാറാവുമ്പോഴേയ്ക്ക് എത്താന്‍ പറ്റുമോ?. വെറുതെ അര മണിക്കൂര്‍ സമയം ഇവിടെ കളയണ്ട കാര്യമില്ല.

ട്രാഫിക്കില്‍ ഇന്നിനി അവിടെ എത്തുമെന്ന് തോന്നുന്നില്ല. എന്തായാലും അര മണിക്കൂര്‍ ഇവിടെ കുടുങ്ങി. ലെഫ്റ്റ് വിങ്ങിലൂടെ സെന്റര്‍ ബാക്കിനെ വെട്ടിച്ച് മുന്നേറുമ്പോള്‍ വിരിയാറുള്ള ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ മൊട്ടിട്ടു. പെട്ടെന്ന് മേശമേല്‍ അവന്റെ വലത് വശത്തിരുന്ന മൊബൈല്‍ ശബ്ദിച്ചു. അവര്‍ രണ്ട് പേരും അതിലേക്ക് തന്നെ നോക്കി. BOSS calling എന്ന് വലിയ അക്ഷരത്തില്‍ അതിന്റെ ഡിസ്പ്ലേയില്‍ നിറഞ്ഞ് നിന്നു. ഫോണ്‍ റിങ് ചെയ്ത് കൊണ്ടിരുന്നു. അവന്‍ അറ്റന്റ് ചെയ്യുന്നില്ല. ബോസ് വിളിക്കുന്നു ചെല്ലുന്നില്ലേ എന്ന തരത്തില്‍ ഒരു പുഛം അവളുടെ കണ്ണില്‍ തെളിഞ്ഞ് മറഞ്ഞില്ലേ എന്ന് അവന് സംശയമായി.

അവന്‍ ഫോണെടുത്തു. “ഹലോ” “ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്” “പിന്നെ വിളിക്കൂ”. ഇംഗ്ഷിഷില്‍ സംസാരിച്ച അവന്റെ ശബ്ദത്തിന്റെ ദൃഢതയും കണ്ണുകളിലെ ഭാവവും കണ്ട് അവള്‍ വിളറി. ഫോണ്‍ കട്ട് ചെയ്ത് സൌമ്യനായി അവന്‍ അവളോട് മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ ഒരു പരുങ്ങലോടെ അവള്‍ ചായ മാത്രം ഓര്‍ഡര്‍ ചെയ്തു. അവന്‍ ഉള്ളില്‍ ഒന്ന് അമര്‍ന്ന് ചിരിച്ചു. ഈ അരമണിക്കൂര്‍ രസകരമായേക്കും. സീറ്റില്‍ ഒന്ന് ഇളകിയിരുന്ന് അവന്‍ പന്ത് ഫ്രീകിക്കിനായി പാസ് ചെയ്തു. ദൈവവിശ്വാസത്തെ പറ്റിയും വിവാഹ സങ്കല്‍പ്പത്തെ പറ്റിയുമെല്ലാം അവന്‍ എറിഞ്ഞ ചോദ്യങ്ങള്‍ക്ക് പ്രാക്ടീസ് സെഷനില്‍ പന്ത് പാസ് ചെയ്ത് കളിക്കും പോലെ അവള്‍ പറയുമെന്ന് പ്രതീക്ഷിച്ച ഉത്തരങ്ങള്‍ തന്നെ നല്‍കി.ഇടയ്ക്ക് ഒരു ബലത്തിനെന്ന പോലെ അവള്‍ ബാഗില്‍ നിന്ന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് മിസ് കോള്‍ ഉണ്ടോ എന്ന് നോക്കുന്നതായി ഭാവിച്ചു.ലൈബ്രറിയില്‍ വനിതാ മാഗസിനുകളില്‍ കണ്ണോടിയ്ക്കുമ്പോള്‍ ആവര്‍ത്തന വിരസത വരുത്താറുള്ള മടുപ്പ് അവന് അനുഭവപ്പട്ടു.പുറത്തേയ്ക്ക് വന്ന് ഒരു കോട്ടുവായ അവന്‍ കഷ്ടപ്പെട്ട് അടക്കി.

ബോസ് വീണ്ടും വിളിക്കുന്നതായി മൊബൈല്‍ അറിയിച്ചു. അവന്‍ കണ്ണിമ ചിമ്മാതെ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ മുഖത്തെ വിളര്‍ച്ച മാറി ഒരു കുസൃതിയുടെ ഭാവം വരുന്നത് അവന്‍ ശ്രദ്ധിച്ചു. എന്തോ പ്രതീക്ഷിച്ച് എന്ന പോലെ അവള്‍ ചെവി കൂര്‍പ്പിച്ച് അവന്റെ പിന്നിലേക്ക് നോട്ടം പായിച്ച് ഇരുന്നു. അവന്‍ ഫോണെടുത്തു. "Hello" "Yes" "You may be my boss but that doesn't mean I should accompany you to the disco " "I don't want to hear anything" "Don't call me back“ “I won't be available on this phone" അവന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു. അവള്‍ ഒന്നും മിണ്ടാതെ ഒഴിഞ്ഞ ചായക്കപ്പില്‍ എന്തോ സൂക്ഷിച്ച് നോക്കി ഇരിക്കുക ആയിരുന്നു. ഒരു പുഞ്ചിരിയോടെ ശാന്തസ്വരത്തില്‍ അവന്‍ ചോദിച്ചു “അധികം സംസാരിക്കാത്ത ടൈപ്പ് ശാന്തപ്രകൃതക്കാരിയാണല്ലേ?“

ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പ്പം, സാരിയാണോ ചുരിദാറാണോ നല്ലത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവള്‍ക്കൊരു രസമായിക്കോട്ടെ ചോദിച്ച് കളയാം എന്ന് കരുതി അവന്‍ മനസ്സില്‍ വെച്ചിരുന്നത് തട്ടിത്തെറിപ്പിച്ച് തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പിക്കൊണ്ട് അവള്‍ പറഞ്ഞു “സമയം കുറച്ചായി നമുക്കിറങ്ങാം“. അവന് ചിരിയാണ് വന്നത്. പോകുന്നതിന് മുമ്പ് ഇങ്ങോട്ടൊന്നും ചോദിക്കാനില്ലേ എന്ന് ചോദിച്ചതിന് അവള്‍ മടിച്ച് മടിച്ചാണ് മറുപടി പറഞ്ഞത് "ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??" അവന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “രണ്ട് രൂപ അമ്പത് പൈസ”. പരിസരം മറന്ന് തന്നെ നോക്കി നില്‍ക്കുന്ന അവളെ തിരിഞ്ഞ് നോക്കാതെ കൈ വീശി അവന്‍ പുറത്തെയ്ക്കിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു. പകുതി വഴിയ്ക്ക് ഇടത്തോട്ട് തിരിഞ്ഞ് റെസ്റ്റോറന്റിന്റെ റിസപ്ഷനിലേക്ക് നടന്നു, ആരോ മേശമേല്‍ മറന്ന് വെച്ച് പോയ ആ ഫോണ്‍ തിരിച്ചേല്‍പ്പിയ്ക്കാന്‍.

Monday, July 16, 2007

ചാര്‍ളി അഥവാ അതിപ്രശസ്തന്‍

ചാര്‍ളിയെ പറ്റി രണ്ട് വാക്ക് ആദ്യമേ പറയണമല്ലോ. ‘ചാര്‍ളി പാവമായിരുന്നു’. രണ്ട് കുപ്പി കള്ളിന്റെ പുറത്ത് അറിയാതെ ഇങ്ങനെ പറഞ്ഞ് പോയ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നത് മിനിഞ്ഞാന്നാണ്. പക്ഷെ ചാര്‍ളി പ്രശസ്തനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പലവിധത്തില്‍ ചാര്‍ളി പ്രശസ്തനായിരുന്നു. നാടൊട്ടുക്കും നടത്തിയ അപഥ സഞ്ചാരങ്ങളിലൂടെ ഏഴ് തലമുറ കഴിഞ്ഞാലും മായാത്ത ടൈപ്പ് പ്രശസ്തി.‘ക്യാപിറ്റല്‍ ബംഗ്ലാദേശ്’ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ തൊഴിലാളികളോടുള്ള മാതൃകാ പെരുമാറ്റത്തിന്റെ പേരില്‍ എവിടെയെങ്കിലും രണ്ട് തൊഴിലാളികള്‍ അബദ്ധവശാല്‍ കണ്ട് മുട്ടിയാല്‍ ചര്‍ച്ച ചാര്‍ളിയേയും കുടുംബത്തേയും പറ്റി ആവുന്ന ടൈപ്പ് പ്രശസ്തി. സൂസി-ഷേര്‍ളി തുടങ്ങിയ പേരുകളില്‍ തന്റെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയുള്ള ‘സ്ത്രീപക്ഷ‘ രചനകളാല്‍ പെണ്മക്കളുള്ള ഒരു മാതിരിപ്പെട്ട തന്തമാര്‍ക്കൊക്കെ പുത്രതുല്ല്യന്‍. അതായത് ചാര്‍ലിയെ പറ്റിയുള്ള വാചകം ഇവര്‍ എങ്ങനെ തുടങ്ങിയാലും --മോന്‍, --മോനേ എന്ന രീതിയില്‍ അവസാനിക്കുന്ന തരത്തിലുള്ള പ്രശസ്തി. ഇത്തരത്തില്‍ മലയാള സംസാരഭാഷാ വ്യാകരണത്തെ പൊളിച്ചെഴുതിയ വൈയാകരണന്‍ എന്ന നിലയില്‍ അതിപ്രശസ്തി.

പ്രശസ്തര്‍ കൂടുതല്‍ പ്രശസ്തരാവുകയും അപ്രശസ്തര്‍ കൂടുതല്‍ അപ്രശസ്തരാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രശസ്തരും അപ്രശസ്തരും തമ്മിലുള്ള വിടവ് എം സീല്‍ വെച്ച് ഒട്ടിക്കാവുന്നതിലും അധികം ഒരു നാള്‍ വര്‍ധിച്ചാല്‍ പിന്നെ തന്നെ പോലുള്ള പ്രശസ്തര്‍ എങ്ങനെ പ്രശസ്തി നിലനിര്‍ത്തും എന്ന് ചിന്തിച്ച് കളിയ്ക്കുന്നത് പ്രധാന തൊഴിലാക്കിയിരുന്ന ചാര്‍ളിയ്ക്ക് ഇതിന്റെ വിരസത മാറ്റാന്‍ ഒരു ചെറുകിട പത്രത്തില്‍ കേട്ടെഴുത്ത് എന്ന ജോലിയുമുണ്ടായിരുന്നു. സത്യത്തില്‍ ഇത്രയ്ക്ക് പ്രശസ്തനായ ചാര്‍ളിയ്ക്ക് അതിന്റെ ആവശ്യമുണ്ടായിട്ടല്ല. വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്ത് എന്നാല്‍ പിന്നെ മലയാള ഭാഷയേയും നാട്ടുകാരേയും അങ്ങ് ഉദ്ധരിച്ച് കളയാം എന്നൊരു തോന്നലുണ്ടാവുകയും ചെയ്തത് കാരണമാണ് ജോലിക്ക് ശ്രമിച്ചത്. നാട്ടുകാരെ പറ്റി തനിക്ക് പൊതുവെ ‘പോ പുല്ലേ’ എന്ന് പറയുന്ന പ്രത്യേകതരം കാഴ്ച്ചപ്പാടാണ് എന്ന് ചാര്‍ളി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഇന്‍ഫാക്ട് പത്രത്തിലേക്കുള്ള ഇന്റര്‍വ്യൂ സമയത്ത് പത്രാധിപര്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും താങ്കളുടെ നാട്ടുകാരാണ് എന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ എന്ന് കേട്ട മാത്രയില്‍ ചാര്‍ളി ശീലത്തിന്റെ പുറത്ത് തന്റെ കാഴ്ച്ചപ്പാടിന്റെ പേര് പറയുകയും ഒരു നിമിഷം താന്‍ ഇന്ത്യന്‍ പ്രസിഡണ്ട് തന്നെ ആവേണ്ടി വരുമോ എന്ന് പേടിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ (ചാര്‍ളിയുടെ എന്നാണ് ഉദ്ദേശിക്കുന്നത്, പത്രത്തിന്റെ അല്ല) പത്രാധിപര്‍ക്ക് ചെവി അല്‍പ്പം പതുക്കെ ആയതിനാല്‍ ചാര്‍ളിയ്ക്ക് ആ ദുര്യോഗം വന്ന് ഭവിച്ചില്ല. അങ്ങനെ കേട്ടെഴുത്ത് എന്ന് ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി ചാര്‍ളി വളരെ ശ്രദ്ധയോടെയും ഭംഗിയോടെയും ചെയ്ത് വന്നു. കേട്ടെഴുത്ത് ചെയ്യുമ്പോള്‍ താന്‍ കേള്‍ക്കുന്നത് കൂടാതെ കയ്യില്‍ നിന്നും അല്‍പ്പം ഇട്ട് എഴുതിയിരുന്നതിനാല്‍ പത്രപാരമ്പര്യം പിന്തുടര്‍ന്നതിന്റെ പേരില്‍ ചാര്‍ളി ജോലിസ്ഥലത്തും പ്രശസ്തനായി. ഒരുവേള ചാര്‍ളി ഈ പത്രത്തിന്റെ പത്രാധിപര്‍ തന്നെ ആയിമാറുമോ എന്ന് ജനം ഭയന്നു. വേളാങ്കണ്ണി മാതാവിനും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ കുന്ന് കൂടി. ഇരുവരും സ്വിസ്സ് ബാങ്കില്‍ അക്കൌണ്ടും കിസാന്‍ വികാസ് പത്രയില്‍ അംഗത്വവും നേടി.

അങ്ങനെ എല്ലാം മംഗളമായി (ഈ പ്രയോഗം ചാര്‍ളിയുടെ പത്രമോഫീസില്‍ നിരോധിയ്ക്കപെട്ടതാണത്രേ)നടന്ന് വരുന്നതിനിടയിലാണ് ചാര്‍ളിയുടെ കഷ്ടകാലം ആരംഭിയ്ക്കുന്നത്. മലയാള ഭാഷയെ ഉദ്ധരിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊക്കെ എത്തിച്ചേരുന്ന ആ സ്ഥലത്ത് തന്നെ ചാര്‍ളിയും ഒടുവില്‍ എത്തിച്ചേര്‍ന്നു. മലയാളം ബ്ലോഗുകള്‍. പത്രമോഫീസിലെ കേട്ടെഴുത്തിനിടയില്‍ വീണ് കിട്ടുന്ന ഒഴിവ് വേളകള്‍ ആനന്ദകരമാക്കാനാണ് ചാര്‍ളി ആദ്യമൊക്കെ ബ്ലോഗുകള്‍ തുറന്നിരുന്നത്. പിന്നീടാണ് ഈ മേഖലയില്‍ താന്‍ പ്രശസ്തനായിട്ടിലല്ല്ലോ എന്ന ചിന്ത ചാര്‍ളിയെ അലട്ടാന്‍ ആരംഭിയ്ക്കുന്നത്. ഒരു പതനത്തിന്റെ തുടക്കമായിരുന്നു അത്.

Friday, June 08, 2007

കയ്യേറ്റം

കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു വനജാക്ഷി. നല്ല ചെന്താമര പോലെ തിളങ്ങിയ അവളെ കണ്ട് സൂര്യന്‍ പോലും കൂളിങ് ഗ്ലാസ് വെച്ചു. ഗ്രാമത്തിന്റെ സൌന്ദര്യധാമമായിരുന്ന അവള്‍ ധാവണിപ്പുറമേ ഒരു ലെയര്‍ അഹങ്കാരം കൂടി വാരിച്ചുറ്റിയിട്ടാണ് നടക്കാറ്. പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല. ജസ്റ്റ് ലൈക് ദാറ്റ്. അവളെ.. അങ്ങനെയുള്ളവളെയാണ് സാമിക്കുട്ടി കയ്യേറ്റം ചെയ്തത്. വനജാക്ഷിക്ക് കുറച്ചൊന്നുമല്ല ഈറ വന്നത്. രണ്ട് മഹീന്ദ്രാ ജീപ്പില്‍ തൂങ്ങിപ്പിടിച്ചാണ് അവന്‍ വന്നത്, ഈറ.

വരാന്തയില്‍ വെച്ച് സാമിക്കുട്ടി വനജാക്ഷിയെ കയറിപ്പിടിച്ചു എന്ന് നാട്ടില്‍ പാട്ടായി. കയറിപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വക മീറ്റര്‍ റീഡിങ്ങിന് പടി കയറി വരുമ്പോള്‍ വീഴാന്‍ പോകുകയും അറിയാതെ ആ വഴി വന്ന വനജാക്ഷിയുടെ കൈത്തണ്ടയില്‍ പിടിക്കുകയുമായിരുന്നു എന്ന് സാമിക്കുട്ടി കരഞ്ഞ് പറഞ്ഞു. പക്ഷെ ഒരു വാരാന്തപ്പതിപ്പില്‍ പേജ് ത്രീ സ്റ്റോറി മുന്‍കൂട്ടിക്കണ്ട പത്രക്കാര്‍ നിരത്തി ഇന്റര്‍വ്യൂ ചെയ്ത് അതിനുള്ള അവസരം അവന് ഇല്ലാതാക്കി. ഒരു അഭിമുഖം കഴിയും മുമ്പ് അടുത്തവന്‍ തുടങ്ങി. ഒന്നിന് പോകാന്‍ കയറിയപ്പൊഴും മൈക്ക് ടോയ്ലറ്റിന്റെ ഉള്ളില്‍ ആയിരുന്നു.സാമിക്കുട്ടിയുടെ കൈയ്യില്‍.പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് അകത്ത് നിന്ന് സാമിക്കുട്ടിയുടെ ഉത്തരം വരുന്നു. അഭിമുഖങ്ങളുടെ എണ്ണം പോലെ മൈക്കില്‍ നിന്നുള്ള കറുത്ത വയര്‍ പോലെ ടോയ്ലറ്റിന്റെ വാതിലിനടിയിലൂടെ നീണ്ട് കിടന്നു.

വനജാക്ഷിയെ നിങ്ങള്‍ എന്നാണ് ആദ്യമായി കാണുന്നത്?
സംഭവം നടക്കുമ്പോളാണ്
ഉദ്ദേശം എത്രമണിയായിക്കാണും?
12:37
ഉറപ്പാണോ?
ഒരു മിനിറ്റ് കൂടില്ല
എങ്ങനെ അറിയാം?
ഞാന്‍ കൃത്യം 12 മണിയ്ക്ക് ഊണ് കഴിയ്ക്കും. അഞ്ചേ അഞ്ച് മിനിറ്റ്.
നിങ്ങള്‍ക്ക് ഈ കൃത്യം ചെയ്യാനുണ്ടായ പ്രചോദനം എവിടെ നിന്നാണ്?
സര്‍ ഐസക്ക് ന്യൂട്ടണ്‍
എന്ത്?
ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കണ്ട് പിടിച്ചത് അദ്ദേഹമാണല്ലോ.
നിങ്ങള്‍ വീണ്ടും വീഴ്ചയുടെ കഥയാണോ പറയാന്‍ ഉദ്ദേശിക്കുന്നത്?
തല്‍ക്കാലം മറ്റൊന്നും പറയാന്‍ ഉദ്ദേശമില്ല.

ഈ വിധം അഭിമുഖങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും സാമിക്കുട്ടി നിലപാട് മാറ്റിയില്ല എന്ന് മാത്രമല്ല ഒരുവേള വനജാക്ഷി തന്നെ കയറിപ്പിടിച്ചതായിരിക്കുമോ എന്ന് പോലും സംശയം പ്രകടിപ്പിച്ച് തുടങ്ങി. വനജാക്ഷിയുടെ വീട്ടിലാകട്ടെ ജീപ്പില്‍ വന്നിറങ്ങിയവര്‍ മടങ്ങിയിരുന്നില്ല. കുളിച്ചുണ്ട് താമസിക്കുകയായിരുന്നു. അവള്‍ കോപം കൊണ്ട് ജ്വലിച്ചു. (ഈ ജ്വലനം നോവലുകളില്‍ വായിച്ച് കണ്ടിട്ടൂള്ള പ്രയോഗമാണ്, കഥാകാരന്‍ ഇവിടെ ഒന്നെടുത്ത് പ്രയോഗിച്ചു എന്ന് മാത്രം. തീ പിടിച്ചിട്ടിന്നുമില്ല എന്ന് ചുരുക്കം)സാമിക്കുട്ടിയുടെ, അതായത് പഞ്ചായത്തില്‍ സ്വയം തൊഴില്‍ എന്ന വ്യാജേന പത്രമിടലും മീറ്റര്‍ റീഡിങ്ങുമായി നടക്കുന്ന, തന്നെ പോലെയുള്ള അത്യാവശ്യം സൌന്ദര്യമുള്ള കൊച്ചുങ്ങളെ കണ്ടാല്‍ കണ്ട ഭാവം നടിക്കാത്ത ഇവനെയൊക്കെ ഒരു പാഠം പഠിപ്പിയ്ക്കുക തന്നെ വേണം. അവള്‍ ഫോണെടുത്ത് കുത്തി.(ഫോണെടുത്ത് കറക്കല്‍ എന്ന പ്രയോഗം പണ്ടായിരുന്നു. ഇപ്പോള്‍ ഫോണല്ല, ഫോണ്‍ക്കമ്പനിക്കാര്‍ കറക്കുന്നു എന്നാണ് സാഹിത്യപ്രയോഗം)

അങ്ങേത്തലക്കല്‍ സുന്ദരേശന്‍ മുതലാളി ഞെട്ടി. തന്റെ അനന്തിരവളെ ആരോ കയ്യേറ്റം ചെയ്തതറിഞ്ഞ് മുതലാളി ഞെട്ടിയ ഞെട്ടല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വഴി ജനകീയ മന്ത്രിസഭയുടെ മൂക്കിന്റെ തുമ്പിലെത്തി നിന്നു.പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് അഹങ്കാരം ചുറ്റി റെഡിയായി നിന്ന വനജാക്ഷിയെ തേടി ഒരു ഫോണ്‍ വന്നു. ജില്ലാ കളക്ടര്‍ നേരിട്ട് വിളിച്ചിരിക്കുന്നു കയ്യേറ്റത്തിനെ പറ്റി അറിയാന്‍.വനജാക്ഷി ഒന്ന് നിലം വിട്ടുയര്‍ന്നു തിരിച്ചിറങ്ങി. ഈ വനജാക്ഷി ആരെന്ന് സാമിക്കുട്ടിയും നാട്ടുകാരും അറിയും. അവള്‍ കണ്ണീരും കൈയ്യും ആളയച്ച് വരുത്തി എന്നിട്ട് അവയെ ഫോണില്‍ കൂടെ പ്രയോഗിച്ചു.

സാറേ പട്ടാപ്പകലായിരുന്നു കയ്യേറ്റം. സാറിന്റെ ജില്ലയില്‍, സാറിന്റെ മൂക്കിന് താഴെ... (തേങ്ങല്‍)
ങാ.. മുഖ്യന്‍ നേരിട്ട് വിളിച്ച കയ്യേറ്റക്കേസായത് കൊണ്ടാ. എവിടെയാ ഈ സ്ഥലം?
കണ്ണഞ്ചുമുക്ക്.. വലിയപുരയ്ക്കല്‍ വനജാക്ഷിയുടെ വീട് എല്ലാരും അറിയും സാറേ..
കയ്യേറ്റം ചെയ്ത ആള്‍‍ അവിടെ തന്നെയാണോ താമസം?
ഇവിടെ അടുത്ത് തന്നെ
കേസിനാസ്പദമായി എന്തെങ്കിലും രേഖയുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പെട്ടെന്നുള്ള കയ്യേറ്റമല്ലായിരുന്നോ സാറേ.. രേഖയുണ്ടാക്കാനും പരാതിപ്പെടാനുമൊന്നും പറ്റിയില്ല.
ഉം. മുഖ്യന്റെ കേസായിപ്പോയില്ലേ? ശരി ഞാന്‍ നാളെ പോലീസ് സംഘവുമായി അവിടെയെത്താം. കയ്യേറ്റക്കാരനെ ഒഴിപ്പിയ്ക്കാം.
അവനെ ഈ ജില്ലയില്‍ നിന്ന് തന്നെ ഒഴിപ്പിയ്ക്കണം സാറേ.
ശരി നാളെ കാണാം.

വനജാക്ഷി സന്തോഷം കൊണ്ട് മതി മറന്നു. എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.പിറ്റേന്ന് രാവിലെ സാമിക്കുട്ടിയെ പോലീസ് ഇടിച്ച് കൂമ്പ് വാട്ടുന്നത് സ്വപ്നം കണ്ട് കിടന്ന് വനജാക്ഷി രാവിലെ പതിവില്ലാതെ ഒരു വെളിച്ചം മുഖത്തടിച്ചാണ് ഉണര്‍ന്നത്.കണ്ണ് തുറന്ന് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ല. ദു:സ്വപ്നമാവുമെന്ന് കരുതി കണ്ണ് തിരുമ്മി എണീറ്റ വനജാക്ഷിയുടെ മുമ്പില്‍ അവന്‍ നില്പുണ്ടായിരുന്നു.

ജെസിബി. ഒപ്പം കൈയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ വന്ന കളക്ടറും സംഘവും.
ബോധം പോയി പിന്നിലേക്ക് മലര്‍ന്നടിച്ച് വീണ വനജാക്ഷിയെ കളക്ടര്‍ ജെസിബി കൊണ്ട് തന്നെ കോരിയെടുത്ത് ആമ്പുലന്‍സിലാക്കി.

Saturday, March 03, 2007

കൊളസ്ട്രോള്‍

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

ഈയിടെയായി ആരോഗ്യം മോശമായി വരുന്നു. ഈ നെയ്യും പഞ്ചസാരയും കല്‍ക്കണ്ടവും തേങ്ങയും കൊപ്രയുമൊക്കെ തിന്ന് കൊളസ്ട്രോള്‍ കൂടിയിരിക്കുമോ എന്നാണ് പേടി. ഒരു തമിഴന്‍ ഭക്തന്‍ തേങ്ങ പൊതിഞ്ഞ് കൊണ്ട് വന്ന പത്രത്തിന്റെ കഷ്ണത്തിലാണ് സ്വാമി ‘കുളസ്ട്രാളി‘നെ പറ്റി വായിക്കുന്നത്. പണ്ട് മദിരാശിയില്‍ പൂവരശ് കൌണ്ടര്‍ എന്ന കള്ളപ്പേരില്‍ ടൈപ്പ് റൈറ്റിങ് പഠിയ്ക്കുന്ന കാലത്ത് പഠിച്ച മുറിത്തമിഴ് വെച്ച് അയ്യന്‍ ‘ഡോക്ടറോട് ചോദിപ്പിന്‍‘ പംക്തി വായിച്ചു.

തിണ്ടിവനത്ത് നിന്ന് ചൊക്കലിംഗം: ഡോക്ടര്‍, ഞാന്‍ 45 വയസുള്ള യുവാവാണ്. യാതൊരു വിധ ദുശ്ശീലങ്ങളുമില്ല. പുകവലി എന്നൊരു ഏര്‍പ്പാടുണ്ടെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് അറിയില്ല, ഏതായാലും എനിക്ക് ആ പരിപാടി ഇല്ല. മദ്യപാനം കുടിയ്ക്കാറില്ല. തൈര് സാദം മാത്രമാണ് കഴിയ്ക്കാറ്. ബ്രഹ്മചാരിയാണ്. ഈയിടെയായി രാത്രി കിടക്കുമ്പോള്‍ എന്റെ ഇടത് കൈയ്യിന് ഒരു വേദന വരാറുണ്ട്. എന്റെ അടുത്ത് ട്യൂഷന് വരുന്ന ചെമ്പകം പുസ്തകം തരുമ്പോള്‍ കൈയ്യില്‍ തൊട്ട അന്ന് മുതല്‍ തുടങ്ങിയതാണ്. ഞാന്‍ പാപം ചെയ്തോ ഡോക്ടര്‍? എന്താണ് എന്റെ രോഗം?

ഡോ:ഗീവറുഗീസ് നാടാര്‍: പുള്ളേ ചൊക്കമേ.. നിന്റെ രോഗം എനിക്ക് പിടികിട്ടി. അതിനുള്ള മറുപടി ഞാന്‍ ഇതേ പത്രത്തില്‍ ഡോ:മന്ദാകിനി പിള്ള എന്ന പേരില്‍ കൈകാര്യം ചെയ്യുന്ന മാന‍സികാരോഗ്യപംക്തിയില്‍ പറയാം. ശാരീരികമായി നിനക്ക് ‘കുളസ്ട്രോള്‍‘ എന്ന രോഗമാണ്. തൈര്‍ ശാദം ഓവറായി കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്. മരണം സംഭവിക്കാവുന്ന രോഗമാണ്. ഇതിന് മരുന്നുണ്ടെങ്കിലും നിന്റെ ശീലങ്ങള്‍ അഥവാ ശീലമില്ലായ്മ വായിച്ച സ്ഥിതിയ്ക്ക് അത് ഉപദേശിച്ച് നിന്നെ പോലെ ഒരു അരസികനെ രക്ഷിക്കാന്‍ എന്റെ എത്തിക്സ് അനുവദിക്കുന്നില്ല. വേണമെങ്കില്‍...

ബാക്കി ഭാഗം കീറിപ്പോയിരുന്നു. എങ്കിലും സ്വാമിയ്ക്ക് അറിയാനുള്ളത് അറിഞ്ഞു. ഇപ്പോള്‍ ഇടത് കൈയ്ക്ക് വേദനയുണ്ടോ എന്നൊരു ശങ്ക. പണ്ട് ഒരു മുത്തുമാല എന്നോ അലമേലു എന്നോ പറഞ്ഞ നാടകനടി ഒളിച്ച് വന്ന് തന്നെ തൊട്ടിട്ടുണ്ട് എന്നതും ചേര്‍ത്ത് വായിച്ചാല്‍ താനും ചൊക്കലിംഗം ചെക്കനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയ്യന്‍ ഞെട്ടി. എന്ന് പറഞ്ഞാല്‍ ഞെട്ടറ്റ് നിലം പതിച്ചു. ബോധം വന്നയുടന്‍ സന്നിധാനത്തെ ഹൃദ്രോഗാശുപത്രിയിലേക്ക് വെച്ച് പിടിച്ചു.

ഹൃദ്രോഗാശുപത്രി സര്‍ക്കാര്‍ വകയാണ്. ഭയങ്കരനാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവനാണ്. ചില്ലറക്കാരനുമല്ല. ആശുപത്രിയിലേക്ക് കടന്നപ്പോ ചെറിയ ഭയം തോന്നി. ഭാഗ്യത്തിന് സ്പെഷ്യലിസ്റ്റിനെ തന്നെ കണ്ടു. കമ്പൌണ്ടര്‍ മാത്തുക്കുട്ടി. പെരിയ ഡാക്കിട്ടര്‍ പെരിയത്താനേക്കാള്‍ പെരിയവര്‍. മലയാള രാജ്യം ഭരിക്കുന്നതേ മാത്തുക്കുട്ടിയാണെന്നാ ജനം പറയുന്നത്. (അവന്, ജനത്തിന് വേറെ പണിയില്ല എന്നത് ഓഫ് ടോപിക്കാണ്). മാത്തുക്കുട്ടി സ്വാമിയെ ഒന്ന് ഇരുത്തി നോക്കി. രെജിസ്റ്ററെടുത്തു.

മാത്തു:പേര്?
സ്വാമി: സ്വാമി
മാത്തു: ഇവിടെ എല്ലാവരും സ്വാമിമാരാ. ശരിക്കുള്ള പേര് പറ.
സ്വാമി:മണി... ഏ.മണി
മാത്തു: മണിക്കെന്ത് വേണം?
സ്വാമി: ചികിത്സ
മാത്തു: ശരി. സൌജന്യമോ അതോ മറ്റവനോ?
സ്വാമി: മറ്റവനോ?
മാത്തു: പഞ്ചന്‍.. പഞ്ചനക്ഷത്രന്‍. ഐ മീന്‍ സുഖ ചികിത്സ.
സ്വാമി: സൌജന്യം മതി
മാത്തു: ഇടത് കൈയ്ക്ക് വേദന അല്ലേ?
സ്വാമി: അതെ. എങ്ങനെ മനസ്സിലായി?
മാത്തു: ഞാനും തമിഴ് പത്രമാണ് വായിക്കാറ്. അത് പോട്ടെ. ഇമ്പോര്‍ട്ട് ലൈസന്‍സുണ്ടോ?
സ്വാ: ഇല്ല
മാ: സഹകരണബാങ്ക് വായ്പ?
സ്വാ: ഇല്ല
മാ: കാര്‍ഷിക കടം?
സ്വാ:ഇല്ല
മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല
മാ: അപ്പോള്‍ താന്‍ മാതൃകാ പൌരനുമല്ല. മാതൃകാ പൌരന്മാര്‍ക്ക് നാലാം വാര്‍ഡില്‍ ഒരു ബെഡ്ഡുണ്ടായിരുന്നു. അതും തല്‍ക്കാലത്തേയ്ക്ക് നടപ്പില്ല എന്നര്‍ത്ഥം.

നിരാശനായ സ്വാമി സംശയം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വാ: ഇമ്പോര്‍ട്ട് ലൈസന്‍സ് എന്ന് പറഞ്ഞല്ലോ. അതെന്തിന്?
മാ: സ്കാന്‍ ചെയ്യണം. മെഷീന്‍ പണിമുടക്കിലാണ്.പുതിയവനെ ജര്‍മ്മനിയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാരിന്റെ ഇമ്പോര്‍ട്ട് ലൈസന്‍സില്‍ കൂറ കാഷ്ഠിച്ച് സ്റ്റാമ്പ് വ്യക്തമല്ലാതായി. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളുടെ കൂടെ അതിപ്പോള്‍ സെക്രട്ടേറിയറ്റില്‍ വെച്ചിരിക്കുന്നു.
സ്വാ: സര്‍ക്കാരല്ലേ ലൈസന്‍സൊക്കെ കൊടുക്കുന്നത്? പിന്നെന്തിനാ സര്‍ക്കാരിന് സ്വന്തം പേരില്‍ ലൈസന്‍സ്?
മാ: സര്‍ക്കാര്‍ കള്ളപ്പേരില്‍ മറ്റൊരു കമ്പനിയുടെ മേയ്ക്കപ്പിട്ടാണ് പരിപാടിയൊപ്പിക്കുന്നത്.
സ്വാ: അതെന്തിന്?
മാ: ടാക്സ് ലാഭിയ്ക്കാന്‍
സ്വാ: ആരാണ് ഈ കമ്പനി തുടങ്ങി രാജ്യത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കുന്നത്?
മാ: നമ്മുടെ ജനകീയന്മാര്‍ തന്നെ. മറ്റാര്?
സ്വാ: വാസ്തവം. ഞാനത്രയ്ക്ക് ചിന്തിച്ചില്ല.
മാ: തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപ്പിക്കല്‍ പൊതുജനമല്ലേ താന്‍?
കമ്പൌണ്ടര്‍ മാത്തുക്കുട്ടി ചിരിയടക്കാന്‍ പാട് പെട്ടു.

സ്വാമിയ്ക്ക് കലി വന്നു.
സ്വാ: നീ ആരോടാ സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ സ്വാമിയാണ്, സ്വാമി. സന്നിധാനത്തെ സ്വാമി.
മാ: താന്‍ ഹിമാലയത്തിലെ സ്വാമിയായാലും ശരി അലമ്പുണ്ടാക്കിയാല്‍ വിവരമറിയും.
സ്വാ: നിന്നെ ഞാന്‍.. ശപിച്ച്...
മാ: ഒരു മിനിറ്റ്. എനിക്ക് ആള് മാറിയതാണ്. ക്ഷമിയ്ക്കണം.
സ്വാ: അങ്ങനെ വഴിക്ക് വാ
മാ: അങ്ങ് ദേവസ്വത്തിന്റെ ആളാണെന്ന് അറിഞ്ഞില്ല.
സ്വാ: ഉം..
മാ: സ്വാമീ അങ്ങ് വര്‍ക്കിച്ചനെ അറിയുമോ?
സ്വാ: ഏത് വര്‍ക്കിച്ചന്‍?
മാ: ദേവസ്വം മന്ത്രി വര്‍ക്കിച്ചന്‍ എന്റെ അമ്മായിയപ്പനാണ്. മറ്റന്നാള്‍ ദേവസ്വം ബില്ല് അവതരിപ്പിയ്ക്കും മന്ത്രിസഭയില്‍. അതിനിടയില്‍ ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വണ്‍ മിസ്റ്റര്‍ ഏ.മണി അഥവാ സ്വാമി ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്നിറങ്ങി നടന്ന് കൃത്യ വിലോപം നടത്തി എന്ന് ഒരു പരാതി അങ്ങേര്‍ക്ക് കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നറിയാമോ? സന്നിധാനത്തെ തേങ്ങയും കര്‍പ്പൂരവും മറിച്ച് വിറ്റു എന്നും കൂടിയായാല്‍?
സ്വാ: മാത്തുക്കുട്ടിച്ചായന്‍ ചതിക്കരുത്. പണി കളയരുത്. പെന്‍ഷന്‍ പറ്റാന്‍ ഇനി അധികകാലമില്ല എനിക്ക്.
മാ: എന്നാല്‍ ഓട് തിരിഞ്ഞോട് സന്നിധാനത്തേയ്ക്ക്.

തിരിഞ്ഞ് നോക്കാതെയോടിയ സ്വാമി വഴി തെറ്റി കാട്ടില്‍ കയറി. ഡിന്നര്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഒരു കടുവ ഡിസേര്‍ട്ടിന് സ്വാമിയെ പിടിച്ച് തിന്നു.

പിറ്റേന്ന് പത്ര വാര്‍ത്ത:
1)ദേവസ്വം വകുപ്പില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ഒഴിവിലേക്ക് അടിയന്തിരമായി നടത്തിയ പരീക്ഷയ്ക്കിടയില്‍ തിക്കും തിരക്കും: പോലീസ് ആകാശത്തേയ്ക്ക് വെടി വെച്ചു.
2) സന്നിധാനത്തിനടുത്തുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കടുവയുടെ മരണ കാരണം തമിഴ് ദിനപത്രത്തിലൂടെ പ്രശസ്തനായ മൃഗ ഡോക്ടര്‍ ഗോണ്‍സാല്‍വസ് ഗോള്‍വാള്‍ക്കര്‍ സ്ഥിരീകരിച്ചു. മരണ കാരണം കൊളസ്ട്രോള്‍!