Sunday, December 03, 2006

ബുദ്ധിജീവി- ഫാഗം നമ്പ്ര രണ്ട്

പ്രിന്‍സിപ്പാളിന്റെ കൈയ്യിലെ വെള്ളക്കടലാസ് എന്നെ നോക്കി ‘ങ്യാഹഹാ’ എന്ന് മണിച്ചിരി ചിരിച്ചു. ഒരു ചോദ്യചിഹ്നം എന്റെ കണ്ണുകളില്‍ കണ്ട പ്രിന്‍സി വിശദീകരിച്ചു. കിളിയെ കണ്ട് കാര്യം വിശദീകരിക്കാന്‍ പോകുന്ന ഞങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കണം പോലും. ജാമ്യം ഞങ്ങള്‍ക്കല്ല. പുള്ളിക്കാരന് പോലീസും അലമ്പുമൊന്നും കോളേജിന്റെ ഉള്ളില്‍ വരുന്നത് തീരെ ഇഷടമല്ലത്രേ. അരസികന്‍! ആയതിനാല്‍ ഈ മംഗളകര്‍മ്മത്തിന്റെ പരികര്‍മ്മി ഞാനാണെന്നും പുഷ്പവൃഷ്ടിയോ മറ്റോ ഉണ്ടായാല്‍ അനുഗ്രഹവര്‍ഷം ഈയുള്ളവന്‍ ഏറ്റെടുത്തോളാം എന്നും താളിയോല വേണം പോലും. സംഭാഷണം മാത്രമാണ് ലക്ഷ്യമെന്നൊന്നും പറഞ്ഞിട്ട് പുള്ളിയ്ക്ക് ഒരു കുലുക്കവുമില്ല. നോര്‍വീജിയന്‍ മദ്ധ്യസ്ഥരെ കണ്ട തമിഴ്പുലികളെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.

ഇവന്റെ ഒപ്പ് മനോഹരമാണ് ബിനോയ് ഒപ്പിടും എന്ന് എനിയ്ക്ക് പറയാന്‍ ഗ്യാപ്പ് കിട്ടുന്നതിന് മുമ്പ് അവന്‍ പേനയും പേപ്പറും എന്റെ മുന്നിലേയ്ക്ക് നീക്കി വെച്ചു. തിരിച്ച് അത് അവന്റെ മുന്നിലേയ്ക്ക് തന്നെ ഇട്ട് കൊടുത്ത് അവന്റെ ചെപ്പയ്ക്കൊന്ന് പൂശ്യാലോ എന്ന് ഉള്ളില്‍ നിന്ന് വിളി വന്നെങ്കിലും പ്രിന്‍സിയുടെ ലോല ഹൃദയം മുറിപ്പെട്ടാലോ, എന്റെ ഇമേജ് പോയാലോ എന്നൊക്കെയുള്ള പ്രശ്നങ്ങളാല്‍ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്തു. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. മാര്യേജ് രെജിസ്റ്ററില്‍ ഒപ്പിട്ട വധൂവരന്മാരെ എന്ന പോലെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ ആശീര്‍വദിച്ച് ഓഫീസില്‍ നിന്ന് പുറത്താക്കി ആ മണിയറയുടെ വാതിലടച്ചു.

ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്താതെയല്ല ഒപ്പിട്ടത്. സമയം ഉച്ചയ്ക്ക് 2.30. കോട്ടയ്ക്കല്‍-ചെമ്മാട് ട്രിപ്പാവണം ഇപ്പോള്‍. അറ്റകൈയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയാലും അത് കോട്ടക്കല്‍ സ്റ്റേഷനല്ല ചെമ്മാട് സ്റ്റേഷനാവും. അടിപിടിയില്ലാതെ കാര്യം കഴിയ്ക്കണം. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഞാന്‍ ബിനോയിയെ ഒന്ന് പൂശാന്‍ മന‍സ്സില്‍ കണ്ടത് മറന്നു. ഞങ്ങള്‍ ബസ്റ്റോപ്പിലെത്തി. ഞാന്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് ബസ് വരുന്നതിലും ബിനോയ് അപ്പുറത്തെ അറബിക് കോളേജിലെ രണ്ടാം നിലയില്‍ തുറന്ന ജനാലയിലൂടെ കാണുന്ന പെണ്‍കുട്ടികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നു.

നിമിഷങ്ങള്‍ 20:20 ക്രിക്കറ്റിലെ അവസാന ഓവറിലില്‍ എന്ന പോലെ സ്ലോ മോഷനില്‍ നീങ്ങി. ഈ വിധിവൈപരീത്യം എന്ന് പറയുന്നത് മലയാളം ഭാഷയിലെ അര്‍ത്ഥമില്ലാതെ വെറുതെ വലിച്ചു നീട്ടിയ ബബിള്‍ഗം പോലെ കിടക്കുന്ന ഒരു വാക്കല്ല എന്നും അത് ഉള്ള ഒരു സാധനമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഫസ്റ്റ് ഓഫ് ആള്‍ അന്ന് 2.30ന് പി.ടി.ബി ചെമ്മാട്-കോട്ടക്കല്‍ ട്രിപ്പായിരുന്നു. ചെമ്മാട് ദിശയിലേയ്ക്ക് കണ്ണിമചിമ്മാതെ നോക്കിയിരിക്കുകയായിരുന്ന ബിനോയിയെക്കാളും നേരത്തെ ഞാനാണ് ആ കാഴ്ച കണ്ടത് അല്ല കേട്ടത്. ഓട്ടോറിക്ഷകള്‍ പേറ്റന്റ് ചെയ്തിട്ടുള്ള ‘കിലുക്ക’ത്തിന്റെ അത്ര വരില്ലെങ്കിലും മോശമില്ലാത്ത തരത്തില്‍ തട്ട്പൊളിപ്പന്‍ ഹിന്ദിപ്പാട്ടിന്റെ ‘ഛില്‍,ഛില്‍’ എന്നുള്ള മുട്ട്. കേള്‍വിക്ക് കുറവുണ്ടോ എന്ന സംശയത്താല്‍ ഡോക്ടറെ കാണാന്‍ കോട്ടക്കലേയ്ക്കും ചെമ്മാട്ടേയ്ക്കും പോയിരുന്ന പലര്‍ക്കും കേള്‍വിക്ക് തല്‍ക്കാലം തകരാറൊന്നുമില്ലെന്നും പത്ത് മിനിറ്റ് കൂടി ഇതിലിരുന്നാല്‍ ചിലപ്പോള്‍ തകരാറ് വരുമെന്നും തോന്നി പകുതി വഴിയില്‍ തന്നെ ഇറങ്ങി ബസ്സ് കാശും ഡോക്ടര്‍ ഫീസും ലാഭിച്ച് കൊടുത്ത് പ്രശസ്തി നേടിയ പി.ടി.ബി വരുന്നത് വളവ് തിരിയുന്നതിന് മുമ്പേ ഞാന്‍ അറിഞ്ഞു.

ദൈവത്തിനെ കുറ്റപ്പെടുത്താനും അങ്ങേര്‍ക്കെന്നോട് ഇത്ര വിരോധം തോന്നാന്‍ ഞാന്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് കിറ്റുമായി പുള്ളിയുടെ വീട്ടിലൊന്നും ചെന്നില്ലല്ലോ എന്നാലോചിച്ച് തലപുണ്ണാക്കാനൊന്നും സമയം കിട്ടിയില്ല. ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ നാളെ സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്സ് ശ്രീലങ്കയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിരുന്ന് ബ്രേക്ക്ഫാസ്റ്റിന് ബണ്ണിന്റെ പാക്കറ്റ് ഓപ്പണ്‍ ചെയ്യുകയാവും. ക്രിക്കറ്റ് കളിയുള്ള ദിവസം അഛനെ സ്റ്റേഷനില്‍ വരാനും ജാമ്യമെടുക്കാനുമൊക്കെ നിര്‍ബന്ധിയ്ക്കുന്നത് മറ്റൊരു ക്രിക്കറ്റ് ഫാന്‍ എന്ന നിലയില്‍ എനിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് കൊണ്ട് ഞാന്‍ ബിനോയോട് ബസ് തടുക്കാനും എന്ത് വന്നാലും മുന്നില്‍ നിന്ന് മാറാതെ വണ്ടി പോകാതെ നോക്കണം എന്നും പറഞ്ഞു. ഞാന്‍ ഉള്ളില്‍ കേറി കിളിയെ കാണുന്നു, ‘ഡീല്‍’ ചെയ്യുന്നു. ആ റോള്‍ അവന്‍ ചെയ്യാന്‍ മോഹിച്ചിരുന്നു എങ്കിലും റിസ്ക് കാല്‍ക്കുലേറ്റ് ചെയ്യുന്നതില്‍ എന്നേക്കാള്‍ മെച്ചമായതിനാലാവണം, സമ്മതിച്ചു.

ബസ് വളവ് തിരിഞ്ഞതും മറ്റൊരു അത്യാഹിതം സംഭവിച്ചു. ഞങ്ങളുടെ കോളേജിന്റെ നേരെ എതിര്‍വശത്ത് ഒരു ‘പാര’ലല്‍ കോളേജ് ഉണ്ട്. ഞങ്ങളുടെ കോളേജിന്റെ അതേ പേരാണ് ഇതിന് അതേ ബസ്സ്റ്റോപ്പും. അവിടെ പഠിയ്ക്കുന്നവരും നാട്ടുകാര്‍ ചോദിച്ചാല്‍ തിരൂരങ്ങാടി കോളേജിലാ എന്നേ പറയൂ എന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ സേം സ്റ്റാറ്റസ്. ഞങ്ങളുടെ കോളേജിലേക്കാള്‍ നല്ല പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നിട്ടും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കുന്ന ഞങ്ങളുടെ കഞ്ഞിയില്‍ പല സൈസിലും ഷേപ്പിലുമുള്ള പാറ്റകളെ ഇടാന്‍ ഇവന്മാര്‍ക്ക് സ്പെഷ്യല്‍ ടാലന്റായിരുന്നു. ലവന്മാരെങ്ങാന്‍ ഈ ക്യാമ്പസിലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ എന്ന് പലപ്പോഴും തോന്നിപ്പിയ്ക്കുന്ന തരത്തില്‍ ഗ്ലാമറുള്ളവരും. ഇതിനെ ഞങ്ങള്‍ നേരിട്ടിരുന്നത് പലപ്പോഴും ക്രൂരം എന്ന് പറയാവുന്ന തരത്തില്‍ അവന്മാരുടെ ബസ് പാസ് പാരലല്‍ ആണെന്ന് ബസില്‍ വെച്ച് പരസ്യമായി കണ്ടക്ടറോട് പറഞ്ഞും‍ റോട്ടിലിട്ട് അവരെ പൂശി ‘പോലീസ്കേറാമല‘യായ ക്യാമ്പസ്സിലേയ്ക്ക് ഉള്‍വലിഞ്ഞുമാണ്. അത് കൊണ്ട് അനാരോഗ്യപരമായ ഒരു കോമ്പറ്റീഷന്‍ അവിടെ നിലനിന്നിരുന്നു.

അന്ന് ഇടിവെട്ടി നില്‍ക്കുന്ന എന്റെ തലയില്‍ നല്ല വലിപ്പമുള്ള ശ്രീലങ്കന്‍ തേങ്ങ എന്ന പോലെ ഈ പാരലല്‍ കോളേജും വിട്ടു എന്ന തിരിച്ചറിവ് ഠേ എന്ന് വന്ന് വീണു. കോളേജിന് മുമ്പില്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്ന ബസ്സിനെ ബിനോയ് മുന്നില്‍ ചാടി തടുത്തു. എന്തൊക്കെ പറഞ്ഞാലും അന്തംവിട്ട കളികള്‍ക്ക് അവനൊരു പുലി തന്നെയായിരുന്നു. ആ ബസ്സെങ്ങാനും ബ്രേക്കിട്ടിരുന്നില്ലെങ്കില്‍.. ഞാന്‍ ബസ്സില്‍ വലിഞ്ഞു കയറി. ഈ സെറ്റപ്പെല്ലാം കണ്ട ‘പാര’ലല്‍ അണ്ണന്മാര്‍ക്ക് സംഭവം പെട്ടെന്ന് കത്തി. സ്വന്തമായി ബസ് തടുക്കാന്‍ പല ലീഗല്‍ കോമ്പ്ലിക്കേഷന്‍സുമുള്ള അവര്‍ ഈ അവസരം കണ്ട് ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആക്രാന്തചിത്തരായി.

രണ്ടേ രണ്ട് പയ്യന്മാര്‍ മാത്രം ബസ് തടുത്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും നമ്മളും വിദ്യാര്ത്ഥികളല്ലേ സഹായിക്കണ്ട കടമ ഞങ്ങള്‍ക്കില്ലേ എന്നൊക്കെ മനസ്സില്‍ കരുതിയിട്ടാവും പത്ത് പതിനഞ്ച് തടിമാടന്മാര്‍ ആ സൈഡില് ‍നിന്നും റോഡ് ക്രോസ് ചെയ്ത് ഓടി വന്ന് എന്റെ പിന്നാലെ ബസ്സില്‍ വലിഞ്ഞ് കയറി. ബസ്സില്‍ പൂരത്തെരക്ക്. ഞാന്‍ അന്തംവിട്ടിരിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ തിരക്കിച്ചെന്ന് കിളിയെ കോളറില്‍ പിടിച്ച് പൊക്കി. വേണ്ടഡാ എന്നൊക്കെ യാത്രക്കാര്‍ പറയുന്നുണ്ടായിരുന്നു. ഇന്നലെ നിങ്ങള്‍ക്കീ ശബ്ദമുണ്ടായിരുന്നില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞതല്ലാതെ ഞാന്‍ ഉറക്കെ പറഞ്ഞില്ല.

കിളിയെ രണ്ട് ഉന്തുന്തി പെടയ്ക്കാന്‍ കൈയ്യോങ്ങിയപ്പോഴാണ് ഇന്നലത്തെ കിളി മുങ്ങി പകരം പുതിയ ആള്‍ വന്നത് മനസ്സിലാക്കിയത്. അപ്പോഴേയ്ക്ക് പാരലല്‍ സംഘം സ്റ്റേജ് കയ്യേറിയിരുന്നു. എനിയ്ക്കെന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിന് മുമ്പ് “കോളേജ് പിള്ളേരോടാ നിന്റെ കളി അല്ലേഡാ“ എന്ന് പറഞ്ഞ് ഒരു തടിമാടന്‍ കിളിയെ മുഖമടച്ച് ഒരടിയങ്ങോട്ട് കൊടുത്തു. ആ അടിയുടെ വൈബ്രേഷന്‍ കെട്ടടങ്ങും മുമ്പ് കിളിയും അവരും തമ്മില്‍ പൊരിഞ്ഞ അടിയായി. ആവശ്യമില്ലാത്ത കാര്യത്തില്‍ ഞാന്‍ പണ്ടും ഇടപെടാറില്ലായിരുന്നു. ഞാന്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി ബസ്സിന്റെ മുന്നിലെ ബിനോയിയോട് കാര്യം പറഞ്ഞു.

അപ്പോഴേയ്ക്കും സാമാന്യം നല്ല അടി നടക്കുകയും കിളിയുടെ ചുണ്ടും മൂക്കുമൊക്കെ പൊട്ടുകയും ചെയ്തിരുന്നു. ചോര വന്നാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വണ്ടി എടുക്കുകയെന്നതാണ് അടുത്ത പടി. പാരലല്‍ പയ്യന്മാര്‍ ജോളിയായി കോട്ടക്കല്‍ സ്റ്റേഷന് ഒക്കെ കണ്ടിട്ട് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വണ്ടിയുടെ മുന്നില്‍ നിന്ന് മാറി. ബസ് പോയ സമയം വീണ്ടെടുക്കാനും പോലീസില്‍ കമ്പ്ലൈന്റ് ചെയ്യാനുമായി കുതിച്ചു. ഉള്ളിലപ്പോഴും അടി തന്നെ. ഉള്ളിലുള്ള സഖാക്കള്‍ക്ക് അഭിവാദ്യമായി ഏതോ ഒരുത്തന്‍ ബസ്സിന്റെ പിന്നിലെ ചില്ലും എറിഞ്ഞു തകര്‍ത്തു. ആകെ ജഗപൊഗ. തിരിച്ച് ക്യാമ്പസ്സിലെത്തിയ ഞങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പ്. ബിനോയ് ഒറ്റയ്ക്ക് ബസ് തടുത്തു എന്നും പത്താളുടെ ഇടിയാണ് ഞാന്‍ ഇടിച്ചത് എന്നൊക്കെ പാണന്മാര്‍ പാടാന്‍ തുടങ്ങിയിരിക്കുന്നു.

ക്ലാസ്സില്‍ ചെന്നിരുന്ന് ബാലന്‍സ്ഷീറ്റില്‍ തല പൂഴ്ത്തിയപ്പോഴും മനസ്സില്‍ ടെന്‍ഷനായിരുന്നു. ചില്ല് പൊട്ടിയത് ബസ്സുകാര്‍ വെറുതെ വിടില്ല. പ്രതീക്ഷിച്ച പോലെ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രിന്‍സി വിളിച്ചു. എന്നെ മാത്രം. ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു. കയ്യില്‍ ഞാന്‍ എഴുതി നല്‍കിയ എന്റെ ആത്മഹത്യാ കുറിപ്പ്. ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്ന പ്രിന്‍സി എന്നെ വളരെ ഗൌരവത്തോടെ നോക്കിയിട്ട് കോട്ടക്കല്‍ പോലീസ് വിളിച്ചിരുന്നു എന്നും ബസ് തകര്‍ത്ത കേസില്‍ കോളേജിലെ ഒരു കുട്ടിയെ ബസ്സുകാര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഇപ്പോഴാണ് എന്റെ സകല ധൈര്യവും പോയത്. ബസ്സിലുണ്ടായിരുന്നു ഏതോ ഒരു പാവത്തിനെ പോലീസ് പൊക്കിയിരിക്കുന്നു അതും ഞാന്‍ ചെയ്ത കുറ്റത്തിന്. ഞങ്ങളുടെ കോളേജിലെ ആരും ബസില്‍ കയറുന്നത് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ ഡീസന്റാണല്ലോ. പ്രിന്‍സിപ്പാളിനോട് സംഭവം മുഴുവന്‍ പറഞ്ഞു. ഞാന്‍ മാത്രമാണ് സംഭവത്തിനുത്തരവാദി പോലീസ് സ്റ്റേഷനില്‍ ഉള്ള പയ്യനെ വിടണം പകരം ഞാന്‍ പോകാം എന്ന് പറഞ്ഞു. തലേന്നത്തെ മഞ്ഞുവീഴ്ച കാരണമാവണം എന്റെ ശബ്ദമിടറിയിരുന്നു. ഒന്നുകില്‍ എന്റെ ഡീസന്‍സി കണ്ട് ഇങ്ങേരെന്നെ പോലീസിലേല്‍പ്പിയ്ക്കും അല്ലെങ്കില്‍ പോലീസിനെ ഒഴിവാക്കി പത്ത് പതിനഞ്ച് ദിവസത്തേയ്ക്ക് സസ്പെന്റ് ചെയ്യും. സസ്പെന്‍ഷനാണെങ്കില്‍ ക്രിക്കറ്റ് പരമ്പര മുഴുവന്‍ കാണാം എന്നിങ്ങനെ എന്റെ മനസ്സ് മുത്തങ്ങാവനം കയ്യേറ്റം ചെയ്യുന്നുണ്ടായിരുന്നു. ഫാസിലിന്റെ മകന്‍ അഭിനയിക്കുന്നത് പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രിന്‍സി എല്ലാം കേട്ടു.

നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ. ഞാന്‍ നല്ല പയ്യനാണ് എന്നും അല്‍പ്പം ആവേശം കൂടുതലാണ് എന്ന് മാത്രമേയുള്ളൂ എന്നും ഈ കുപ്പായമൊക്കെ മാറ്റി മര്യാദയ്ക്ക് നടന്നൂടെ എന്നും ഒക്കെ ചോദിച്ച് അദ്ദേഹം എന്നെ മാനസികമായി പീഡിപ്പിച്ചു. ഞാന്‍ സത്യം പറഞ്ഞതിലും ഒരു നിരപരാധിയെ രക്ഷിയ്ക്കാന്‍ തയ്യാറായതിലും പ്രസാദിച്ച് അദ്ദേഹം എന്റെ ആത്മഹത്യാ കുറിപ്പ് കീറി ചവറ്റ്കുട്ടയിലിട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് പൊട്ടിയ ചില്ലിന്റെ ആയിരത്തിച്ചില്ലാനം രൂപ കുട്ടികള്‍ തരുമെന്നും കേസാക്കരുത് എന്നും പറഞ്ഞു. ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ.

ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പുറത്തിറങ്ങി. പണം വീട്ടിലറിയിക്കാതെ സംഘടിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ക്യാമ്പസ്സില്‍ നിന്ന് 2 കോടി പിരിക്കണമെന്ന് പറഞ്ഞാലും നാവിന്റെ ബലത്തില്‍ സംഘടിപ്പിയ്ക്കുന്ന ബിനോയ്ക്ക് 1000 രൂപ ഒരു വിഷയമല്ലാ‍യിരുന്നു. കോളേജിനെ അപമാനിയ്ക്കാന്‍ ശ്രമിച്ച ബസ്സുകാരെ വിരട്ടിയ വീരഗാഥ പാടി അവന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വെച്ച് പിരിച്ച് പണമടച്ചു. ഈ ആയിരം രൂപ ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഒരു നഷ്ടമാ‍യില്ല എന്ന് മാത്രമല്ല ഒരു ഇന്‍വെ‍സ്റ്റ്മെന്റാവുകയും ചെയ്തു. പോലീസ് പൊക്കിയ ഞങ്ങളുടെ സഹപാഠി എന്ന് പറഞ്ഞവന്‍ കിളിയെ ആദ്യം പൂശിയ ‘പാര’ലല്‍ തടിമാടനായിരുന്നു. ഇതറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ ഭീകരമായ നിരാശ അവന്‍ വന്ന് മാപ്പ് പറഞ്ഞതോടെ അപ്രത്യക്ഷമായി.

അന്ന് മുതല്‍ക്ക് ഞങ്ങള്‍ക്ക് ‘പാര’ക്കാരുടെ ശല്ല്യമുണ്ടായിരുന്നില്ല. ഇതിന് കാരണം ഞങ്ങളുടെ കോളേജിലാണ് പഠിയ്ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതിന് കോട്ടക്കല്‍ സ്റ്റേഷനില്‍ നിന്ന് കിട്ടിയ പെട തടിമാടന്‍ വര്‍ണ്ണിച്ചതാണെന്നും കേള്‍ക്കുന്നു. പാവം സാധാരണത്തെ പോലെ കോളേജിന്റെ പേര് മാത്രം പറഞ്ഞുകാണും. അതൊടെ ലവന്മാര്‍ ‘പേര്‍മാറാട്ടം‘ നടത്തലും അന്നത്തോടെ നിന്നു. ഒരാഴ്ച കഴിഞ്ഞു. എല്ലാം നോര്‍മലായി. മുങ്ങിയ കിളി പൊങ്ങി എന്ന് മാത്രമല്ല കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് ഓരോ ഗ്ലാസ് അവില്‍മില്‍ക്കിനെ സാക്ഷിയാക്കി ഞാനും ചൊക്ലിയും കിളിയും സകലതും കോമ്പ്ലിമെന്‍സാക്കി. അവില്‍മില്‍ക്ക് കിളിയുടെ വക! പുതിയതായി വന്നു ചേര്‍ന്ന ഇമേജിന് തീരെ ചേരാത്തത് കൊണ്ടും എനിയ്ക്ക് തന്നെ മടുപ്പ് വന്ന് തുടങ്ങിയത് കൊണ്ടും ജൂബ്ബ, മുണ്ട്, തോള്‍സഞ്ചി എന്നിവയ്ക്കൊപ്പം എന്റെ ബുദ്ധിജീവി ഇമേജും ഞാന്‍ വലിച്ചെറിഞ്ഞു. ടീഷര്‍ട്ട്, മുട്ട് കീറിയ ജീന്‍സ്, ചെമ്പന്‍ മുടി, ഇടിവള, കാതില്‍ ഒറ്റക്കടുക്കന്‍ എന്നിവയുടെ സഹായത്തോടെ ഇമേജ് മേക്കോവര്‍ നടത്തി ഞാന്‍ അന്ന് മുതല്‍ ആര്‍മ്മാദം ഫുള്‍ ത്രോട്ടിലിലാക്കി. അങ്ങനെ ഞാന്‍ ബുദ്ധിജീവി അല്ലാതായി.