Sunday, December 03, 2006

ബുദ്ധിജീവി- ഫാഗം നമ്പ്ര രണ്ട്

പ്രിന്‍സിപ്പാളിന്റെ കൈയ്യിലെ വെള്ളക്കടലാസ് എന്നെ നോക്കി ‘ങ്യാഹഹാ’ എന്ന് മണിച്ചിരി ചിരിച്ചു. ഒരു ചോദ്യചിഹ്നം എന്റെ കണ്ണുകളില്‍ കണ്ട പ്രിന്‍സി വിശദീകരിച്ചു. കിളിയെ കണ്ട് കാര്യം വിശദീകരിക്കാന്‍ പോകുന്ന ഞങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കണം പോലും. ജാമ്യം ഞങ്ങള്‍ക്കല്ല. പുള്ളിക്കാരന് പോലീസും അലമ്പുമൊന്നും കോളേജിന്റെ ഉള്ളില്‍ വരുന്നത് തീരെ ഇഷടമല്ലത്രേ. അരസികന്‍! ആയതിനാല്‍ ഈ മംഗളകര്‍മ്മത്തിന്റെ പരികര്‍മ്മി ഞാനാണെന്നും പുഷ്പവൃഷ്ടിയോ മറ്റോ ഉണ്ടായാല്‍ അനുഗ്രഹവര്‍ഷം ഈയുള്ളവന്‍ ഏറ്റെടുത്തോളാം എന്നും താളിയോല വേണം പോലും. സംഭാഷണം മാത്രമാണ് ലക്ഷ്യമെന്നൊന്നും പറഞ്ഞിട്ട് പുള്ളിയ്ക്ക് ഒരു കുലുക്കവുമില്ല. നോര്‍വീജിയന്‍ മദ്ധ്യസ്ഥരെ കണ്ട തമിഴ്പുലികളെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.

ഇവന്റെ ഒപ്പ് മനോഹരമാണ് ബിനോയ് ഒപ്പിടും എന്ന് എനിയ്ക്ക് പറയാന്‍ ഗ്യാപ്പ് കിട്ടുന്നതിന് മുമ്പ് അവന്‍ പേനയും പേപ്പറും എന്റെ മുന്നിലേയ്ക്ക് നീക്കി വെച്ചു. തിരിച്ച് അത് അവന്റെ മുന്നിലേയ്ക്ക് തന്നെ ഇട്ട് കൊടുത്ത് അവന്റെ ചെപ്പയ്ക്കൊന്ന് പൂശ്യാലോ എന്ന് ഉള്ളില്‍ നിന്ന് വിളി വന്നെങ്കിലും പ്രിന്‍സിയുടെ ലോല ഹൃദയം മുറിപ്പെട്ടാലോ, എന്റെ ഇമേജ് പോയാലോ എന്നൊക്കെയുള്ള പ്രശ്നങ്ങളാല്‍ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്തു. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. മാര്യേജ് രെജിസ്റ്ററില്‍ ഒപ്പിട്ട വധൂവരന്മാരെ എന്ന പോലെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ ആശീര്‍വദിച്ച് ഓഫീസില്‍ നിന്ന് പുറത്താക്കി ആ മണിയറയുടെ വാതിലടച്ചു.

ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്താതെയല്ല ഒപ്പിട്ടത്. സമയം ഉച്ചയ്ക്ക് 2.30. കോട്ടയ്ക്കല്‍-ചെമ്മാട് ട്രിപ്പാവണം ഇപ്പോള്‍. അറ്റകൈയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയാലും അത് കോട്ടക്കല്‍ സ്റ്റേഷനല്ല ചെമ്മാട് സ്റ്റേഷനാവും. അടിപിടിയില്ലാതെ കാര്യം കഴിയ്ക്കണം. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഞാന്‍ ബിനോയിയെ ഒന്ന് പൂശാന്‍ മന‍സ്സില്‍ കണ്ടത് മറന്നു. ഞങ്ങള്‍ ബസ്റ്റോപ്പിലെത്തി. ഞാന്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് ബസ് വരുന്നതിലും ബിനോയ് അപ്പുറത്തെ അറബിക് കോളേജിലെ രണ്ടാം നിലയില്‍ തുറന്ന ജനാലയിലൂടെ കാണുന്ന പെണ്‍കുട്ടികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നു.

നിമിഷങ്ങള്‍ 20:20 ക്രിക്കറ്റിലെ അവസാന ഓവറിലില്‍ എന്ന പോലെ സ്ലോ മോഷനില്‍ നീങ്ങി. ഈ വിധിവൈപരീത്യം എന്ന് പറയുന്നത് മലയാളം ഭാഷയിലെ അര്‍ത്ഥമില്ലാതെ വെറുതെ വലിച്ചു നീട്ടിയ ബബിള്‍ഗം പോലെ കിടക്കുന്ന ഒരു വാക്കല്ല എന്നും അത് ഉള്ള ഒരു സാധനമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഫസ്റ്റ് ഓഫ് ആള്‍ അന്ന് 2.30ന് പി.ടി.ബി ചെമ്മാട്-കോട്ടക്കല്‍ ട്രിപ്പായിരുന്നു. ചെമ്മാട് ദിശയിലേയ്ക്ക് കണ്ണിമചിമ്മാതെ നോക്കിയിരിക്കുകയായിരുന്ന ബിനോയിയെക്കാളും നേരത്തെ ഞാനാണ് ആ കാഴ്ച കണ്ടത് അല്ല കേട്ടത്. ഓട്ടോറിക്ഷകള്‍ പേറ്റന്റ് ചെയ്തിട്ടുള്ള ‘കിലുക്ക’ത്തിന്റെ അത്ര വരില്ലെങ്കിലും മോശമില്ലാത്ത തരത്തില്‍ തട്ട്പൊളിപ്പന്‍ ഹിന്ദിപ്പാട്ടിന്റെ ‘ഛില്‍,ഛില്‍’ എന്നുള്ള മുട്ട്. കേള്‍വിക്ക് കുറവുണ്ടോ എന്ന സംശയത്താല്‍ ഡോക്ടറെ കാണാന്‍ കോട്ടക്കലേയ്ക്കും ചെമ്മാട്ടേയ്ക്കും പോയിരുന്ന പലര്‍ക്കും കേള്‍വിക്ക് തല്‍ക്കാലം തകരാറൊന്നുമില്ലെന്നും പത്ത് മിനിറ്റ് കൂടി ഇതിലിരുന്നാല്‍ ചിലപ്പോള്‍ തകരാറ് വരുമെന്നും തോന്നി പകുതി വഴിയില്‍ തന്നെ ഇറങ്ങി ബസ്സ് കാശും ഡോക്ടര്‍ ഫീസും ലാഭിച്ച് കൊടുത്ത് പ്രശസ്തി നേടിയ പി.ടി.ബി വരുന്നത് വളവ് തിരിയുന്നതിന് മുമ്പേ ഞാന്‍ അറിഞ്ഞു.

ദൈവത്തിനെ കുറ്റപ്പെടുത്താനും അങ്ങേര്‍ക്കെന്നോട് ഇത്ര വിരോധം തോന്നാന്‍ ഞാന്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് കിറ്റുമായി പുള്ളിയുടെ വീട്ടിലൊന്നും ചെന്നില്ലല്ലോ എന്നാലോചിച്ച് തലപുണ്ണാക്കാനൊന്നും സമയം കിട്ടിയില്ല. ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ നാളെ സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്സ് ശ്രീലങ്കയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിരുന്ന് ബ്രേക്ക്ഫാസ്റ്റിന് ബണ്ണിന്റെ പാക്കറ്റ് ഓപ്പണ്‍ ചെയ്യുകയാവും. ക്രിക്കറ്റ് കളിയുള്ള ദിവസം അഛനെ സ്റ്റേഷനില്‍ വരാനും ജാമ്യമെടുക്കാനുമൊക്കെ നിര്‍ബന്ധിയ്ക്കുന്നത് മറ്റൊരു ക്രിക്കറ്റ് ഫാന്‍ എന്ന നിലയില്‍ എനിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് കൊണ്ട് ഞാന്‍ ബിനോയോട് ബസ് തടുക്കാനും എന്ത് വന്നാലും മുന്നില്‍ നിന്ന് മാറാതെ വണ്ടി പോകാതെ നോക്കണം എന്നും പറഞ്ഞു. ഞാന്‍ ഉള്ളില്‍ കേറി കിളിയെ കാണുന്നു, ‘ഡീല്‍’ ചെയ്യുന്നു. ആ റോള്‍ അവന്‍ ചെയ്യാന്‍ മോഹിച്ചിരുന്നു എങ്കിലും റിസ്ക് കാല്‍ക്കുലേറ്റ് ചെയ്യുന്നതില്‍ എന്നേക്കാള്‍ മെച്ചമായതിനാലാവണം, സമ്മതിച്ചു.

ബസ് വളവ് തിരിഞ്ഞതും മറ്റൊരു അത്യാഹിതം സംഭവിച്ചു. ഞങ്ങളുടെ കോളേജിന്റെ നേരെ എതിര്‍വശത്ത് ഒരു ‘പാര’ലല്‍ കോളേജ് ഉണ്ട്. ഞങ്ങളുടെ കോളേജിന്റെ അതേ പേരാണ് ഇതിന് അതേ ബസ്സ്റ്റോപ്പും. അവിടെ പഠിയ്ക്കുന്നവരും നാട്ടുകാര്‍ ചോദിച്ചാല്‍ തിരൂരങ്ങാടി കോളേജിലാ എന്നേ പറയൂ എന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ സേം സ്റ്റാറ്റസ്. ഞങ്ങളുടെ കോളേജിലേക്കാള്‍ നല്ല പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നിട്ടും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കുന്ന ഞങ്ങളുടെ കഞ്ഞിയില്‍ പല സൈസിലും ഷേപ്പിലുമുള്ള പാറ്റകളെ ഇടാന്‍ ഇവന്മാര്‍ക്ക് സ്പെഷ്യല്‍ ടാലന്റായിരുന്നു. ലവന്മാരെങ്ങാന്‍ ഈ ക്യാമ്പസിലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ എന്ന് പലപ്പോഴും തോന്നിപ്പിയ്ക്കുന്ന തരത്തില്‍ ഗ്ലാമറുള്ളവരും. ഇതിനെ ഞങ്ങള്‍ നേരിട്ടിരുന്നത് പലപ്പോഴും ക്രൂരം എന്ന് പറയാവുന്ന തരത്തില്‍ അവന്മാരുടെ ബസ് പാസ് പാരലല്‍ ആണെന്ന് ബസില്‍ വെച്ച് പരസ്യമായി കണ്ടക്ടറോട് പറഞ്ഞും‍ റോട്ടിലിട്ട് അവരെ പൂശി ‘പോലീസ്കേറാമല‘യായ ക്യാമ്പസ്സിലേയ്ക്ക് ഉള്‍വലിഞ്ഞുമാണ്. അത് കൊണ്ട് അനാരോഗ്യപരമായ ഒരു കോമ്പറ്റീഷന്‍ അവിടെ നിലനിന്നിരുന്നു.

അന്ന് ഇടിവെട്ടി നില്‍ക്കുന്ന എന്റെ തലയില്‍ നല്ല വലിപ്പമുള്ള ശ്രീലങ്കന്‍ തേങ്ങ എന്ന പോലെ ഈ പാരലല്‍ കോളേജും വിട്ടു എന്ന തിരിച്ചറിവ് ഠേ എന്ന് വന്ന് വീണു. കോളേജിന് മുമ്പില്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്ന ബസ്സിനെ ബിനോയ് മുന്നില്‍ ചാടി തടുത്തു. എന്തൊക്കെ പറഞ്ഞാലും അന്തംവിട്ട കളികള്‍ക്ക് അവനൊരു പുലി തന്നെയായിരുന്നു. ആ ബസ്സെങ്ങാനും ബ്രേക്കിട്ടിരുന്നില്ലെങ്കില്‍.. ഞാന്‍ ബസ്സില്‍ വലിഞ്ഞു കയറി. ഈ സെറ്റപ്പെല്ലാം കണ്ട ‘പാര’ലല്‍ അണ്ണന്മാര്‍ക്ക് സംഭവം പെട്ടെന്ന് കത്തി. സ്വന്തമായി ബസ് തടുക്കാന്‍ പല ലീഗല്‍ കോമ്പ്ലിക്കേഷന്‍സുമുള്ള അവര്‍ ഈ അവസരം കണ്ട് ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആക്രാന്തചിത്തരായി.

രണ്ടേ രണ്ട് പയ്യന്മാര്‍ മാത്രം ബസ് തടുത്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും നമ്മളും വിദ്യാര്ത്ഥികളല്ലേ സഹായിക്കണ്ട കടമ ഞങ്ങള്‍ക്കില്ലേ എന്നൊക്കെ മനസ്സില്‍ കരുതിയിട്ടാവും പത്ത് പതിനഞ്ച് തടിമാടന്മാര്‍ ആ സൈഡില് ‍നിന്നും റോഡ് ക്രോസ് ചെയ്ത് ഓടി വന്ന് എന്റെ പിന്നാലെ ബസ്സില്‍ വലിഞ്ഞ് കയറി. ബസ്സില്‍ പൂരത്തെരക്ക്. ഞാന്‍ അന്തംവിട്ടിരിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ തിരക്കിച്ചെന്ന് കിളിയെ കോളറില്‍ പിടിച്ച് പൊക്കി. വേണ്ടഡാ എന്നൊക്കെ യാത്രക്കാര്‍ പറയുന്നുണ്ടായിരുന്നു. ഇന്നലെ നിങ്ങള്‍ക്കീ ശബ്ദമുണ്ടായിരുന്നില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞതല്ലാതെ ഞാന്‍ ഉറക്കെ പറഞ്ഞില്ല.

കിളിയെ രണ്ട് ഉന്തുന്തി പെടയ്ക്കാന്‍ കൈയ്യോങ്ങിയപ്പോഴാണ് ഇന്നലത്തെ കിളി മുങ്ങി പകരം പുതിയ ആള്‍ വന്നത് മനസ്സിലാക്കിയത്. അപ്പോഴേയ്ക്ക് പാരലല്‍ സംഘം സ്റ്റേജ് കയ്യേറിയിരുന്നു. എനിയ്ക്കെന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിന് മുമ്പ് “കോളേജ് പിള്ളേരോടാ നിന്റെ കളി അല്ലേഡാ“ എന്ന് പറഞ്ഞ് ഒരു തടിമാടന്‍ കിളിയെ മുഖമടച്ച് ഒരടിയങ്ങോട്ട് കൊടുത്തു. ആ അടിയുടെ വൈബ്രേഷന്‍ കെട്ടടങ്ങും മുമ്പ് കിളിയും അവരും തമ്മില്‍ പൊരിഞ്ഞ അടിയായി. ആവശ്യമില്ലാത്ത കാര്യത്തില്‍ ഞാന്‍ പണ്ടും ഇടപെടാറില്ലായിരുന്നു. ഞാന്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി ബസ്സിന്റെ മുന്നിലെ ബിനോയിയോട് കാര്യം പറഞ്ഞു.

അപ്പോഴേയ്ക്കും സാമാന്യം നല്ല അടി നടക്കുകയും കിളിയുടെ ചുണ്ടും മൂക്കുമൊക്കെ പൊട്ടുകയും ചെയ്തിരുന്നു. ചോര വന്നാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വണ്ടി എടുക്കുകയെന്നതാണ് അടുത്ത പടി. പാരലല്‍ പയ്യന്മാര്‍ ജോളിയായി കോട്ടക്കല്‍ സ്റ്റേഷന് ഒക്കെ കണ്ടിട്ട് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വണ്ടിയുടെ മുന്നില്‍ നിന്ന് മാറി. ബസ് പോയ സമയം വീണ്ടെടുക്കാനും പോലീസില്‍ കമ്പ്ലൈന്റ് ചെയ്യാനുമായി കുതിച്ചു. ഉള്ളിലപ്പോഴും അടി തന്നെ. ഉള്ളിലുള്ള സഖാക്കള്‍ക്ക് അഭിവാദ്യമായി ഏതോ ഒരുത്തന്‍ ബസ്സിന്റെ പിന്നിലെ ചില്ലും എറിഞ്ഞു തകര്‍ത്തു. ആകെ ജഗപൊഗ. തിരിച്ച് ക്യാമ്പസ്സിലെത്തിയ ഞങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പ്. ബിനോയ് ഒറ്റയ്ക്ക് ബസ് തടുത്തു എന്നും പത്താളുടെ ഇടിയാണ് ഞാന്‍ ഇടിച്ചത് എന്നൊക്കെ പാണന്മാര്‍ പാടാന്‍ തുടങ്ങിയിരിക്കുന്നു.

ക്ലാസ്സില്‍ ചെന്നിരുന്ന് ബാലന്‍സ്ഷീറ്റില്‍ തല പൂഴ്ത്തിയപ്പോഴും മനസ്സില്‍ ടെന്‍ഷനായിരുന്നു. ചില്ല് പൊട്ടിയത് ബസ്സുകാര്‍ വെറുതെ വിടില്ല. പ്രതീക്ഷിച്ച പോലെ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രിന്‍സി വിളിച്ചു. എന്നെ മാത്രം. ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു. കയ്യില്‍ ഞാന്‍ എഴുതി നല്‍കിയ എന്റെ ആത്മഹത്യാ കുറിപ്പ്. ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്ന പ്രിന്‍സി എന്നെ വളരെ ഗൌരവത്തോടെ നോക്കിയിട്ട് കോട്ടക്കല്‍ പോലീസ് വിളിച്ചിരുന്നു എന്നും ബസ് തകര്‍ത്ത കേസില്‍ കോളേജിലെ ഒരു കുട്ടിയെ ബസ്സുകാര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഇപ്പോഴാണ് എന്റെ സകല ധൈര്യവും പോയത്. ബസ്സിലുണ്ടായിരുന്നു ഏതോ ഒരു പാവത്തിനെ പോലീസ് പൊക്കിയിരിക്കുന്നു അതും ഞാന്‍ ചെയ്ത കുറ്റത്തിന്. ഞങ്ങളുടെ കോളേജിലെ ആരും ബസില്‍ കയറുന്നത് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ ഡീസന്റാണല്ലോ. പ്രിന്‍സിപ്പാളിനോട് സംഭവം മുഴുവന്‍ പറഞ്ഞു. ഞാന്‍ മാത്രമാണ് സംഭവത്തിനുത്തരവാദി പോലീസ് സ്റ്റേഷനില്‍ ഉള്ള പയ്യനെ വിടണം പകരം ഞാന്‍ പോകാം എന്ന് പറഞ്ഞു. തലേന്നത്തെ മഞ്ഞുവീഴ്ച കാരണമാവണം എന്റെ ശബ്ദമിടറിയിരുന്നു. ഒന്നുകില്‍ എന്റെ ഡീസന്‍സി കണ്ട് ഇങ്ങേരെന്നെ പോലീസിലേല്‍പ്പിയ്ക്കും അല്ലെങ്കില്‍ പോലീസിനെ ഒഴിവാക്കി പത്ത് പതിനഞ്ച് ദിവസത്തേയ്ക്ക് സസ്പെന്റ് ചെയ്യും. സസ്പെന്‍ഷനാണെങ്കില്‍ ക്രിക്കറ്റ് പരമ്പര മുഴുവന്‍ കാണാം എന്നിങ്ങനെ എന്റെ മനസ്സ് മുത്തങ്ങാവനം കയ്യേറ്റം ചെയ്യുന്നുണ്ടായിരുന്നു. ഫാസിലിന്റെ മകന്‍ അഭിനയിക്കുന്നത് പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രിന്‍സി എല്ലാം കേട്ടു.

നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ. ഞാന്‍ നല്ല പയ്യനാണ് എന്നും അല്‍പ്പം ആവേശം കൂടുതലാണ് എന്ന് മാത്രമേയുള്ളൂ എന്നും ഈ കുപ്പായമൊക്കെ മാറ്റി മര്യാദയ്ക്ക് നടന്നൂടെ എന്നും ഒക്കെ ചോദിച്ച് അദ്ദേഹം എന്നെ മാനസികമായി പീഡിപ്പിച്ചു. ഞാന്‍ സത്യം പറഞ്ഞതിലും ഒരു നിരപരാധിയെ രക്ഷിയ്ക്കാന്‍ തയ്യാറായതിലും പ്രസാദിച്ച് അദ്ദേഹം എന്റെ ആത്മഹത്യാ കുറിപ്പ് കീറി ചവറ്റ്കുട്ടയിലിട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് പൊട്ടിയ ചില്ലിന്റെ ആയിരത്തിച്ചില്ലാനം രൂപ കുട്ടികള്‍ തരുമെന്നും കേസാക്കരുത് എന്നും പറഞ്ഞു. ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ.

ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പുറത്തിറങ്ങി. പണം വീട്ടിലറിയിക്കാതെ സംഘടിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ക്യാമ്പസ്സില്‍ നിന്ന് 2 കോടി പിരിക്കണമെന്ന് പറഞ്ഞാലും നാവിന്റെ ബലത്തില്‍ സംഘടിപ്പിയ്ക്കുന്ന ബിനോയ്ക്ക് 1000 രൂപ ഒരു വിഷയമല്ലാ‍യിരുന്നു. കോളേജിനെ അപമാനിയ്ക്കാന്‍ ശ്രമിച്ച ബസ്സുകാരെ വിരട്ടിയ വീരഗാഥ പാടി അവന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വെച്ച് പിരിച്ച് പണമടച്ചു. ഈ ആയിരം രൂപ ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഒരു നഷ്ടമാ‍യില്ല എന്ന് മാത്രമല്ല ഒരു ഇന്‍വെ‍സ്റ്റ്മെന്റാവുകയും ചെയ്തു. പോലീസ് പൊക്കിയ ഞങ്ങളുടെ സഹപാഠി എന്ന് പറഞ്ഞവന്‍ കിളിയെ ആദ്യം പൂശിയ ‘പാര’ലല്‍ തടിമാടനായിരുന്നു. ഇതറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ ഭീകരമായ നിരാശ അവന്‍ വന്ന് മാപ്പ് പറഞ്ഞതോടെ അപ്രത്യക്ഷമായി.

അന്ന് മുതല്‍ക്ക് ഞങ്ങള്‍ക്ക് ‘പാര’ക്കാരുടെ ശല്ല്യമുണ്ടായിരുന്നില്ല. ഇതിന് കാരണം ഞങ്ങളുടെ കോളേജിലാണ് പഠിയ്ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതിന് കോട്ടക്കല്‍ സ്റ്റേഷനില്‍ നിന്ന് കിട്ടിയ പെട തടിമാടന്‍ വര്‍ണ്ണിച്ചതാണെന്നും കേള്‍ക്കുന്നു. പാവം സാധാരണത്തെ പോലെ കോളേജിന്റെ പേര് മാത്രം പറഞ്ഞുകാണും. അതൊടെ ലവന്മാര്‍ ‘പേര്‍മാറാട്ടം‘ നടത്തലും അന്നത്തോടെ നിന്നു. ഒരാഴ്ച കഴിഞ്ഞു. എല്ലാം നോര്‍മലായി. മുങ്ങിയ കിളി പൊങ്ങി എന്ന് മാത്രമല്ല കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് ഓരോ ഗ്ലാസ് അവില്‍മില്‍ക്കിനെ സാക്ഷിയാക്കി ഞാനും ചൊക്ലിയും കിളിയും സകലതും കോമ്പ്ലിമെന്‍സാക്കി. അവില്‍മില്‍ക്ക് കിളിയുടെ വക! പുതിയതായി വന്നു ചേര്‍ന്ന ഇമേജിന് തീരെ ചേരാത്തത് കൊണ്ടും എനിയ്ക്ക് തന്നെ മടുപ്പ് വന്ന് തുടങ്ങിയത് കൊണ്ടും ജൂബ്ബ, മുണ്ട്, തോള്‍സഞ്ചി എന്നിവയ്ക്കൊപ്പം എന്റെ ബുദ്ധിജീവി ഇമേജും ഞാന്‍ വലിച്ചെറിഞ്ഞു. ടീഷര്‍ട്ട്, മുട്ട് കീറിയ ജീന്‍സ്, ചെമ്പന്‍ മുടി, ഇടിവള, കാതില്‍ ഒറ്റക്കടുക്കന്‍ എന്നിവയുടെ സഹായത്തോടെ ഇമേജ് മേക്കോവര്‍ നടത്തി ഞാന്‍ അന്ന് മുതല്‍ ആര്‍മ്മാദം ഫുള്‍ ത്രോട്ടിലിലാക്കി. അങ്ങനെ ഞാന്‍ ബുദ്ധിജീവി അല്ലാതായി.

Monday, November 27, 2006

ബുദ്ധിജീവി

കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ ഇപ്പോഴത്തേത് പോലെ ഡീസന്റ് ആയിരുന്നു. ആ കാലത്ത് വായില്‍ നോട്ടം, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണല്‍, അടിപിടി, ആസ് യൂഷ്വല്‍ അലമ്പുകള്‍ എന്നിവയിലൊന്നിലും എനിക്ക് കമ്പമുണ്ടാവാതിരിക്കാന്‍ രണ്ടാണ് കാരണം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം സ്കൂളില്‍ നിന്ന് കോളേജിലേക്ക് ‘ഏരിയാ ഓഫ് ആക്റ്റിവിറ്റി’ മാറ്റി സ്ഥാപിക്കപ്പെട്ട സകല അലവലാതികളും ഇത് തന്നെ ചെയ്തിരുന്നതിനാല്‍ നമ്മള്‍ ആയിരത്തില്‍ ഒരുവന്‍ എന്ന നിലയില്‍ ഒതുങ്ങിപ്പോകും. രണ്ടാമത്തെ കാരണം ഈ വക ഒരു വിധം കലാപരിപാടികളൊക്കെ വളരെ സ്ട്രിക്റ്റായ അണ്‍ എയിഡഡ് സ്കൂളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ എന്തിനും സ്വാതന്ത്ര്യമുള്ള കോളേജില്‍ ഇവ തുടരുന്നതിന് പഴയ ഒരു ത്രില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ എന്റെ ക്ലാസില്‍ നിന്ന് പത്താം തരം പാസായി ഇതേ കോളേജില്‍ തന്നെ ചേരാന്‍ ഭാഗ്യം സിദ്ധിച്ച പലരേയും എനിക്ക് ഞെട്ടിക്കേണ്ടി വന്നു. കടുത്ത അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സ്കൂളിലെ എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പേരുകളുടെ ആദ്യാക്ഷരം കൊണ്ട് രൂപപ്പെടുത്തിയ ‘യോഗരാജഗുഗ്ഗുലു’, ‘ഗ്രോഗീ ബോയ്സ്’, ‘ഡ്രാക്കുള’ തുടങ്ങിയ കോളേജ് സംഘങ്ങളില്‍ എനിക്ക് അംഗത്വം തരാന്‍ കാത്തിരുന്ന പ്രിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവിയായി രൂപപ്പെട്ടു. കോളേജിലെ ആദ്യ ദിവസം ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് എത്തിയ എന്നെ റാഗ് ചെയ്യാന്‍ വന്ന സീനിയര്‍ ചേട്ടനെ ഇതൊന്നും മുമ്പ് കണ്ട് പരിചയമില്ലാത്ത തനി നാട്ടിന്‍പുറത്ത്കാരനായ ഞാന്‍ സ്ഥലജലവിഭ്രാന്തി മൂലം ചവിട്ടിക്കൂട്ടുകയുണ്ടായി. തന്മൂലം രണ്ട് മൂന്ന് ദിവസം അണ്ടര്‍ഗ്രൌണ്ടില്‍ പോയ ഞാന്‍ പിന്നീട് വന്നത് കസവ് മുണ്ട്, ജൂബ്ബ, ചന്ദനക്കുറി, തോളില്‍ തുണി സഞ്ചി എന്നീ രൂപത്തിലായിരുന്നു.

പഠനത്തില്‍ മാത്രം ശ്രദ്ധ, ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെ ഉയര്‍ന്ന ചിന്ത, പെണ്‍കുട്ടികളോട് തീരെ അടുപ്പം ഭാവിക്കാത്തതിനാല്‍ ദിവ്യത്വം എന്നിങ്ങനെ ഒന്ന് രണ്ട് നമ്പറുകളിലൂടെ നല്ല പേര് കൂട്ടുകാര്‍ക്കിടയിലും പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്കിടയിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു. അങ്ങനെ മോസ്റ്റ് പോപ്പുലര്‍ ബുദ്ധിജീവി എന്ന നിലയില്‍ ഒരു കൊല്ലക്കാലം വിലസിയ ഞാന്‍ മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന നിലയില്‍ വീണ്ടും ടീ ഷര്‍ട്ട് ആന്റ് ജീന്‍സില്‍ കയറിക്കൂടാന്‍ കാരണം ചൊക്ലിയും പി ടി ബിയുമായിരുന്നു.

ചൊക്ലി എന്നത് എന്റെ ക്ലാസിലെ തന്നെ ഒരു പയ്യനായിരുന്നു. കേട്ടാല്‍ കിങ്ങിലെ മമ്മൂട്ടി പോലും ഞെട്ടുന്ന ഡയലോഗുകള്‍ വിട്ടിരുന്ന ഇവന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനുമായിരുന്നു. വായില്‍ കൊള്ളാത്ത ഡയലോഗുകളിലൂടെ ശരീരത്തിന് താങ്ങാന്‍ പറ്റാത്ത അടികള്‍ വാങ്ങുക എന്നത് ഹോബിയായി കൊണ്ട് നടന്നിരുന്ന ഇവന്‍ കോളേജ് തുറന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ അന്ന് വാങ്ങിയ അടിയുടെ കൂടെ വാങ്ങിച്ച് വെച്ചതാണ് ‘ചൊക്ലി’ എന്ന പേരും. ഞാനും ടിയാനും ഒരേ ബസിലായിരുന്നു യാത്ര, കോളേജിലെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ അടുത്തടുത്തായിട്ടാ‍യിരുന്നു ഇരിപ്പ്. (ചൊക്ലിയെ കൂടാതെ കാള ബിനോയ്, നായാസ് എന്നിവരും ഈ ബെഞ്ചില്‍ എന്റെ കൂടെ ഉണ്ടായിരുന്നു ).

പി ടി ബി എന്നത് ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ ഹരമായ ബസ്സായിരുന്നു. നാവിനടിയിലെ ‘ഹാന്‍സ്’ നല്‍കുന്ന തരിപ്പിന്റെ ബലത്തില്‍ അറ്റ് എനി ഗിവണ്‍ പോയിന്റ് ഓഫ് ടൈമില്‍ മൂന്ന് ചക്രം മാത്രം നിലത്ത് തട്ടുന്ന രീതിയില്‍ ഡ്രൈവര്‍ അബൂബക്കര്‍ നാല് ചക്രം മാത്രമുള്ള ഈ കുട്ടിബസ്സിനെ എന്‍ എച്-17 ലൂടെ പെടപ്പിച്ചിരുന്നു. ഈ ബസിന്റെ ‘ഫ’ ബോക്സ് നിറയെ ലേറ്റസ്റ്റ് തമിഴ്, ഹിന്ദി പാട്ടുകളുടെ വന്‍ ശേഖരമായിരുന്നു. ഇതിലെ ഡ്രൈവന്‍, കിളി മുതലായ സകല വന്യ ജീവികളും ഞങ്ങള്‍ പിള്ളേരുടെ കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഈ ബസ്സില്‍ നടത്തിയ ആര്‍മ്മാദത്തിന് കൈയ്യും കണക്കുമില്ല. ഇങ്ങനെ ഞങ്ങള്‍ തകര്‍ത്താടിയിരുന്ന സമയത്താണ് ഇടിവെട്ടിയ പോലെ അത് സംഭവിച്ചത്.

ഇന്‍ഡിസിപ്ലിന്‍ എന്ന കാരണത്താല്‍ ഈ ബസ്സിലെ കിളി, കണ്ടക്ടര്‍ മുതലായവരെ ബസ് മുതലാളി പിരിച്ച് വിടുകയും ഡ്രൈവര്‍ അബുവിനെ ബ്രെയിന്‍ വാഷ് ചെയ്ത് പിള്ളേരെ കണ്ടാല്‍ വണ്ടി നിര്‍ത്തരുത് എന്ന് ഫീഡ് ചെയ്യുകയും ചെയ്തു. ഈ ബസ്സിന് ഞങ്ങള്‍ പിള്ളേര് നേടിക്കൊടുത്ത പബ്ലിസിറ്റിയാണ് പൊതുവെ അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ഇയാളെ ഇങ്ങനെ ചെയ്യിച്ചത് എന്നായിരുന്നു ക്യാമ്പസിലെ സംസാരം. ഈ മാറ്റങ്ങള്‍ സംഭവിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അതുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഞാനും ചൊക്ലിയുമൊക്കെ പി ടി ബി കാത്ത് നില്‍ക്കുന്നു. രണ്ട് ദിവസമായി നിര്‍ത്താതെ പോയ പി ടി ബി അന്ന് ഞങ്ങള്‍ വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് കാലപ്പഴക്കം പരിശോധിക്കുന്നത് കണ്ടിട്ടാവണം, നിര്‍ത്തി. ഓടിക്കൂടിയ പയ്യന്മാര്‍ക്കിടയിലൂടെ അവസാനം ഞാനും ഓടിത്തുടങ്ങിയ ബസില്‍ തോള്‍സഞ്ചിയും മുണ്ടുമൊക്കെയായി വലിഞ്ഞ് കയറി.

അപ്പോഴാണ് അവസാനമായി വലിഞ്ഞ് കയറാന്‍ അത് വരെ ബസ്സിനെ മൈന്റ് ചെയ്യാതെ പോളിടെക്നിക്കില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്ന ചൊക്ലിയ്ക്ക് മോഹം തോന്നിയത്. കയറാന്‍ ശ്രമിച്ച ചൊക്ലിയെ പുതിയ കിളി ചവിട്ടി എന്നാണ് അടുത്ത നിമിഷം കേട്ട ചൊക്ലിയുടെ സംസ്കൃതവാചകത്തില്‍ അടങ്ങിയ ചുരുക്കം ചില മലയാളപദങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായത്. എന്റെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സിലാണ് ഇവന്‍ അലമ്പുണ്ടാക്കിയത് എന്ന ഒറ്റക്കാരണത്താല്‍ അവന്‍ ആ സന്ദര്‍ഭത്തില്‍ പ്രതീക്ഷിച്ച മോറല്‍ ആന്റ് ഫിസിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. ഞാന്‍ പതിവില്ലാത്ത വിധത്തില്‍ തിരക്കി ബസ്സിന്റെ മുന്നില്‍ പോയി ദീപ്തിയോട് കുശലം ചോദിച്ചു. എന്റെ ബുജി പരിവേഷത്തിന്റെ പതനം അവിടെ തുടങ്ങി എന്നത് അവളുടെ പുഞ്ചിരി കണ്ടപ്പോള്‍ ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.

പിള്ളേരുടെ ആര്‍മ്മാദം കാലങ്ങളായി സഹിച്ച് വരുകയായിരുന്ന സ്ഥിരം യാത്രക്കാരുടെ മൌനം മുതലെടുത്ത് ചൊക്ലിയെ കിളി ‘കൊത്തി‘ എന്ന് പിറ്റേന്നാണ് അറിഞ്ഞത്. രാവിലെ ഞാന്‍ കോളേജിലെത്തിയപ്പോള്‍ ചൊക്ലിയുള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ചര്‍ച്ച മണ്ണെണ്ണ വാങ്ങണോ പെട്രോള്‍ വാങ്ങണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. കൂടുതല്‍ പുക മണ്ണെണ്ണയ്ക്കാണെന്നും അതിനാല്‍ ബസ് കത്തിച്ച ഖ്യാതി അങ്ങ് യൂണിവേഴ്സിറ്റി വരെ പുകസന്ദേശമായി എത്തുമെന്നും അടുത്ത സി-സോണ്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അതിന്റേതായ നിലയും വിലയും നമ്മുടെ കോളേജിലെ പിള്ളേര്‍ക്ക് ലഭിയ്ക്കുമെന്നും നായാസ് വാദിച്ച് സ്ഥാപിക്കുന്നു. കത്തിക്കലൊന്നും വേണ്ട എന്നും കിളിയെ പിടിച്ച് പപ്പും പൂടയും പറിക്കാമെന്നും ഞാനും ബിനോയിയും വാദിച്ചു കാരണം കത്തിക്കലൊക്കെ കേസാകുമെന്നും ഗ്യാങ്ങിലെ എല്ലാവരും കുടുങ്ങുമെന്നുമുള്ള കാര്യം ചൊക്ലിയും നായാസുമൊഴികെ വേറെ ഏത് പൊട്ടനും മനസ്സിലാവും. വാദം എറ്റു പക്ഷേ ഞാന്‍ ഒരു കുരുക്കില്‍ പെട്ടു.

ക്ലാസ് സമയത്തേ ബസ് തടയാന്‍ പറ്റൂ. കോളേജ് വിട്ടാല്‍ പിന്നെ തിക്കിലും തെരക്കില്‍ ഒന്നും നടക്കില്ല എന്നതിനാല്‍ കോളേജ് വിടുന്നതിന്റെ തൊട്ടുമുന്നത്തെ ട്രിപ്പില്‍ ബസ് തടയണം. ബുദ്ധിജീവിയും തദ്വാരാ സല്‍ഗുണസമ്പന്നനുമായ ഞാന്‍ തന്നെ അക്കൌണ്ടന്‍സിപ്പുലിയുടെ ക്ലാസില്‍ നിന്ന് അനുവാദം ചോദിച്ച് പോയി ബസ് തടഞ്ഞ് കിളിയെ തല്ലണം പോലും. കത്തിയ്ക്കാന്‍ നോട്ടമിട്ട ബസ് ഞാന്‍ മാത്രം പോയാല്‍ കിളിയെ ഉപദേശിച്ച് നന്നാക്കലാവും നടക്കുക എന്ന് പറഞ്ഞ് കൂട്ടിന് ബിനോയിയും വരാമെന്നേറ്റു. അക്കൌണ്ടന്‍സി ക്ലാസില്‍ പുലിമാഷോട് ഞാന്‍ വിഷയം പറഞ്ഞു. കിളിയെ ഒന്ന് ഉപദേശിക്കണം, ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വാങ്ങണം ഇത്ര മാത്രമേ അജണ്ടയിലുള്ളൂ. അലമ്പാവാതെ ഒതുക്കാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഡീസന്റ് പയ്യനല്ലേ എന്ന് കരുതിയിട്ടാവും അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷന്‍: ഞാനും ബിനോയും മാത്രമേ പോകാവൂ അതും പ്രിന്‍സിപ്പാള്‍ എന്ന കട്ടപ്പാരയുടെ അനുവാദത്തോടു കൂടി മാത്രവും. വേറെ ഒരു ഗതിയുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്ന് കാര്യം പറഞ്ഞു. ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.

(തുടരും...)

Sunday, September 03, 2006

ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ

ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.

ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.

ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.

പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.

എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?

കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.

Wednesday, July 26, 2006

ഇന്റലിജന്‍സ് ഫെയില്യര്‍

ബാംഗ്ലൂരില്‍ ഞങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്മാരെല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. മാക്സിമം പണം ചെലവാക്കാതെ ജീവിച്ച് വീക്കെന്റുകളിലെ ആഘോഷവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യം കൂടാതെ ഒരു മതില്‍ ചാടിയാല്‍ ഓഫീസിലെത്താം എന്നുള്ളതും ഞങ്ങളെ ആ വീട് വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയെ ഏത് പാതിരാത്രിയിലും സേവിക്കാം എന്ന മഹത് ലക്ഷ്യം മാത്രമല്ല ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി, ഒരു വളവ് തിരിഞ്ഞാല്‍ വിമന്‍സ് കോളേജ് എത്തി എന്ന് ആരോ പറഞ്ഞ് കേട്ടത്, ബാര്‍ ഹോട്ടല്‍, സിനിമാ കൊട്ടക മുതലായവയിലേക്ക് സുമാര്‍ വരുന്ന ദൂരം വീട് ദല്ലാള്‍ കുറിച്ച് തന്നിരുന്ന കടലാസ് തുണ്ട് മുതലായവയും ഈ വീട് തെരഞ്ഞെടുത്ത തീരുമാനത്തിന് ജെയ് വിളിച്ചു. മഹാ അലമ്പ് ഏരിയാ ആണെന്ന് പലരും പറഞ്ഞെങ്കിലും മലയാളി പയ്യന്‍സിനേക്കാള്‍ വലിയ അലമ്പന്മാരോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിച്ചു.

ഒറ്റ നോട്ടത്തില്‍ പരമ അലമ്പ് ഏരിയാ ആണെന്ന് തോന്നിയത് മേല്‍ പറഞ്ഞ ജെയ് വിളിച്ച ഘടകങ്ങള്‍ വീറ്റോ ചെയ്തു. താമസം പരമ സുഖം. ജോലി കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്നു. മാനേജര്‍മാര്‍ക്കും മറ്റും ഞങ്ങളോട് അസൂയ. (അവര്‍ ജോലി കഴിഞ്ഞ് നാല് കിലോമീറ്റര്‍ ദൂരമൊക്കെ വരുന്ന വീടുകളിലേക്ക് വണ്ടിയോടിച്ച് പോകുന്നു. പൂമുഖവാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന പൂന്തിങ്കള്‍മാരുടെ കൈയ്യില്‍ ലഞ്ച് ബോക്സ് നല്‍കി ഉടന്‍ പിറ്റേ ദിവസത്തേക്കുള്ള ബോക്സുമായി തിരിച്ചിറങ്ങുന്നു. പുകള്‍ പെറ്റ ബാംഗ്ലൂര്‍ ട്രാഫിക്കിന് നന്ദി.)

കട്ടന്‍ ചായയുടെ ബലത്തില്‍ രാത്രി മുഴുവന്‍ ചീട്ട് കളി, ഞായറാഴ്ചകളില്‍ ബ്രിഗേഡ്സ് റോഡില്‍ തെണ്ടല്‍ വഴിപാട്, അകന്ന ബന്ധത്തിലെ അമ്മായി പ്രസവിച്ച സന്തോഷത്തിനും ചിറാപുഞ്ചിയില്‍ മഴ കുറഞ്ഞ സങ്കടത്തിനും വരെ ഡെഡിക്കേറ്റ് ചെയ്ത് വെള്ളമടി, വളവിലെ കോളേജില്‍ വരുന്ന ലോ വെയിസ്റ്റ് ജീന്‍സുകളുടെ ഇറക്കത്തിനെ പറ്റി ഡിബേറ്റും ഗവേഷണവും തുടങ്ങിയ പരമ്പരാഗത കലകളില്‍ ശ്രദ്ധ ചെലുത്തി ഞങ്ങള്‍ അര്‍മ്മാദിച്ച് ജീവിച്ച് വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ച് !

ഒരു ദിവസം ആരോ രണ്ടിന് പോകാന്‍ വേണ്ടി നോക്കുമ്പോല്‍ വെള്ളം, ബക്കറ്റ് എന്നീ വസ്തുക്കളേക്കാള്‍ അത്യാവശ്യമായ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ‘രണ്ടാം നമ്പര്‍‘ മുറിയുടെ വാതിലിനോട് ചേര്‍ത്ത് തൂക്കിയിരിക്കുന്ന സ്റ്റാന്റില്‍ സദാ സമയവും ഈ ജീവന്‍ രക്ഷാ മരുന്ന് ഉണ്ടായിരിക്കണം എന്നത് പൊതുവായ നിയമമായിരുന്നു. അവസാനത്തെ സിഗരറ്റ് വലിക്കുന്നയാള്‍ പരിപാടി കഴിഞ്ഞ് പുറത്ത് വന്നാലുടന്‍ പുതിയ പാക്കറ്റ് വാങ്ങിക്കൊണ്ട് വരണം. ഈ നിയമത്തിനെ മാനിച്ചാണ് കെ കെ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുഹൃത്ത് പുറത്തേക്കിറങ്ങിയത്.

രാത്രി ഒരു പത്ത് മണി നേരം. ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും. ദിവസവും കണ്ണുകളിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാറുള്ള കന്നഡക്കാരി പെണ്‍കുട്ടിക്ക് രണ്ട് മലയാളം പഴഞ്ചൊല്ല് പറഞ്ഞ് കൊടുക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ‘30 ദിവസത്തില്‍ മലയാളത്തിലൂടെ കന്നഡ പഠിക്കാം’ എന്ന പുസ്തകം വായിക്കുകയായിരുന്ന ഞാന്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ദാ‍ നില്‍ക്കുന്നു നമ്മുടെ കെ കെ വായില്‍ നിന്നും ചോരയൊക്കെ ഒലിപ്പിച്ച്. വസന്ത അണ്ണന്റെ കടയ്ക്ക് മുന്നില്‍ പഴത്തൊലി ചവിട്ടി വീണു എന്ന് പറയാന്‍ അവന് അവസരം കിട്ടുന്നതിന് മുമ്പേ ഞാന്‍ ചോദിച്ചു ‘അരാടാ പൂശിയത് ?’.

ഉടന്‍ തന്നെ എല്ലാവരും ഞങ്ങളുടെ ‘വാര്‍ റൂ‘മില്‍ (വീട് മൊയിലാളി രാമ മൂര്‍ത്തി കാണാതെ ‘പീനേ കാ പാനി’ സൂക്ഷിക്കുന്ന മുറി) കയറി കതകടച്ച് ഡിസ്കഷന്‍ തുടങ്ങി. സിഗരറ്റ് വാങ്ങിയതിന് ശേഷം ക്വാളിറ്റി ചെക്കിങ്ങിനായി ഒന്ന് വലിച്ച് പുക വിട്ട് നില്‍ക്കുമ്പോള്‍ ഒരു കന്നഡക്കാരന്‍ വന്ന് പേരും താമസ സ്ഥലവും ചോദിച്ചുവത്രേ. രണ്ടിനും തൃശൂര്‍ ആക്സന്റുള്ള കന്നഡയില്‍ മറുപടി നല്‍കിയ ഉടന്‍ രണ്ട് പെടയങ്ങ് പെടച്ചു എന്നും തിരിഞ്ഞ് നോക്കാതെ അയാള്‍ കടത്തിണ്ണയില്‍ കയറി ഇരിപ്പായി എന്നും കെ കെ മൊഴിഞ്ഞു. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കുന്ന സ്വഭാവമില്ലാത്തതിന്നാല്‍ നേരെ തിരിച്ച് പോരുകയും ചെയ്തു. ഇത്രയും ഡീറ്റെയിത്സ് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെട്ടു. ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും അതിനാല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ നാട്ടുകാരെ ബഹുമാനിച്ച് മിണ്ടാതിരിക്കാമെന്നും നാലാളടങ്ങുന്ന ഒരു വിഭാഗം. ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും അടിച്ചവന്റെ കൈ തല്ലി ഒടിക്കുകയൊന്നും ചെയ്തില്ലെങ്കിലും ഒരടിയെങ്കിലും തിരിച്ചടിക്കണമെന്ന് ഞാനും. ഒടുവില്‍ ഞങ്ങള്‍ ഒരു കോമ്പ്രമൈസിലെത്തി. തിരിച്ച് തല്ലണ്ട പക്ഷെ കാരണം ചോദിക്കണം.

കൂട്ടത്തിലെ പഞ്ചപാവവും ഏത് കാര്യത്തിലും ഒരു ‘ആന്റണി ലൈന്‍’ ഡിപ്ലൊമസിയുടെ വക്താവുമായ വിനുട്ടന്‍ ചോദിക്കാന്‍ പോയാല്‍ മതിയെന്ന് മൃഗീയ ഭൂരിപക്ഷം നിശ്ചയിച്ചു. കമ്പനിക്ക് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞ് ആരെങ്കിലും എതിര് പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ പുറത്ത് ചാടി സംഭവ സ്ഥലത്തേക്ക് നടന്നു. ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ് പരിപാടി ഒപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ആഞ്ഞ് നടന്നു. കെ കെ പറഞ്ഞ കടയുള്ള ഇടുങ്ങിയ ചേരി എന്ന് തന്നെ പറയാവുന്ന സ്ഥലം കണ്ടു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അലമ്പ് ‘ഡീഫാള്‍ട്ട്’ സ്വഭാവമാക്കിയിരുന്ന കെ കെ അടി വാങ്ങി ഒരക്ഷരം പോലും പറയാതെ തിരിച്ച് വന്നതെന്തേ എന്നായിരുന്നു. അവന്റെ സ്വഭാവം വെച്ച് അനലൈസ് ചെയ്യുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയത് മൂക്ക് കണ്‍ഫേം ചെയ്തു.

കട നേരത്തേ അടച്ചിരിക്കുന്നു. വിജനമായ പാത. കുറച്ച് ദൂരെയുള്ള വീടുകളില്‍ നിന്ന് വരുന്ന ഇത്തിരി വെട്ടം മാത്രം.ഇരുട്ടത്ത് കടയുടെ മുന്‍പില്‍ ഇരിക്കുന്ന ആ രൂപത്തിനെ ഞാന്‍ കണ്ടു. തല വഴി കമ്പിളി പുതച്ച് കൂനിക്കൂടിയിരിക്കുന്നു. കെ കെ പറഞ്ഞ പോലെ കടത്തിണ്ണയില്‍ ഇരിക്കുന്നയാള്‍ ഇയാള്‍ തന്നെ. പാവം ഏതോ പിച്ചക്കാരനാണ് ഒന്ന് വിരട്ടിയേക്കാം എന്ന് വിചാരിച്ച് അടുത്ത് ചെന്നു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അയാള്‍ കാല്‍പ്പെരുമാറ്റം കേട്ട് കമ്പിളി മാറ്റി. പിച്ചക്കാരന്‍ എന്ന് കരുതിയ ആള്‍ ജയന്റെ സിനിമകളിലെ വില്ലന്‍ ‘ജഗ്ഗു’വിനെപ്പോലിരിക്കുന്നു. എന്റെ തള്ളിപ്പോയ കണ്ണുകള്‍ പെട്ടെന്ന് തന്നെ അയാലുടെ പിന്നില്‍ ചാരി വെച്ചിരിക്കുന്ന ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തു. വളഞ്ഞ് തോട്ടി പോലിരിക്കുന്ന ആ വസ്തു കന്നഡ തട്ട്പൊളിപ്പന്‍ സിനിമകളുടെ അവിഭാജ്യ ഘടകവും നായകന്മാരുടെ ഇമേജ് വര്‍ദ്ധകനും ആയ സാക്ഷാല്‍ കൊടുവാളായിരുന്നു. ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു.

തിരിച്ച് നടക്കാന്‍ വേണ്ടി ഞാന്‍ മെല്ലെ ഒന്നാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ “ഡായ്...” എന്ന് വിളിച്ച് ജഗ്ഗു മുന്നോട്ട് ചാടിയതും ഒന്നിച്ചായിരുന്നു.പിന്നീട് സംഭവിച്ചതെല്ലാം ഒരു രണ്ട് സെക്കന്റില്‍ കഴിഞ്ഞ് കാണും. എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി. ഏതോ ലോക്കല്‍ ബ്രാന്റ് സാധനം കുപ്പിയോടെ നില്‍പ്പനടിച്ചിട്ടാണ് ‘ജഗ്ഗു‘ വന്നിരുന്നത് എന്ന് സുഗന്ധത്തില്‍ നിന്ന് മനസ്സിലായി. എന്നെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ കക്ഷി കാല് തെറ്റി മലര്‍ന്നടിച്ച് ചാരി വെച്ചിരുന്ന വാളിന്റെ മുകളിലേക്ക് വീണു.

കിട്ടിയ അവസരം മുതലാക്കി തിരിഞ്ഞ് നോക്കാതെ അവിടെ നിന്ന് ഓടി തടിയെടുത്ത ഞാന്‍ വഴിയില്‍ വെച്ച് കണ്ട വിനുട്ടനോട് കടയുടെ പരിസരത്തെങ്ങും ആരെയും കണ്ടില്ല എന്ന് പറഞ്ഞ് അവനേയും കൂട്ടി തിരിച്ച് നടന്നു. പിറ്റേന്ന് രാവിലെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ മഹര്‍ഷി ധ്യാനത്തില്‍ നിന്ന് ഉണരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് പോലെ സഹവീടന്മാര്‍ എല്ലാവരും നിരന്നിരിക്കുന്നു. എന്റെ മുന്നില്‍ ചൂടുള്ള ചായ അതും പതിവായുള്ള കയപ്പന്‍ സുലൈമാനിയ്ക്ക് പകരം പാലൊഴിച്ചവന്‍! ആരുടേയും മുഖത്ത് നോക്കാതെ ചായ ആസ്വദിച്ചിരുന്ന എന്നോട് വിനുട്ടനാണ് പറഞ്ഞത് “ഇന്നലെ നീ ഇടിച്ച് മലത്തിയത് ആരെയാണെന്നറിയാമോ? ഈ ഏരിയയിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും ഒരാളെ വെട്ടിക്കൊന്ന് ജയിലില്‍ പോയി ഒരാഴ്ച മുമ്പെ റിലീസായവനുമായ രാമപ്പയെ. അയാള്‍ക്ക് നെറ്റിയില്‍ മൂന്ന് സ്റ്റിച്ചിടേണ്ടി വന്നു. നീ എന്താ ചെയ്തത് അയാളെ?”

എനിക്ക് ഒന്നും വിശദീകരിക്കാന്‍ നേരമുണ്ടായിരുന്നില്ല. എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു. വൈകുന്നേരം വീടിന്റെ വാതില്‍ തുറന്ന് തന്ന അമ്മ ലാല്‍ബാഗിലെ ‘ഫ്ലവര്‍ ഷോ‘ കഴിയാതെ നാട്ടിലേക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ മോനെ ആ നേരത്ത് അവിടെ കണ്ട് അല്‍ഭുതപ്പെട്ട് കാണണം. എന്തായാലും ഞാന്‍ പിന്നെ തിരിച്ച് ബാംഗ്ലൂരില്‍ പൊങ്ങിയപ്പോളേക്കും കൂട്ടുകാരുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ടായി എന്നതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് കന്നഡ പഠിക്കാതെ തന്നെ പല കന്നഡ പെണ്‍കുട്ടികളുമായും ആശയ സംവേദനം നടത്താനുള്ള സിദ്ധി ഈ സംഭവത്തിന് ശേഷം എനിക്ക് കിട്ടി എന്നുതാണ്. എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നത്? ഇന്റലിജന്‍സ് ഫെയിലിയറാണ് ഇറാക്കിലെ കുടുക്കില്‍ പെടാന്‍ കാരണം എന്ന് ബുഷ് പറയുമ്പോള്‍ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. പാവം ബുഷ്...

Wednesday, June 21, 2006

പോയിന്റ് സമ്പ്രദായം

ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്.
സ്ത്രീയെ എപ്പോഴും സന്തോഷവതിയാക്കി നിര്‍ത്തുക. അവള്‍‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കുന്നു, ഇഷ്ടപ്പെടാത്തവ ചെയ്യൂമ്പോള്‍ പോയിന്റ് നഷ്ടപ്പെടുന്നു. അവള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഒരു പോയിന്റുമില്ല. സോറി, ഈ കളിയുടെ നിയമം അങ്ങനെയാണ്.

വീട്ട് കാര്യങ്ങള്‍

- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു (+1)
- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു, പക്ഷെ അവളുടെ പ്രിയപ്പെട്ട തലയിണ വെക്കാന്‍ മറക്കുന്നു(0)
- നിങ്ങള്‍ വിരിച്ച കിടക്ക ചുരുണ്ട് കൂടിയിരിക്കുന്നു (-1)
- നിങ്ങള്‍ അവള്‍‍ക്കിഷ്ടപ്പെട്ട സാധനം വാങ്ങുവാന്‍ പുറത്ത് പോകുന്നു (+5)
- അതും മഴയത്ത് (+8)
- പക്ഷെ ഒരു കാന്‍ ബീറുമായി തിരിച്ച് വരുന്നു (-5)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, പക്ഷെ ഒന്നും കാണുന്നില്ല (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, എന്തിനേയോ കാണുന്നു (+5)
- ഒരു ഇരുമ്പ് വടി കൊണ്ട് അതിനെ അടിച്ച് ചതക്കുന്നു (+10)
- അത് അവളുടെ ഓമന വളര്‍ത്തുനായ ആണ് (-10)

സമൂഹത്തില്‍

- നിങ്ങള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയവും അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു (0)
- നിങ്ങള്‍ കുറച്ച് സമയം അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു, പിന്നെ ഒരു പഴയ കോളേജ് മേറ്റിനെ കണ്ട് സംസാരിക്കാന്‍ പോകുന്നു (-2)
- കോളേജ് മേറ്റിന്റെ പേര് ടീന (-4)
- അവള്‍ ഒരു നര്‍ത്തകിയാണ് (-10)

പുറത്ത് പോകുമ്പോള്‍

- നിങ്ങള്‍ അവളെ സിനിമക്ക് കൊണ്ട് പോകുന്നു (+2)
- നിങ്ങള്‍ അവളെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (+4)
- അതും നിങ്ങള്‍ക്ക് ഇഷ്ട്ടമല്ലാത്ത ഒരു സിനിമ (+6)
- നിങ്ങള്‍ അവളെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (-2)
- സിനിമയുടെ പേര് ‘സൂപ്പര്‍ പോലീസ് ‘ (-3)
- രണ്ട് അനാഥക്കുട്ടികളുടെ കഥയാണെന്ന് പറഞ്ഞാണ് നിങ്ങള്‍ അവളെ വിളിച്ച് കൊണ്ട് പോയത് (-15)

നിങ്ങളുടെ ശരീരം

- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു (-15)
- നിങ്ങള്‍ കുടവയര്‍ കളയാന്‍ വ്യായാമം ആരംഭിക്കുന്നു (+10)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, അത് മറയ്ക്കാന്‍ നിങ്ങള്‍ ‍ബാഗി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു (-30)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, നിങ്ങള്‍ ചോദിക്കുന്നു “ അതിലെന്തിരിക്കുന്നു? നിനക്കും ഉണ്ടല്ലോ.” (-8000)

വാര്‍ത്താ വിനിമയം

- അവള്‍ ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ മുഖത്ത് ഒരു വ്യാകുല ഭാവത്തോടെ ശ്രദ്ധിക്കുന്നു (0)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ശ്രദ്ധിക്കുന്നു (+50)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ടിവിയില്‍ നോക്കാതെ ശ്രദ്ധിക്കുന്നു (+500)
- നിങ്ങള്‍ ഉറങ്ങിയത് കൊണ്ടാണ് ഇതെന്ന് അവള്‍ മനസ്സിലാക്കുന്നു (-10000)

‘ആ ചോദ്യം’

- അവള്‍ ചോദിക്കുന്നു “ എനിക്ക് തടി കൂടിയിട്ടുണ്ടോ?” (-5) [അതെ, പോയിന്റ് നഷ്ടപ്പെട്ടു]
- നിങ്ങള്‍ മറുപടി പറയാന്‍ അല്പം സമയമെടുക്കുന്നു (-10)
- നിങ്ങള്‍ ചോദിക്കുന്നു “ ഏത് ഭാഗത്ത് ?” (-35)
- മറ്റ് ഏതെങ്കിലും മറുപടി (-20)

ഇനി പറയൂ, ഈ കളിയില്‍ നിങ്ങള്‍ക്ക് എന്ത് ചാന്‍സാണ് ഉള്ളത് ?

ഒരു മലയാളം ബുലോഗം ഇവിടെ വട്ടം തിരിയുന്നുണ്ട്. രണ്ടിലൊന്ന് ഉടന്‍ തീരുമാനമാകും.