Wednesday, July 26, 2006

ഇന്റലിജന്‍സ് ഫെയില്യര്‍

ബാംഗ്ലൂരില്‍ ഞങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്മാരെല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. മാക്സിമം പണം ചെലവാക്കാതെ ജീവിച്ച് വീക്കെന്റുകളിലെ ആഘോഷവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യം കൂടാതെ ഒരു മതില്‍ ചാടിയാല്‍ ഓഫീസിലെത്താം എന്നുള്ളതും ഞങ്ങളെ ആ വീട് വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയെ ഏത് പാതിരാത്രിയിലും സേവിക്കാം എന്ന മഹത് ലക്ഷ്യം മാത്രമല്ല ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി, ഒരു വളവ് തിരിഞ്ഞാല്‍ വിമന്‍സ് കോളേജ് എത്തി എന്ന് ആരോ പറഞ്ഞ് കേട്ടത്, ബാര്‍ ഹോട്ടല്‍, സിനിമാ കൊട്ടക മുതലായവയിലേക്ക് സുമാര്‍ വരുന്ന ദൂരം വീട് ദല്ലാള്‍ കുറിച്ച് തന്നിരുന്ന കടലാസ് തുണ്ട് മുതലായവയും ഈ വീട് തെരഞ്ഞെടുത്ത തീരുമാനത്തിന് ജെയ് വിളിച്ചു. മഹാ അലമ്പ് ഏരിയാ ആണെന്ന് പലരും പറഞ്ഞെങ്കിലും മലയാളി പയ്യന്‍സിനേക്കാള്‍ വലിയ അലമ്പന്മാരോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിച്ചു.

ഒറ്റ നോട്ടത്തില്‍ പരമ അലമ്പ് ഏരിയാ ആണെന്ന് തോന്നിയത് മേല്‍ പറഞ്ഞ ജെയ് വിളിച്ച ഘടകങ്ങള്‍ വീറ്റോ ചെയ്തു. താമസം പരമ സുഖം. ജോലി കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്നു. മാനേജര്‍മാര്‍ക്കും മറ്റും ഞങ്ങളോട് അസൂയ. (അവര്‍ ജോലി കഴിഞ്ഞ് നാല് കിലോമീറ്റര്‍ ദൂരമൊക്കെ വരുന്ന വീടുകളിലേക്ക് വണ്ടിയോടിച്ച് പോകുന്നു. പൂമുഖവാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന പൂന്തിങ്കള്‍മാരുടെ കൈയ്യില്‍ ലഞ്ച് ബോക്സ് നല്‍കി ഉടന്‍ പിറ്റേ ദിവസത്തേക്കുള്ള ബോക്സുമായി തിരിച്ചിറങ്ങുന്നു. പുകള്‍ പെറ്റ ബാംഗ്ലൂര്‍ ട്രാഫിക്കിന് നന്ദി.)

കട്ടന്‍ ചായയുടെ ബലത്തില്‍ രാത്രി മുഴുവന്‍ ചീട്ട് കളി, ഞായറാഴ്ചകളില്‍ ബ്രിഗേഡ്സ് റോഡില്‍ തെണ്ടല്‍ വഴിപാട്, അകന്ന ബന്ധത്തിലെ അമ്മായി പ്രസവിച്ച സന്തോഷത്തിനും ചിറാപുഞ്ചിയില്‍ മഴ കുറഞ്ഞ സങ്കടത്തിനും വരെ ഡെഡിക്കേറ്റ് ചെയ്ത് വെള്ളമടി, വളവിലെ കോളേജില്‍ വരുന്ന ലോ വെയിസ്റ്റ് ജീന്‍സുകളുടെ ഇറക്കത്തിനെ പറ്റി ഡിബേറ്റും ഗവേഷണവും തുടങ്ങിയ പരമ്പരാഗത കലകളില്‍ ശ്രദ്ധ ചെലുത്തി ഞങ്ങള്‍ അര്‍മ്മാദിച്ച് ജീവിച്ച് വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ച് !

ഒരു ദിവസം ആരോ രണ്ടിന് പോകാന്‍ വേണ്ടി നോക്കുമ്പോല്‍ വെള്ളം, ബക്കറ്റ് എന്നീ വസ്തുക്കളേക്കാള്‍ അത്യാവശ്യമായ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ‘രണ്ടാം നമ്പര്‍‘ മുറിയുടെ വാതിലിനോട് ചേര്‍ത്ത് തൂക്കിയിരിക്കുന്ന സ്റ്റാന്റില്‍ സദാ സമയവും ഈ ജീവന്‍ രക്ഷാ മരുന്ന് ഉണ്ടായിരിക്കണം എന്നത് പൊതുവായ നിയമമായിരുന്നു. അവസാനത്തെ സിഗരറ്റ് വലിക്കുന്നയാള്‍ പരിപാടി കഴിഞ്ഞ് പുറത്ത് വന്നാലുടന്‍ പുതിയ പാക്കറ്റ് വാങ്ങിക്കൊണ്ട് വരണം. ഈ നിയമത്തിനെ മാനിച്ചാണ് കെ കെ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുഹൃത്ത് പുറത്തേക്കിറങ്ങിയത്.

രാത്രി ഒരു പത്ത് മണി നേരം. ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും. ദിവസവും കണ്ണുകളിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാറുള്ള കന്നഡക്കാരി പെണ്‍കുട്ടിക്ക് രണ്ട് മലയാളം പഴഞ്ചൊല്ല് പറഞ്ഞ് കൊടുക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ‘30 ദിവസത്തില്‍ മലയാളത്തിലൂടെ കന്നഡ പഠിക്കാം’ എന്ന പുസ്തകം വായിക്കുകയായിരുന്ന ഞാന്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ദാ‍ നില്‍ക്കുന്നു നമ്മുടെ കെ കെ വായില്‍ നിന്നും ചോരയൊക്കെ ഒലിപ്പിച്ച്. വസന്ത അണ്ണന്റെ കടയ്ക്ക് മുന്നില്‍ പഴത്തൊലി ചവിട്ടി വീണു എന്ന് പറയാന്‍ അവന് അവസരം കിട്ടുന്നതിന് മുമ്പേ ഞാന്‍ ചോദിച്ചു ‘അരാടാ പൂശിയത് ?’.

ഉടന്‍ തന്നെ എല്ലാവരും ഞങ്ങളുടെ ‘വാര്‍ റൂ‘മില്‍ (വീട് മൊയിലാളി രാമ മൂര്‍ത്തി കാണാതെ ‘പീനേ കാ പാനി’ സൂക്ഷിക്കുന്ന മുറി) കയറി കതകടച്ച് ഡിസ്കഷന്‍ തുടങ്ങി. സിഗരറ്റ് വാങ്ങിയതിന് ശേഷം ക്വാളിറ്റി ചെക്കിങ്ങിനായി ഒന്ന് വലിച്ച് പുക വിട്ട് നില്‍ക്കുമ്പോള്‍ ഒരു കന്നഡക്കാരന്‍ വന്ന് പേരും താമസ സ്ഥലവും ചോദിച്ചുവത്രേ. രണ്ടിനും തൃശൂര്‍ ആക്സന്റുള്ള കന്നഡയില്‍ മറുപടി നല്‍കിയ ഉടന്‍ രണ്ട് പെടയങ്ങ് പെടച്ചു എന്നും തിരിഞ്ഞ് നോക്കാതെ അയാള്‍ കടത്തിണ്ണയില്‍ കയറി ഇരിപ്പായി എന്നും കെ കെ മൊഴിഞ്ഞു. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കുന്ന സ്വഭാവമില്ലാത്തതിന്നാല്‍ നേരെ തിരിച്ച് പോരുകയും ചെയ്തു. ഇത്രയും ഡീറ്റെയിത്സ് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെട്ടു. ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും അതിനാല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ നാട്ടുകാരെ ബഹുമാനിച്ച് മിണ്ടാതിരിക്കാമെന്നും നാലാളടങ്ങുന്ന ഒരു വിഭാഗം. ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും അടിച്ചവന്റെ കൈ തല്ലി ഒടിക്കുകയൊന്നും ചെയ്തില്ലെങ്കിലും ഒരടിയെങ്കിലും തിരിച്ചടിക്കണമെന്ന് ഞാനും. ഒടുവില്‍ ഞങ്ങള്‍ ഒരു കോമ്പ്രമൈസിലെത്തി. തിരിച്ച് തല്ലണ്ട പക്ഷെ കാരണം ചോദിക്കണം.

കൂട്ടത്തിലെ പഞ്ചപാവവും ഏത് കാര്യത്തിലും ഒരു ‘ആന്റണി ലൈന്‍’ ഡിപ്ലൊമസിയുടെ വക്താവുമായ വിനുട്ടന്‍ ചോദിക്കാന്‍ പോയാല്‍ മതിയെന്ന് മൃഗീയ ഭൂരിപക്ഷം നിശ്ചയിച്ചു. കമ്പനിക്ക് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞ് ആരെങ്കിലും എതിര് പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ പുറത്ത് ചാടി സംഭവ സ്ഥലത്തേക്ക് നടന്നു. ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ് പരിപാടി ഒപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ആഞ്ഞ് നടന്നു. കെ കെ പറഞ്ഞ കടയുള്ള ഇടുങ്ങിയ ചേരി എന്ന് തന്നെ പറയാവുന്ന സ്ഥലം കണ്ടു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അലമ്പ് ‘ഡീഫാള്‍ട്ട്’ സ്വഭാവമാക്കിയിരുന്ന കെ കെ അടി വാങ്ങി ഒരക്ഷരം പോലും പറയാതെ തിരിച്ച് വന്നതെന്തേ എന്നായിരുന്നു. അവന്റെ സ്വഭാവം വെച്ച് അനലൈസ് ചെയ്യുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയത് മൂക്ക് കണ്‍ഫേം ചെയ്തു.

കട നേരത്തേ അടച്ചിരിക്കുന്നു. വിജനമായ പാത. കുറച്ച് ദൂരെയുള്ള വീടുകളില്‍ നിന്ന് വരുന്ന ഇത്തിരി വെട്ടം മാത്രം.ഇരുട്ടത്ത് കടയുടെ മുന്‍പില്‍ ഇരിക്കുന്ന ആ രൂപത്തിനെ ഞാന്‍ കണ്ടു. തല വഴി കമ്പിളി പുതച്ച് കൂനിക്കൂടിയിരിക്കുന്നു. കെ കെ പറഞ്ഞ പോലെ കടത്തിണ്ണയില്‍ ഇരിക്കുന്നയാള്‍ ഇയാള്‍ തന്നെ. പാവം ഏതോ പിച്ചക്കാരനാണ് ഒന്ന് വിരട്ടിയേക്കാം എന്ന് വിചാരിച്ച് അടുത്ത് ചെന്നു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അയാള്‍ കാല്‍പ്പെരുമാറ്റം കേട്ട് കമ്പിളി മാറ്റി. പിച്ചക്കാരന്‍ എന്ന് കരുതിയ ആള്‍ ജയന്റെ സിനിമകളിലെ വില്ലന്‍ ‘ജഗ്ഗു’വിനെപ്പോലിരിക്കുന്നു. എന്റെ തള്ളിപ്പോയ കണ്ണുകള്‍ പെട്ടെന്ന് തന്നെ അയാലുടെ പിന്നില്‍ ചാരി വെച്ചിരിക്കുന്ന ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തു. വളഞ്ഞ് തോട്ടി പോലിരിക്കുന്ന ആ വസ്തു കന്നഡ തട്ട്പൊളിപ്പന്‍ സിനിമകളുടെ അവിഭാജ്യ ഘടകവും നായകന്മാരുടെ ഇമേജ് വര്‍ദ്ധകനും ആയ സാക്ഷാല്‍ കൊടുവാളായിരുന്നു. ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു.

തിരിച്ച് നടക്കാന്‍ വേണ്ടി ഞാന്‍ മെല്ലെ ഒന്നാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ “ഡായ്...” എന്ന് വിളിച്ച് ജഗ്ഗു മുന്നോട്ട് ചാടിയതും ഒന്നിച്ചായിരുന്നു.പിന്നീട് സംഭവിച്ചതെല്ലാം ഒരു രണ്ട് സെക്കന്റില്‍ കഴിഞ്ഞ് കാണും. എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി. ഏതോ ലോക്കല്‍ ബ്രാന്റ് സാധനം കുപ്പിയോടെ നില്‍പ്പനടിച്ചിട്ടാണ് ‘ജഗ്ഗു‘ വന്നിരുന്നത് എന്ന് സുഗന്ധത്തില്‍ നിന്ന് മനസ്സിലായി. എന്നെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ കക്ഷി കാല് തെറ്റി മലര്‍ന്നടിച്ച് ചാരി വെച്ചിരുന്ന വാളിന്റെ മുകളിലേക്ക് വീണു.

കിട്ടിയ അവസരം മുതലാക്കി തിരിഞ്ഞ് നോക്കാതെ അവിടെ നിന്ന് ഓടി തടിയെടുത്ത ഞാന്‍ വഴിയില്‍ വെച്ച് കണ്ട വിനുട്ടനോട് കടയുടെ പരിസരത്തെങ്ങും ആരെയും കണ്ടില്ല എന്ന് പറഞ്ഞ് അവനേയും കൂട്ടി തിരിച്ച് നടന്നു. പിറ്റേന്ന് രാവിലെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ മഹര്‍ഷി ധ്യാനത്തില്‍ നിന്ന് ഉണരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് പോലെ സഹവീടന്മാര്‍ എല്ലാവരും നിരന്നിരിക്കുന്നു. എന്റെ മുന്നില്‍ ചൂടുള്ള ചായ അതും പതിവായുള്ള കയപ്പന്‍ സുലൈമാനിയ്ക്ക് പകരം പാലൊഴിച്ചവന്‍! ആരുടേയും മുഖത്ത് നോക്കാതെ ചായ ആസ്വദിച്ചിരുന്ന എന്നോട് വിനുട്ടനാണ് പറഞ്ഞത് “ഇന്നലെ നീ ഇടിച്ച് മലത്തിയത് ആരെയാണെന്നറിയാമോ? ഈ ഏരിയയിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും ഒരാളെ വെട്ടിക്കൊന്ന് ജയിലില്‍ പോയി ഒരാഴ്ച മുമ്പെ റിലീസായവനുമായ രാമപ്പയെ. അയാള്‍ക്ക് നെറ്റിയില്‍ മൂന്ന് സ്റ്റിച്ചിടേണ്ടി വന്നു. നീ എന്താ ചെയ്തത് അയാളെ?”

എനിക്ക് ഒന്നും വിശദീകരിക്കാന്‍ നേരമുണ്ടായിരുന്നില്ല. എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു. വൈകുന്നേരം വീടിന്റെ വാതില്‍ തുറന്ന് തന്ന അമ്മ ലാല്‍ബാഗിലെ ‘ഫ്ലവര്‍ ഷോ‘ കഴിയാതെ നാട്ടിലേക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ മോനെ ആ നേരത്ത് അവിടെ കണ്ട് അല്‍ഭുതപ്പെട്ട് കാണണം. എന്തായാലും ഞാന്‍ പിന്നെ തിരിച്ച് ബാംഗ്ലൂരില്‍ പൊങ്ങിയപ്പോളേക്കും കൂട്ടുകാരുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ടായി എന്നതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് കന്നഡ പഠിക്കാതെ തന്നെ പല കന്നഡ പെണ്‍കുട്ടികളുമായും ആശയ സംവേദനം നടത്താനുള്ള സിദ്ധി ഈ സംഭവത്തിന് ശേഷം എനിക്ക് കിട്ടി എന്നുതാണ്. എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നത്? ഇന്റലിജന്‍സ് ഫെയിലിയറാണ് ഇറാക്കിലെ കുടുക്കില്‍ പെടാന്‍ കാരണം എന്ന് ബുഷ് പറയുമ്പോള്‍ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. പാവം ബുഷ്...