Tuesday, July 24, 2007

ഇന്റര്‍വ്യൂ

അമ്മയുടെ നിര്‍ബന്ധം ഒന്ന് മാത്രമാണ് അവനെ ആ ഭക്ഷണശാലയില്‍ ഇരുത്തിയിരുന്നത്. ബാംഗ്ലൂരില്‍ വേറെ അത്ര നല്ല ഭക്ഷണശാലകളുണ്ട്? അവളാണ് ഇന്ദിരാനഗറിലെ മെസ്സ് പോലെയുള്ള ഈ റെസ്റ്റോറന്റ് തെരഞ്ഞെടുത്തത്. ഉയര്‍ന്ന് പൊങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗന്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു അവന്. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ തന്നെയും കടന്ന് പിന്നിലേക്ക് പോകുന്ന നോട്ടം ഹിസ്റ്ററി ക്ലാസ്സിലെ ബാലകൃഷണന്‍ മാഷിനെയാണ് ഓര്‍മ്മിപ്പിച്ചത്. എന്തോ അയാള്‍ക്ക് മടുപ്പ് പൂര്‍വാധികം ശക്തിയായി അനുഭവപ്പെട്ടു. പെണ്ണ്കാണല്‍ എന്ന ചടങ്ങിനോട് തന്നെ വെറുപ്പാണെങ്കിലും മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് മാന്യമായി പെരുമാറിക്കളയാം എന്ന് കരുതിയാണ് ചടങ്ങ് വീട്ടില്‍ വെച്ച് നടത്തുന്നതിനെ പറ്റിയും ചമ്മലൊഴിവാക്കുന്നതിനെ പറ്റിയുമൊക്കെ സംസാരിക്കാന്‍ മുതിര്‍ന്നത്.

പഴയ സിനിമകളിലെ ഡയലോഗ് പോലെ ഉണ്ട് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചോദിച്ചത്. അതിന് ഒരു അവസരം കാത്തിരുന്നത് എന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്. ഈ മനോഹരമായ ഭക്ഷണശാല തെരഞ്ഞടുത്തത് താനാണെന്നും ചമ്മല്‍ എന്നാല്‍ എന്തുവാ എന്നും അവള്‍ ചോദിച്ചു. ഇനിയെന്ത് പറയും എന്ന് ചിന്തിക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നില്ല. അവസാനം അവള്‍ പറഞ്ഞ എന്റെ കാര്യം പറയാന്‍ ഞാന്‍ മതി എന്ന വാചകത്തോടെ അവന് ആളെയും തരവും കൂടിക്കാഴ്ചയുടെ ഫലവും മനസ്സിലായിരുന്നു. ജസ്റ്റ് അനദര്‍ വണ്‍ ഓഫ് ദോസ് ഗേള്‍സ്.. അവന്‍ ചിന്തിച്ചു. ഇപ്പൊ വിട്ടാല്‍ വൈകുന്നേരത്തെ ഫുഡ്ബോള്‍ മാച്ചിന് വാമപ്പ് ചെയ്യാറാവുമ്പോഴേയ്ക്ക് എത്താന്‍ പറ്റുമോ?. വെറുതെ അര മണിക്കൂര്‍ സമയം ഇവിടെ കളയണ്ട കാര്യമില്ല.

ട്രാഫിക്കില്‍ ഇന്നിനി അവിടെ എത്തുമെന്ന് തോന്നുന്നില്ല. എന്തായാലും അര മണിക്കൂര്‍ ഇവിടെ കുടുങ്ങി. ലെഫ്റ്റ് വിങ്ങിലൂടെ സെന്റര്‍ ബാക്കിനെ വെട്ടിച്ച് മുന്നേറുമ്പോള്‍ വിരിയാറുള്ള ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ മൊട്ടിട്ടു. പെട്ടെന്ന് മേശമേല്‍ അവന്റെ വലത് വശത്തിരുന്ന മൊബൈല്‍ ശബ്ദിച്ചു. അവര്‍ രണ്ട് പേരും അതിലേക്ക് തന്നെ നോക്കി. BOSS calling എന്ന് വലിയ അക്ഷരത്തില്‍ അതിന്റെ ഡിസ്പ്ലേയില്‍ നിറഞ്ഞ് നിന്നു. ഫോണ്‍ റിങ് ചെയ്ത് കൊണ്ടിരുന്നു. അവന്‍ അറ്റന്റ് ചെയ്യുന്നില്ല. ബോസ് വിളിക്കുന്നു ചെല്ലുന്നില്ലേ എന്ന തരത്തില്‍ ഒരു പുഛം അവളുടെ കണ്ണില്‍ തെളിഞ്ഞ് മറഞ്ഞില്ലേ എന്ന് അവന് സംശയമായി.

അവന്‍ ഫോണെടുത്തു. “ഹലോ” “ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്” “പിന്നെ വിളിക്കൂ”. ഇംഗ്ഷിഷില്‍ സംസാരിച്ച അവന്റെ ശബ്ദത്തിന്റെ ദൃഢതയും കണ്ണുകളിലെ ഭാവവും കണ്ട് അവള്‍ വിളറി. ഫോണ്‍ കട്ട് ചെയ്ത് സൌമ്യനായി അവന്‍ അവളോട് മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ ഒരു പരുങ്ങലോടെ അവള്‍ ചായ മാത്രം ഓര്‍ഡര്‍ ചെയ്തു. അവന്‍ ഉള്ളില്‍ ഒന്ന് അമര്‍ന്ന് ചിരിച്ചു. ഈ അരമണിക്കൂര്‍ രസകരമായേക്കും. സീറ്റില്‍ ഒന്ന് ഇളകിയിരുന്ന് അവന്‍ പന്ത് ഫ്രീകിക്കിനായി പാസ് ചെയ്തു. ദൈവവിശ്വാസത്തെ പറ്റിയും വിവാഹ സങ്കല്‍പ്പത്തെ പറ്റിയുമെല്ലാം അവന്‍ എറിഞ്ഞ ചോദ്യങ്ങള്‍ക്ക് പ്രാക്ടീസ് സെഷനില്‍ പന്ത് പാസ് ചെയ്ത് കളിക്കും പോലെ അവള്‍ പറയുമെന്ന് പ്രതീക്ഷിച്ച ഉത്തരങ്ങള്‍ തന്നെ നല്‍കി.ഇടയ്ക്ക് ഒരു ബലത്തിനെന്ന പോലെ അവള്‍ ബാഗില്‍ നിന്ന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് മിസ് കോള്‍ ഉണ്ടോ എന്ന് നോക്കുന്നതായി ഭാവിച്ചു.ലൈബ്രറിയില്‍ വനിതാ മാഗസിനുകളില്‍ കണ്ണോടിയ്ക്കുമ്പോള്‍ ആവര്‍ത്തന വിരസത വരുത്താറുള്ള മടുപ്പ് അവന് അനുഭവപ്പട്ടു.പുറത്തേയ്ക്ക് വന്ന് ഒരു കോട്ടുവായ അവന്‍ കഷ്ടപ്പെട്ട് അടക്കി.

ബോസ് വീണ്ടും വിളിക്കുന്നതായി മൊബൈല്‍ അറിയിച്ചു. അവന്‍ കണ്ണിമ ചിമ്മാതെ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ മുഖത്തെ വിളര്‍ച്ച മാറി ഒരു കുസൃതിയുടെ ഭാവം വരുന്നത് അവന്‍ ശ്രദ്ധിച്ചു. എന്തോ പ്രതീക്ഷിച്ച് എന്ന പോലെ അവള്‍ ചെവി കൂര്‍പ്പിച്ച് അവന്റെ പിന്നിലേക്ക് നോട്ടം പായിച്ച് ഇരുന്നു. അവന്‍ ഫോണെടുത്തു. "Hello" "Yes" "You may be my boss but that doesn't mean I should accompany you to the disco " "I don't want to hear anything" "Don't call me back“ “I won't be available on this phone" അവന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു. അവള്‍ ഒന്നും മിണ്ടാതെ ഒഴിഞ്ഞ ചായക്കപ്പില്‍ എന്തോ സൂക്ഷിച്ച് നോക്കി ഇരിക്കുക ആയിരുന്നു. ഒരു പുഞ്ചിരിയോടെ ശാന്തസ്വരത്തില്‍ അവന്‍ ചോദിച്ചു “അധികം സംസാരിക്കാത്ത ടൈപ്പ് ശാന്തപ്രകൃതക്കാരിയാണല്ലേ?“

ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പ്പം, സാരിയാണോ ചുരിദാറാണോ നല്ലത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവള്‍ക്കൊരു രസമായിക്കോട്ടെ ചോദിച്ച് കളയാം എന്ന് കരുതി അവന്‍ മനസ്സില്‍ വെച്ചിരുന്നത് തട്ടിത്തെറിപ്പിച്ച് തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പിക്കൊണ്ട് അവള്‍ പറഞ്ഞു “സമയം കുറച്ചായി നമുക്കിറങ്ങാം“. അവന് ചിരിയാണ് വന്നത്. പോകുന്നതിന് മുമ്പ് ഇങ്ങോട്ടൊന്നും ചോദിക്കാനില്ലേ എന്ന് ചോദിച്ചതിന് അവള്‍ മടിച്ച് മടിച്ചാണ് മറുപടി പറഞ്ഞത് "ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??" അവന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “രണ്ട് രൂപ അമ്പത് പൈസ”. പരിസരം മറന്ന് തന്നെ നോക്കി നില്‍ക്കുന്ന അവളെ തിരിഞ്ഞ് നോക്കാതെ കൈ വീശി അവന്‍ പുറത്തെയ്ക്കിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു. പകുതി വഴിയ്ക്ക് ഇടത്തോട്ട് തിരിഞ്ഞ് റെസ്റ്റോറന്റിന്റെ റിസപ്ഷനിലേക്ക് നടന്നു, ആരോ മേശമേല്‍ മറന്ന് വെച്ച് പോയ ആ ഫോണ്‍ തിരിച്ചേല്‍പ്പിയ്ക്കാന്‍.

Monday, July 16, 2007

ചാര്‍ളി അഥവാ അതിപ്രശസ്തന്‍

ചാര്‍ളിയെ പറ്റി രണ്ട് വാക്ക് ആദ്യമേ പറയണമല്ലോ. ‘ചാര്‍ളി പാവമായിരുന്നു’. രണ്ട് കുപ്പി കള്ളിന്റെ പുറത്ത് അറിയാതെ ഇങ്ങനെ പറഞ്ഞ് പോയ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നത് മിനിഞ്ഞാന്നാണ്. പക്ഷെ ചാര്‍ളി പ്രശസ്തനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പലവിധത്തില്‍ ചാര്‍ളി പ്രശസ്തനായിരുന്നു. നാടൊട്ടുക്കും നടത്തിയ അപഥ സഞ്ചാരങ്ങളിലൂടെ ഏഴ് തലമുറ കഴിഞ്ഞാലും മായാത്ത ടൈപ്പ് പ്രശസ്തി.‘ക്യാപിറ്റല്‍ ബംഗ്ലാദേശ്’ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ തൊഴിലാളികളോടുള്ള മാതൃകാ പെരുമാറ്റത്തിന്റെ പേരില്‍ എവിടെയെങ്കിലും രണ്ട് തൊഴിലാളികള്‍ അബദ്ധവശാല്‍ കണ്ട് മുട്ടിയാല്‍ ചര്‍ച്ച ചാര്‍ളിയേയും കുടുംബത്തേയും പറ്റി ആവുന്ന ടൈപ്പ് പ്രശസ്തി. സൂസി-ഷേര്‍ളി തുടങ്ങിയ പേരുകളില്‍ തന്റെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയുള്ള ‘സ്ത്രീപക്ഷ‘ രചനകളാല്‍ പെണ്മക്കളുള്ള ഒരു മാതിരിപ്പെട്ട തന്തമാര്‍ക്കൊക്കെ പുത്രതുല്ല്യന്‍. അതായത് ചാര്‍ലിയെ പറ്റിയുള്ള വാചകം ഇവര്‍ എങ്ങനെ തുടങ്ങിയാലും --മോന്‍, --മോനേ എന്ന രീതിയില്‍ അവസാനിക്കുന്ന തരത്തിലുള്ള പ്രശസ്തി. ഇത്തരത്തില്‍ മലയാള സംസാരഭാഷാ വ്യാകരണത്തെ പൊളിച്ചെഴുതിയ വൈയാകരണന്‍ എന്ന നിലയില്‍ അതിപ്രശസ്തി.

പ്രശസ്തര്‍ കൂടുതല്‍ പ്രശസ്തരാവുകയും അപ്രശസ്തര്‍ കൂടുതല്‍ അപ്രശസ്തരാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രശസ്തരും അപ്രശസ്തരും തമ്മിലുള്ള വിടവ് എം സീല്‍ വെച്ച് ഒട്ടിക്കാവുന്നതിലും അധികം ഒരു നാള്‍ വര്‍ധിച്ചാല്‍ പിന്നെ തന്നെ പോലുള്ള പ്രശസ്തര്‍ എങ്ങനെ പ്രശസ്തി നിലനിര്‍ത്തും എന്ന് ചിന്തിച്ച് കളിയ്ക്കുന്നത് പ്രധാന തൊഴിലാക്കിയിരുന്ന ചാര്‍ളിയ്ക്ക് ഇതിന്റെ വിരസത മാറ്റാന്‍ ഒരു ചെറുകിട പത്രത്തില്‍ കേട്ടെഴുത്ത് എന്ന ജോലിയുമുണ്ടായിരുന്നു. സത്യത്തില്‍ ഇത്രയ്ക്ക് പ്രശസ്തനായ ചാര്‍ളിയ്ക്ക് അതിന്റെ ആവശ്യമുണ്ടായിട്ടല്ല. വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്ത് എന്നാല്‍ പിന്നെ മലയാള ഭാഷയേയും നാട്ടുകാരേയും അങ്ങ് ഉദ്ധരിച്ച് കളയാം എന്നൊരു തോന്നലുണ്ടാവുകയും ചെയ്തത് കാരണമാണ് ജോലിക്ക് ശ്രമിച്ചത്. നാട്ടുകാരെ പറ്റി തനിക്ക് പൊതുവെ ‘പോ പുല്ലേ’ എന്ന് പറയുന്ന പ്രത്യേകതരം കാഴ്ച്ചപ്പാടാണ് എന്ന് ചാര്‍ളി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഇന്‍ഫാക്ട് പത്രത്തിലേക്കുള്ള ഇന്റര്‍വ്യൂ സമയത്ത് പത്രാധിപര്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും താങ്കളുടെ നാട്ടുകാരാണ് എന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ എന്ന് കേട്ട മാത്രയില്‍ ചാര്‍ളി ശീലത്തിന്റെ പുറത്ത് തന്റെ കാഴ്ച്ചപ്പാടിന്റെ പേര് പറയുകയും ഒരു നിമിഷം താന്‍ ഇന്ത്യന്‍ പ്രസിഡണ്ട് തന്നെ ആവേണ്ടി വരുമോ എന്ന് പേടിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ (ചാര്‍ളിയുടെ എന്നാണ് ഉദ്ദേശിക്കുന്നത്, പത്രത്തിന്റെ അല്ല) പത്രാധിപര്‍ക്ക് ചെവി അല്‍പ്പം പതുക്കെ ആയതിനാല്‍ ചാര്‍ളിയ്ക്ക് ആ ദുര്യോഗം വന്ന് ഭവിച്ചില്ല. അങ്ങനെ കേട്ടെഴുത്ത് എന്ന് ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി ചാര്‍ളി വളരെ ശ്രദ്ധയോടെയും ഭംഗിയോടെയും ചെയ്ത് വന്നു. കേട്ടെഴുത്ത് ചെയ്യുമ്പോള്‍ താന്‍ കേള്‍ക്കുന്നത് കൂടാതെ കയ്യില്‍ നിന്നും അല്‍പ്പം ഇട്ട് എഴുതിയിരുന്നതിനാല്‍ പത്രപാരമ്പര്യം പിന്തുടര്‍ന്നതിന്റെ പേരില്‍ ചാര്‍ളി ജോലിസ്ഥലത്തും പ്രശസ്തനായി. ഒരുവേള ചാര്‍ളി ഈ പത്രത്തിന്റെ പത്രാധിപര്‍ തന്നെ ആയിമാറുമോ എന്ന് ജനം ഭയന്നു. വേളാങ്കണ്ണി മാതാവിനും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ കുന്ന് കൂടി. ഇരുവരും സ്വിസ്സ് ബാങ്കില്‍ അക്കൌണ്ടും കിസാന്‍ വികാസ് പത്രയില്‍ അംഗത്വവും നേടി.

അങ്ങനെ എല്ലാം മംഗളമായി (ഈ പ്രയോഗം ചാര്‍ളിയുടെ പത്രമോഫീസില്‍ നിരോധിയ്ക്കപെട്ടതാണത്രേ)നടന്ന് വരുന്നതിനിടയിലാണ് ചാര്‍ളിയുടെ കഷ്ടകാലം ആരംഭിയ്ക്കുന്നത്. മലയാള ഭാഷയെ ഉദ്ധരിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊക്കെ എത്തിച്ചേരുന്ന ആ സ്ഥലത്ത് തന്നെ ചാര്‍ളിയും ഒടുവില്‍ എത്തിച്ചേര്‍ന്നു. മലയാളം ബ്ലോഗുകള്‍. പത്രമോഫീസിലെ കേട്ടെഴുത്തിനിടയില്‍ വീണ് കിട്ടുന്ന ഒഴിവ് വേളകള്‍ ആനന്ദകരമാക്കാനാണ് ചാര്‍ളി ആദ്യമൊക്കെ ബ്ലോഗുകള്‍ തുറന്നിരുന്നത്. പിന്നീടാണ് ഈ മേഖലയില്‍ താന്‍ പ്രശസ്തനായിട്ടിലല്ല്ലോ എന്ന ചിന്ത ചാര്‍ളിയെ അലട്ടാന്‍ ആരംഭിയ്ക്കുന്നത്. ഒരു പതനത്തിന്റെ തുടക്കമായിരുന്നു അത്.