Wednesday, July 26, 2006

ഇന്റലിജന്‍സ് ഫെയില്യര്‍

ബാംഗ്ലൂരില്‍ ഞങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്മാരെല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. മാക്സിമം പണം ചെലവാക്കാതെ ജീവിച്ച് വീക്കെന്റുകളിലെ ആഘോഷവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യം കൂടാതെ ഒരു മതില്‍ ചാടിയാല്‍ ഓഫീസിലെത്താം എന്നുള്ളതും ഞങ്ങളെ ആ വീട് വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയെ ഏത് പാതിരാത്രിയിലും സേവിക്കാം എന്ന മഹത് ലക്ഷ്യം മാത്രമല്ല ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി, ഒരു വളവ് തിരിഞ്ഞാല്‍ വിമന്‍സ് കോളേജ് എത്തി എന്ന് ആരോ പറഞ്ഞ് കേട്ടത്, ബാര്‍ ഹോട്ടല്‍, സിനിമാ കൊട്ടക മുതലായവയിലേക്ക് സുമാര്‍ വരുന്ന ദൂരം വീട് ദല്ലാള്‍ കുറിച്ച് തന്നിരുന്ന കടലാസ് തുണ്ട് മുതലായവയും ഈ വീട് തെരഞ്ഞെടുത്ത തീരുമാനത്തിന് ജെയ് വിളിച്ചു. മഹാ അലമ്പ് ഏരിയാ ആണെന്ന് പലരും പറഞ്ഞെങ്കിലും മലയാളി പയ്യന്‍സിനേക്കാള്‍ വലിയ അലമ്പന്മാരോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിച്ചു.

ഒറ്റ നോട്ടത്തില്‍ പരമ അലമ്പ് ഏരിയാ ആണെന്ന് തോന്നിയത് മേല്‍ പറഞ്ഞ ജെയ് വിളിച്ച ഘടകങ്ങള്‍ വീറ്റോ ചെയ്തു. താമസം പരമ സുഖം. ജോലി കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്നു. മാനേജര്‍മാര്‍ക്കും മറ്റും ഞങ്ങളോട് അസൂയ. (അവര്‍ ജോലി കഴിഞ്ഞ് നാല് കിലോമീറ്റര്‍ ദൂരമൊക്കെ വരുന്ന വീടുകളിലേക്ക് വണ്ടിയോടിച്ച് പോകുന്നു. പൂമുഖവാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന പൂന്തിങ്കള്‍മാരുടെ കൈയ്യില്‍ ലഞ്ച് ബോക്സ് നല്‍കി ഉടന്‍ പിറ്റേ ദിവസത്തേക്കുള്ള ബോക്സുമായി തിരിച്ചിറങ്ങുന്നു. പുകള്‍ പെറ്റ ബാംഗ്ലൂര്‍ ട്രാഫിക്കിന് നന്ദി.)

കട്ടന്‍ ചായയുടെ ബലത്തില്‍ രാത്രി മുഴുവന്‍ ചീട്ട് കളി, ഞായറാഴ്ചകളില്‍ ബ്രിഗേഡ്സ് റോഡില്‍ തെണ്ടല്‍ വഴിപാട്, അകന്ന ബന്ധത്തിലെ അമ്മായി പ്രസവിച്ച സന്തോഷത്തിനും ചിറാപുഞ്ചിയില്‍ മഴ കുറഞ്ഞ സങ്കടത്തിനും വരെ ഡെഡിക്കേറ്റ് ചെയ്ത് വെള്ളമടി, വളവിലെ കോളേജില്‍ വരുന്ന ലോ വെയിസ്റ്റ് ജീന്‍സുകളുടെ ഇറക്കത്തിനെ പറ്റി ഡിബേറ്റും ഗവേഷണവും തുടങ്ങിയ പരമ്പരാഗത കലകളില്‍ ശ്രദ്ധ ചെലുത്തി ഞങ്ങള്‍ അര്‍മ്മാദിച്ച് ജീവിച്ച് വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ച് !

ഒരു ദിവസം ആരോ രണ്ടിന് പോകാന്‍ വേണ്ടി നോക്കുമ്പോല്‍ വെള്ളം, ബക്കറ്റ് എന്നീ വസ്തുക്കളേക്കാള്‍ അത്യാവശ്യമായ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ‘രണ്ടാം നമ്പര്‍‘ മുറിയുടെ വാതിലിനോട് ചേര്‍ത്ത് തൂക്കിയിരിക്കുന്ന സ്റ്റാന്റില്‍ സദാ സമയവും ഈ ജീവന്‍ രക്ഷാ മരുന്ന് ഉണ്ടായിരിക്കണം എന്നത് പൊതുവായ നിയമമായിരുന്നു. അവസാനത്തെ സിഗരറ്റ് വലിക്കുന്നയാള്‍ പരിപാടി കഴിഞ്ഞ് പുറത്ത് വന്നാലുടന്‍ പുതിയ പാക്കറ്റ് വാങ്ങിക്കൊണ്ട് വരണം. ഈ നിയമത്തിനെ മാനിച്ചാണ് കെ കെ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുഹൃത്ത് പുറത്തേക്കിറങ്ങിയത്.

രാത്രി ഒരു പത്ത് മണി നേരം. ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും. ദിവസവും കണ്ണുകളിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാറുള്ള കന്നഡക്കാരി പെണ്‍കുട്ടിക്ക് രണ്ട് മലയാളം പഴഞ്ചൊല്ല് പറഞ്ഞ് കൊടുക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ‘30 ദിവസത്തില്‍ മലയാളത്തിലൂടെ കന്നഡ പഠിക്കാം’ എന്ന പുസ്തകം വായിക്കുകയായിരുന്ന ഞാന്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ദാ‍ നില്‍ക്കുന്നു നമ്മുടെ കെ കെ വായില്‍ നിന്നും ചോരയൊക്കെ ഒലിപ്പിച്ച്. വസന്ത അണ്ണന്റെ കടയ്ക്ക് മുന്നില്‍ പഴത്തൊലി ചവിട്ടി വീണു എന്ന് പറയാന്‍ അവന് അവസരം കിട്ടുന്നതിന് മുമ്പേ ഞാന്‍ ചോദിച്ചു ‘അരാടാ പൂശിയത് ?’.

ഉടന്‍ തന്നെ എല്ലാവരും ഞങ്ങളുടെ ‘വാര്‍ റൂ‘മില്‍ (വീട് മൊയിലാളി രാമ മൂര്‍ത്തി കാണാതെ ‘പീനേ കാ പാനി’ സൂക്ഷിക്കുന്ന മുറി) കയറി കതകടച്ച് ഡിസ്കഷന്‍ തുടങ്ങി. സിഗരറ്റ് വാങ്ങിയതിന് ശേഷം ക്വാളിറ്റി ചെക്കിങ്ങിനായി ഒന്ന് വലിച്ച് പുക വിട്ട് നില്‍ക്കുമ്പോള്‍ ഒരു കന്നഡക്കാരന്‍ വന്ന് പേരും താമസ സ്ഥലവും ചോദിച്ചുവത്രേ. രണ്ടിനും തൃശൂര്‍ ആക്സന്റുള്ള കന്നഡയില്‍ മറുപടി നല്‍കിയ ഉടന്‍ രണ്ട് പെടയങ്ങ് പെടച്ചു എന്നും തിരിഞ്ഞ് നോക്കാതെ അയാള്‍ കടത്തിണ്ണയില്‍ കയറി ഇരിപ്പായി എന്നും കെ കെ മൊഴിഞ്ഞു. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കുന്ന സ്വഭാവമില്ലാത്തതിന്നാല്‍ നേരെ തിരിച്ച് പോരുകയും ചെയ്തു. ഇത്രയും ഡീറ്റെയിത്സ് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെട്ടു. ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും അതിനാല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ നാട്ടുകാരെ ബഹുമാനിച്ച് മിണ്ടാതിരിക്കാമെന്നും നാലാളടങ്ങുന്ന ഒരു വിഭാഗം. ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും അടിച്ചവന്റെ കൈ തല്ലി ഒടിക്കുകയൊന്നും ചെയ്തില്ലെങ്കിലും ഒരടിയെങ്കിലും തിരിച്ചടിക്കണമെന്ന് ഞാനും. ഒടുവില്‍ ഞങ്ങള്‍ ഒരു കോമ്പ്രമൈസിലെത്തി. തിരിച്ച് തല്ലണ്ട പക്ഷെ കാരണം ചോദിക്കണം.

കൂട്ടത്തിലെ പഞ്ചപാവവും ഏത് കാര്യത്തിലും ഒരു ‘ആന്റണി ലൈന്‍’ ഡിപ്ലൊമസിയുടെ വക്താവുമായ വിനുട്ടന്‍ ചോദിക്കാന്‍ പോയാല്‍ മതിയെന്ന് മൃഗീയ ഭൂരിപക്ഷം നിശ്ചയിച്ചു. കമ്പനിക്ക് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞ് ആരെങ്കിലും എതിര് പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ പുറത്ത് ചാടി സംഭവ സ്ഥലത്തേക്ക് നടന്നു. ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ് പരിപാടി ഒപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ആഞ്ഞ് നടന്നു. കെ കെ പറഞ്ഞ കടയുള്ള ഇടുങ്ങിയ ചേരി എന്ന് തന്നെ പറയാവുന്ന സ്ഥലം കണ്ടു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അലമ്പ് ‘ഡീഫാള്‍ട്ട്’ സ്വഭാവമാക്കിയിരുന്ന കെ കെ അടി വാങ്ങി ഒരക്ഷരം പോലും പറയാതെ തിരിച്ച് വന്നതെന്തേ എന്നായിരുന്നു. അവന്റെ സ്വഭാവം വെച്ച് അനലൈസ് ചെയ്യുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയത് മൂക്ക് കണ്‍ഫേം ചെയ്തു.

കട നേരത്തേ അടച്ചിരിക്കുന്നു. വിജനമായ പാത. കുറച്ച് ദൂരെയുള്ള വീടുകളില്‍ നിന്ന് വരുന്ന ഇത്തിരി വെട്ടം മാത്രം.ഇരുട്ടത്ത് കടയുടെ മുന്‍പില്‍ ഇരിക്കുന്ന ആ രൂപത്തിനെ ഞാന്‍ കണ്ടു. തല വഴി കമ്പിളി പുതച്ച് കൂനിക്കൂടിയിരിക്കുന്നു. കെ കെ പറഞ്ഞ പോലെ കടത്തിണ്ണയില്‍ ഇരിക്കുന്നയാള്‍ ഇയാള്‍ തന്നെ. പാവം ഏതോ പിച്ചക്കാരനാണ് ഒന്ന് വിരട്ടിയേക്കാം എന്ന് വിചാരിച്ച് അടുത്ത് ചെന്നു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അയാള്‍ കാല്‍പ്പെരുമാറ്റം കേട്ട് കമ്പിളി മാറ്റി. പിച്ചക്കാരന്‍ എന്ന് കരുതിയ ആള്‍ ജയന്റെ സിനിമകളിലെ വില്ലന്‍ ‘ജഗ്ഗു’വിനെപ്പോലിരിക്കുന്നു. എന്റെ തള്ളിപ്പോയ കണ്ണുകള്‍ പെട്ടെന്ന് തന്നെ അയാലുടെ പിന്നില്‍ ചാരി വെച്ചിരിക്കുന്ന ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തു. വളഞ്ഞ് തോട്ടി പോലിരിക്കുന്ന ആ വസ്തു കന്നഡ തട്ട്പൊളിപ്പന്‍ സിനിമകളുടെ അവിഭാജ്യ ഘടകവും നായകന്മാരുടെ ഇമേജ് വര്‍ദ്ധകനും ആയ സാക്ഷാല്‍ കൊടുവാളായിരുന്നു. ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു.

തിരിച്ച് നടക്കാന്‍ വേണ്ടി ഞാന്‍ മെല്ലെ ഒന്നാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ “ഡായ്...” എന്ന് വിളിച്ച് ജഗ്ഗു മുന്നോട്ട് ചാടിയതും ഒന്നിച്ചായിരുന്നു.പിന്നീട് സംഭവിച്ചതെല്ലാം ഒരു രണ്ട് സെക്കന്റില്‍ കഴിഞ്ഞ് കാണും. എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി. ഏതോ ലോക്കല്‍ ബ്രാന്റ് സാധനം കുപ്പിയോടെ നില്‍പ്പനടിച്ചിട്ടാണ് ‘ജഗ്ഗു‘ വന്നിരുന്നത് എന്ന് സുഗന്ധത്തില്‍ നിന്ന് മനസ്സിലായി. എന്നെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ കക്ഷി കാല് തെറ്റി മലര്‍ന്നടിച്ച് ചാരി വെച്ചിരുന്ന വാളിന്റെ മുകളിലേക്ക് വീണു.

കിട്ടിയ അവസരം മുതലാക്കി തിരിഞ്ഞ് നോക്കാതെ അവിടെ നിന്ന് ഓടി തടിയെടുത്ത ഞാന്‍ വഴിയില്‍ വെച്ച് കണ്ട വിനുട്ടനോട് കടയുടെ പരിസരത്തെങ്ങും ആരെയും കണ്ടില്ല എന്ന് പറഞ്ഞ് അവനേയും കൂട്ടി തിരിച്ച് നടന്നു. പിറ്റേന്ന് രാവിലെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ മഹര്‍ഷി ധ്യാനത്തില്‍ നിന്ന് ഉണരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് പോലെ സഹവീടന്മാര്‍ എല്ലാവരും നിരന്നിരിക്കുന്നു. എന്റെ മുന്നില്‍ ചൂടുള്ള ചായ അതും പതിവായുള്ള കയപ്പന്‍ സുലൈമാനിയ്ക്ക് പകരം പാലൊഴിച്ചവന്‍! ആരുടേയും മുഖത്ത് നോക്കാതെ ചായ ആസ്വദിച്ചിരുന്ന എന്നോട് വിനുട്ടനാണ് പറഞ്ഞത് “ഇന്നലെ നീ ഇടിച്ച് മലത്തിയത് ആരെയാണെന്നറിയാമോ? ഈ ഏരിയയിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും ഒരാളെ വെട്ടിക്കൊന്ന് ജയിലില്‍ പോയി ഒരാഴ്ച മുമ്പെ റിലീസായവനുമായ രാമപ്പയെ. അയാള്‍ക്ക് നെറ്റിയില്‍ മൂന്ന് സ്റ്റിച്ചിടേണ്ടി വന്നു. നീ എന്താ ചെയ്തത് അയാളെ?”

എനിക്ക് ഒന്നും വിശദീകരിക്കാന്‍ നേരമുണ്ടായിരുന്നില്ല. എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു. വൈകുന്നേരം വീടിന്റെ വാതില്‍ തുറന്ന് തന്ന അമ്മ ലാല്‍ബാഗിലെ ‘ഫ്ലവര്‍ ഷോ‘ കഴിയാതെ നാട്ടിലേക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ മോനെ ആ നേരത്ത് അവിടെ കണ്ട് അല്‍ഭുതപ്പെട്ട് കാണണം. എന്തായാലും ഞാന്‍ പിന്നെ തിരിച്ച് ബാംഗ്ലൂരില്‍ പൊങ്ങിയപ്പോളേക്കും കൂട്ടുകാരുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ടായി എന്നതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് കന്നഡ പഠിക്കാതെ തന്നെ പല കന്നഡ പെണ്‍കുട്ടികളുമായും ആശയ സംവേദനം നടത്താനുള്ള സിദ്ധി ഈ സംഭവത്തിന് ശേഷം എനിക്ക് കിട്ടി എന്നുതാണ്. എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നത്? ഇന്റലിജന്‍സ് ഫെയിലിയറാണ് ഇറാക്കിലെ കുടുക്കില്‍ പെടാന്‍ കാരണം എന്ന് ബുഷ് പറയുമ്പോള്‍ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. പാവം ബുഷ്...

45 comments:

Unknown said...

“ഡാ ദില്‍ബാ.. എന്താ അന്റെ വിചാരം? വായില്‍ തോന്നിയ കമന്റിട്ട് നടന്നാല്‍ ബ്ലോഗനാവ്വോ? എഴുതടാ എന്തെങ്കിലും“ എന്ന് പറഞ്ഞ് എന്നെ ശല്യം ചെയ്ത എല്ലാവര്‍ക്കുമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.

നീല കുറിഞ്ഞി പൂക്കുന്നത് പോലെ ഇല്ലാത്ത സമയത്ത് ഇരുന്ന് എഴുതിയുണ്ടാക്കിയ ഈ സാധനം ഏവൂരാന്‍ മാഷ് ‘കച്ചറ’എന്ന വിഭാഗത്തില്‍ പെടുത്തിയേക്കാം. :-)

Rasheed Chalil said...

ഡാ ദില്‍ബാ.. നീപുലിയാണടാ ഗഡീ പെറും പുലിയല്ല വക്കരിമാഷുടെ ആന പോലെയുള്ള പുപ്പുലി.. വരട്ടേ ഇത്തരം ഐറ്റംസ് ഇനിയും.


ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ്.........

ഈ കൈത്തരിപ്പ് ഇപ്പോള്‍ തീര്‍ക്കുന്നത് കമന്റിയാണല്ലെ... പിന്നെ ചിരിച്ച് മണ്ണുകപ്പി. ഇനി അടുത്ത പോസ്റ്റിന് നീലക്കുറുഞ്ഞിയെ കാത്തിരിക്കേണ്ട. പോരട്ടേ ഇത്തരം സ്റ്റോക്കുകള്‍.

myexperimentsandme said...

ഹ...ഹ...ദില്ലുബ്ബാ, അത് തകര്‍ത്തു. രസിച്ച് വായിച്ചു.

“ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും... ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും...”

അവസാനം സംഗതി ഒരു സമദൂരസിദ്ധാന്തത്തില്‍ കൊണ്ടുപോയെത്തിച്ച ബുദ്ധി കൊള്ളാം.

“ ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും”

അയ്യേ :)

myexperimentsandme said...

ഹ...ഹ...ദില്ലുബ്ബാ, അത് തകര്‍ത്തു. രസിച്ച് വായിച്ചു.

“ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും... ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും...”

അവസാനം സംഗതി ഒരു സമദൂരസിദ്ധാന്തത്തില്‍ കൊണ്ടുപോയെത്തിച്ച ബുദ്ധി കൊള്ളാം.

“ ഞങ്ങള്‍‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും”

അയ്യേ :)

ലിഡിയ said...

ദില്‍ബുക്കുട്ടാ..നീയാള് കൊള്ളാമല്ലോ..നല്ല വീര്യമുള്ള കഥകള്‍..”ങേ”(ആശ്ചര്യ ചിഹ്നം)..

നഞ്ചെന്തിനാ നന്നാഴീന്നാവും പോളിസി അല്ലേ, അതാവും നീലകുറിഞ്ഞി പോലെ പൂക്കുന്നത്..

ഈ സീസണ്‍ കൊഴുത്തു.

-പാര്‍വതി.

വല്യമ്മായി said...

പണ്ടേ പുലിയായിരുന്നല്ലേ

asdfasdf asfdasdf said...

അപ്പൊ ദില്‍ബു ഒരു ക(കി)ടുവ തന്നെയാണല്ലേ..ഇത്രയും കാലം ഒരു പുലി(വാലാ)ലാണെന്ന് കരുതിയത് തെറ്റി..നന്നായ്ട്ട്ണ്ട് ട്ടാ..

prapra said...

അടിപൊളി ദില്ബൂ... എവിടെ ആയിരുന്നു താമസം? പഴയ കുറേ കാര്യങ്ങള്‍ വല്ലാതെ ഓര്മ്മിപ്പിച്ചല്ലോ?

Sreejith K. said...

മ്വാനേ, ദില്‍ബൂ. കിടിലന്‍. കിക്കിടിലന്‍.

ഒത്തിരി ഇഷ്ടായി. ഈ കൊടുംകാറ്റ് പോസ്റ്റുമായി വരാനാണോ ഈ ഇത്ര കാലം മിണ്ടാതിരുന്നത്? ശ്ശോ. ഞാന്‍ നിന്റെ ഫാനായി. നിന്റെ കമന്റുകള്‍ കണ്ടിട്ട് ഇത്രയും ഹ്യൂമര്‍ സെന്‍സ് കൈയ്യിലൂണ്ടായിരുന്നു എന്ന് മനസ്സിലായിരുന്നില്ല. നമിച്ചു

Anonymous said...

ദില്‍ബൂട്ടിയെ
എനിക്ക് വയ്യ! ഇത്രേം രസിച്ച ഒരു പോസ്റ്റില്ല ഈയടുത്ത്.
അടിപൊളി ഹായ്!

എന്നിട്ടാണല്ലെ ഇത്രേം നാള് മടി പിടിച്ച് ഇരുന്നത്..ഇനി ദില്‍ബൂട്ടി വെക്കുന്ന 10 കമന്റിന് ഒരു പോസ്റ്റിറക്കണം എന്ന് വല്ലോ റൂളും ഇറക്കിയാലൊ...അല്ലെങ്കില്‍ ഇനി ചെവിക്ക് പിടിക്കും! ങ്ങാ..! :-)

സു | Su said...

ദില്‍ബൂ,
എന്റെ ഉണ്ണീ, നീ ഉരലില്‍ ഇരിക്കേണ്ടവനല്ല. സിംഹാസനത്തില്‍ ഇരിക്കൂ.

ഇനി ബാംഗ്ലൂരില്‍ പോയിട്ട് ‘മേം ദില്‍ബൂ കാ ദോസ്ത് ' എന്ന് പറഞ്ഞാല്‍ വല്ലതും നടക്കുമോ? അതോ പിന്നെയെനിക്ക് നടക്കേണ്ടി വരില്ലേ ?

വളയം said...

കമന്റൊ, ചിരിയോ ഏതാപ്പൊ നിര്‍ത്തണ്ട്

ബിന്ദു said...

ഹി ഹി.. ഈ ഒരൊറ്റ സംഭവം കൊണ്ട് ഉരലില്‍ നിന്നു സിംഹാസനത്തിലേക്ക്. :)എന്നാലും അയാളെന്തിനാ വെറുതെ നടക്കുന്നവര്‍ക്കിട്ടടിച്ചു കൈത്തരിപ്പു തീര്‍ക്കുന്നത്? എവിടെയൊക്കെയോ നിഗൂഢത. :)നല്ല രസമുണ്ടായിരുന്നു.

aneel kumar said...

:))

"ഇന്റലിജന്‍സ് ഫെയില്യര്‍" കാലികപ്രധാന്യമായ തലവാചകം ല്ലേ ദില്‍ബൂ ? ;)

റീനി said...

ദില്‍ബൂ...........രാമപ്പ വരുന്നുണ്ട്‌ ഓടിക്കോളൂ.......

രസിച്ചിരുന്ന്‌ വായിച്ചു.....ധര്യായിട്ട്‌ എഴുത്ത്‌ തുടര്‍ന്നോളൂ.

Adithyan said...

ദില്‍ബ്വേ, സൂപ്പറായിരിക്കുന്നു ചുള്ളാ... :)
അപ്പോ ബാംഗ്ലൂര്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ദൂഫായിലോട്ട് പോയതല്ലല്ലെ? ഇതു പോലെ ഏതോ കടുംവെട്ട് കേസ് വെട്ടാന്‍ ഓടിച്ചപ്പോ ഓടിച്ചെന്ന് പ്ലെയിനില്‍ കയറിയതാ അല്ലെ? (മറ്റെ കണക്ഷന്‍ അങ്ങനെ വന്നതാ അല്ലെ? ;)

നല്ല വിവരണം മച്ചൂ. അലക്കിപ്പൊളിച്ചില്ലെ...

ബാംഗ്ലൂര്‍ നോക്കീം കണ്ടും നടന്നില്ലേല്‍ മലയാളികള്‍ക്ക് അടി എപ്പോ കിട്ടി എന്ന് ചോദിച്ചാ മതി. മലയാളികളെ തല്ലുന്നത് ലോക്കല്‍ കന്നഡക്കാരടെ ഹോബിയാണ്. (കിട്ടിയ അനുഭവം വെച്ചല്ല. കണ്ട അനുഭവം മാത്രം :)

Unknown said...

എന്താപ്പദ്? ഒന്ന് ഉറങ്ങി നീട്ടപ്പഴക്ക് കമന്റിന്റെ രാത്രി മഴ പെയ്തോ?

ഇത്തിരിവെട്ടംസ്:നീപുലിയാണടാ ഗഡീ പെറും പുലിയല്ല ഞാന്‍ പെറും പുലിയോ? വിശ്വപ്രഭചേച്ചീ എന്ന് വിളിച്ച് പോലെ.. :D നന്ദി.

വഴക്കാരി മാഷേ:അയ്യേ... ഞാനും അത് ശ്രദ്ധിച്ചിരുന്നില്ല. :-) നന്ദ്രി. ദാ സമ്മാനമായി ഒരു പടല പഴം!

പാറു ചേച്ചീ: നഞ്ചന്ന്യാ... :-) (ആ പ്രൊഫൈലിലെ പടം ഒന്ന് ഒന്നര പടമായി ട്ടോ)നന്ദി

വല്ല്യമ്മായീ: ഊതരുത് പ്ലീസ്.... :-) നന്ദി

കുട്ട മേനോഞ്ചേട്ടാ: രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി :-) (നാടന്‍ കഥകള്‍ സൂപ്പറാണ് ട്ടോ)

പ്രാപ്രാ: താമസം ജയാനഗര്‍ സെക്കന്റ് ബ്ലോക്കിലെ കങ്കനപ്പാളയത്ത് ആയിരുന്നു. നന്ദി :-)

ശ്രീജീ: മ്വോനേ... ഇജ്ജ് ഇന്റെ ഫാനാവേ? മുണ്ടാണ്ടിരുന്നോ അവടെ. :-)

ഇഞ്ചി ചേച്ചീ: എന്റെ ചെവി..... :( നന്ദി!

സു ചേച്ചീ: ബാംഗ്ലൂരില്‍ പോയി എന്റെ പേര് പറഞ്ഞാല്‍ എന്തെങ്കിലും നടക്കുമോന്നോ? പിന്നെ അവിടെ എന്ത് നടക്കും എന്ന് എനിക്ക് അറിയില്ല. :) നന്ദി!

വളയം: ഒന്നും നിര്‍ത്തരുത് പ്ലീസ്.. :) നന്ദി!

ബിന്ദു ചേച്ചീ: എന്തൊക്കെ നിഗൂഢതകളുണ്ട് ലോകത്ത്? ഇതും... :-) നന്ദി!

അനിലേട്ടാ: നന്ദി! :-)

റീനി ചേച്ചീ: പേടിപ്പിക്കരുത് പ്ലീസ്... :-) നന്ദി!

ആദീ: ഞാന്‍ ഉറങ്ങുന്ന നേരത്ത് അമേരിക്കയിലിരുന്ന് പലയിടത്തും എനിക്ക് പാര വെക്കുന്നത് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. എനിക്കങ്ങോട്ട് വരാന്‍ ഒരു ടിക്കറ്റ് സംഘടിപ്പിക്കാന്‍ ഒരു ഫോണ്‍ കോളിന്റെ ചെലവേയുള്ളൂ എന്ന് ഓര്‍ത്താല്‍ നന്ന്. :-) (നന്നീണ്ട്രാ മോനേ... നന്ദി)

(ഇപ്പോള്‍ കമന്റിയ എല്ലാവര്‍ക്കും ബിരിയാണിചേച്ചിയുടെ വക സദ്യ ഉണ്ടായിരിക്കുന്നതാണ്)

മുല്ലപ്പൂ said...

ദില്‍ബൂ,
ഇമ്മാതിരി ഐറ്റെംസ് കൈയ്യിലുണ്ടായിരുന്നിട്ടാണോ ഇത്ര്യും നാള്‍.
കിടിലന്‍ എഴുത്തു.

എനിക്കിഷ്ടം ഇങ്ങനെയുള്ള പോസ്റ്റുകളാ. വായിച്ചതിനു ശേഷവും, ഒരു ചിരി ബാക്കി നിര്‍ത്തുന്നവ.

Visala Manaskan said...

'ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു'

'എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി'

അതിഗംഭീരം. ആര്‍ഭാടം.

അറിഞ്ഞില്ലാ.. ഇത്രേം വല്യ പുലിയാണെന്നറിഞ്ഞില്ല.. (സര്‍ഗ്ഗത്തില്‍ നെടുമുടി വിനീതിനോട് പറയുന്ന ഡയലോഗ്)

നീ താരമാടാ കണ്ണാ . താരം. മെഗാതാരം.

RR said...

തകര്‍ത്തു ദില്‍ബു :) വായിച്ചിട്ടു 10 മിനിറ്റ്‌ ആയി.. ദാ..ഇതു വരെ ചിരി നിന്നില്ല :) ഇങ്ങനത്തെ സംഭവങ്ങള്‍ ഒക്കെ ഉണ്ടായിട്ടണോ പോസ്റ്റ്‌ ഒന്നും ഇടാതെ കമന്റ്‌ മാത്രം ഇട്ടു നടക്കുന്നത്‌? ( ഞാന്‍ തന്നെ വേണം ഇതു പറയാന്‍ ;) )

Rasheed Chalil said...

നീപുലിയാണടാ ഗഡീ പെറും പുലിയല്ല...

ഞാന്‍ ആണ്‍പുലിയെന്ന് പറഞ്ഞതല്ലെ ഗഡീ. ഈ ദില്‍ബന്റെരു കാര്യം

ഓ.ടോ : ഈ അക്ഷരപിശാചിനെ കൊണ്ട് തോറ്റു

സുമാത്ര said...

ദില്‍ബൂസ് നീ ആരാ.. ശിക്കാരിശംഭുവിന്റെ ഡ്യൂപ്ലിക്കേറ്റോ..?ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി എനിക്കിഷ്ടായീ... നന്നായി നന്നായി..

myexperimentsandme said...

'എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി '.

ആ തിരിച്ചുപോക്കില്‍ മന്‍‌ജിത്ത് ഇവിടെ പറഞ്ഞപോലത്തെ പുരുഷത്വത്തിന്റെ അധികാരചിഹ്നം വല്ലതും ഉണ്ടായോ ദില്‍‌ബൂനും?

മുസ്തഫ|musthapha said...

കലക്കീടാ മോനേ ദില്‍ബാസുരേശാ...

നാട്ടിലേക്ക് വണ്ടി കയറാന്‍ കാണിച്ച ആ തിടുക്കം... ബ്ലോഗെഴുതാന്‍ കാണിച്ചിരുന്നേല്‍... എത്രയോ കഥകള്‍ കേള്‍ക്കായിരുന്നു ബൂലോകര്‍ക്ക്.

തകര്‍ത്തടക്കിക്കളഞ്ഞു.

ഭ്യാവ്യുകങ്ങള്‍ :)

Unknown said...

വക്കാരി മാഷേ,
ഹ ഹ...

തിരിച്ച് ഓടുമ്പോള്‍ ആദ്യം ചെക്ക് ചെയ്തത് ഫ്യൂവല്‍ വല്ലതും ലീക്കായി ട്രൌസറിലായോ എന്നാണ്. അതുണ്ടായില്ല ഭാഗ്യത്തിന്. പിന്നെ അധികാരച്ചിഹ്നമായി കീഴ് ശ്വാസമൊന്നും ഉണ്ടായില്ല അഥവാ ഉണ്ടായിട്ടുണ്ടാവാമെങ്കിലും എനിക്കെന്തോ അപ്പൊ അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയ മൂഡായിരുന്നില്ല (ദൈവത്തിന്റെ സ്വന്തം മൂഡേയ്..)എന്തായാലും ഒരു ആശ്വാസം ഉണ്ടായത് എനിക്ക് ഓര്‍മ്മയുണ്ട്.

(ഓടോ: വക്കാരിക്കാക്കാ... ഇങ്ങളും ഞമ്മളെ‍ ഒരു ഗേപ്പ് നോക്കി നടക്കായിര്ന്ന് ല്ലേ..) :-)

Promod P P said...

തുമ്പ ചെനാഗിതെ കണ്ണോ
മജാ മാഡണാ മജാ മാഡി

Unknown said...

തഥാഗതണ്ണാ ഹ ഹ...
നമഗെ കന്നഡ ബറല്ലാ...
ഒരു വട്ടം ശ്രമിച്ചതിന് കിട്ടിയ മറുപടി “ആമേലെ നീനു കന്നഡ മാത്താഡിനാ,ഒഡിത്തീനീ..” എന്നായിരുന്നു.
നന്ദി!

:: niKk | നിക്ക് :: said...

ഹഹഹ... ദില്‍ബൂസേ കിടിലോല്‍ക്കിടിലം !!!

നീയും ബുഷും ഗഡീസായല്ലോടേയ് ഇക്കാര്യത്തിലെങ്കിലും... ഇന്റലിജന്‍സ് ഫെയില്യര്‍ !!!

ടൈറ്റിലും വിവരണവും അസ്സലായിട്ടുണ്ട്. :)

ദില്‍രുബാ ഇനീണ്ടാവുമല്ലോ സ്റ്റോക്ക്... കൂടുതല്‍ എഴുതൂട്ട്രാ...

അരവിന്ദ് :: aravind said...

അസുരാ...നല്ല ഉശിരന്‍ പോസ്റ്റ്!
തകര്‍ത്തു എന്ന്‌ച്ചാ തകതകര്‍ത്തു! :-))

കരീം മാഷ്‌ said...

ലാല്‍ ബാഗിലെ ഫ്‌ളവര്‍ ഷോയെക്കാള്‍ വലുത്‌ ജീവന്‍ തന്നെ. കലക്കീട്ടുണ്ട്‌. സൂപ്പര്‍. പോരട്ടങ്ങനെ പോരട്ടെ ഓരോന്നായി പോരട്ടെ..!

Unknown said...

ദില്‍ബാസുരന്‍ വക രണ്ടാം ഘട്ട നന്ദി പ്രകാശന വെടിക്കെട്ട് മഹാമഹം:
1)മുല്ലപ്പൂ ചേച്ചീ.. എനിക്കും അങ്ങനെത്തന്നെ :)
2) തലയില്‍ മുണ്ടിട്ട കള്ളന്‍/കള്ള് ഷാപ്പ് വിശാലേട്ടാ.. അതൊക്കെ താങ്കളുടെ മനസ്സിന്റെ വിശാലത കൊണ്ട് തോന്നുന്നതല്ലേ. നന്ദി!
3)ആറാറ് മുപ്പത്താറ് ചേട്ടാ ഇന്തപ്പക്കം വന്തതുക്ക് റോമ്പ നന്ദ്രി. :)
4)ഇത്തിരിവെട്ടം ചേട്ടാ: ഠേ!
5)സുമാത്ര: ഞാനാരാണെന്ന് അല്ലേ? താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍....
6)വക്കാരി:പുരുഷ മേധാവിത്വ/അധികാര ചിന്നംവിളി ഓര്‍മ്മിപ്പിച്ചതിന് നന്ദി.
7)അഗ്രജേട്ടാ: നന്ദി.വീണ്ടും സന്ധിപ്പും വരൈക്കും വണക്കം.:)
8)തഥാഗതന്‍:ബുദ്ധം ശരണം ഗഛാമി! നന്ദി.
9)നിക്ക്: താങ്ക്യൂ.. താങ്ക്യൂ
10) അരവീ:ഈ വഴി വന്നതിന് ന്നാ.. ഒരു നാരങ്ങമുട്ടായി
11)കരീം മാഷേ: ഒരു പാട് നന്ദി.

neermathalam said...

dilbasuraaaaaaa.....
eyalu alllu puliyannu..chiyechi parangu..
atha onnu vannu nokkam ennu vichariche...
ethippo..vishalanettenhe aniyathi chiyechi..
chiyechide aniyan dilbu..
engine ellarum koode enne chiripicha....enthu cheyyane estha...
kalakkkii..nu paranga kalakki...

ഇടിവാള്‍ said...

മോനേ.. ദില്‍ബൂ.. ഞാനിത് ഇപ്പഴാ വായിച്ചേ... നല്ല തെരക്കിലായിരുന്നേ..
കണ്ണൂരു നിന്നും 6 മണിക്കൂര്‍ ശകടമോടിച്ച് ഇപ്പോ കുടുമ്മത്തു കേറിയ ക്ഷീണം തീര്‍ന്നു ഇതു വായിച്ചപ്പോ !

അലക്കന്‍ സാധനം !

ഇതൊക്കെയുണ്ടായിട്ടാ മോനേ, നീ പൂവാലന്മാരെപ്പോലെ വെറുതെ കമന്റുമടിച്ചു നടക്കുന്നേ ! ??

ഇനി ആഴ്ചയില്‍ ഓരോ പോസ്റ്റിറക്കിയില്ലേല്‍ ഞാണ്‍ വീട്ടീക്കേറി അടിക്കും കേട്ടാ ?? ഹാ !

Santhosh said...

കാണാന്‍ വൈകി ദില്‍ബൂ. അടിപൊളി. അന്നു മുങ്ങിയതാണല്ലേ, പിന്നെ ഇവിടെയാണോ പൊങ്ങുന്നത്? രാമപ്പ മലയാളം പഠിച്ചു തുടങ്ങിയെന്നാണ് കേട്ടത്...

രാജാവു് said...

ചിരി തീര്‍‍ന്നിട്ടില്ലാ.
എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നതു്.
രസിച്ചേ.
രാജാവു്.

Unknown said...

നീര്‍മാ‍തളം: നന്ദി! ആരാ ആ ചേച്ചി? :)

ഇടിവാള്‍ ഗഡീ:വീട്ടില്‍ കേറി അടിയ്ക്കരുത് പ്ലീസ്.. അത് എന്റെ ഇമേജിനെ ബാധിക്കും. ഞാന്‍ റോളാ പാര്‍ക്കില്‍ വരാം. എല്ലാം അവിടെ വെച്ച് സെറ്റില്‍മെന്റാക്കാം. :)

സന്തോഷേട്ടാ:രാമപ്പ മലയാളവും പഠിച്ചോ? ഇനി ഒരു ബൂലോഗനുമായിക്കാണുമോ ബ്ലോഗനാര്‍ക്കാവിലമ്മേ..:)

രാജാവേ: വായിച്ച് പള്ളിച്ചിരി ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. അടിയന്‍ കൊട്ടാരത്തില്‍ വന്ന് കാണുന്നുണ്ട്... :)

കുഞ്ഞാപ്പൂ‍ said...

ഇജു ഞമ്മളെ ആളാ‍ാ. നന്നയിട്ടുണ്ട്.

ബഹുവ്രീഹി said...

എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു.


കലക്കീട്ടോ മാഷേ..

asdfasdf asfdasdf said...

ദില്‍ബൂ പ്രൊഫൈലിലെ പുതിയ പടം നന്നായി. നല്ല ചേര്‍ച്ചയുണ്ട്. ഏതാ കഥ ? നളചരിതമാണോ കീചക വധമാണോ .. ഒന്ന്വങ്ങട് മനസ്സിലാവ്ണില്യ..

Unknown said...

കുട്ടമേനോഞ്ചേട്ടാ,
കഥ നമ്മടെ പഴേ കഥ തന്നെ. ‘ദില്‍ബാസുരവധം ആട്ടക്കഥ’ :-)

സ്റ്റൂളില്‍ മേല്‍ കയറിനിന്ന് ചാടി ഗദ വീശി ‘ബ്വേയ്യ്യ്യ്യ്യ്യ്യ്യ്’ എന്ന് ആര്‍ത്ത് വിളിച്ച് മനോധര്‍മ്മമാടുന്ന അസുരന്‍. ‘നിന്റെ കണ്ണുകള്‍ ഞാന്‍ മാന്തിയെടുത്ത് ഇരുകൈകള്‍ കൊണ്ടും അമ്മാനമാടും‘ എന്ന് മുദ്ര.

(ഓടോ: അടുത്ത പൂരത്തിന് വീട്ടിലെത്തണം) :-)

asdfasdf asfdasdf said...

ഹ ഹ ഹാ..

Kalesh Kumar said...

ദില്‍ബ-ദാദാ, അല്‍-ഷര്‍ക്കയ്ക്ക് വണ്ടി പിടിക്കാന്‍ കാരണം ഈ ദാദാ പ്രവര്‍ത്തനമായിരുന്നോ?

കിടിലന്‍ പോസ്റ്റ് !

അനംഗാരി said...

മോനെ ദില്‍ബനപ്പാ..ഇതിലെ കെ.കെ. നീയും, നീ കെ.കെയും അല്ലെ?. ആ സംഭവത്തിനുശേഷം ദില്‍ബന്‍ ബാംഗ്ലൂരില്‍ നിന്ന് രാക്കുരാമാനം വണ്ടികയറി എന്ന് ഒരു നാട്ടു വാര്‍ത്ത ഉണ്ടായിരുന്നു.

ഓ:ട്: ഇതു കലക്കി. എന്നിട്ട് കന്നട പഠിച്ചോ?.എത്ര ലൈനുകള്‍ വീണു?

Anonymous said...

Gidilaan...ഗഡ്യേ..
ഇനി എപ്പോഴ്ങ്കിലും തെണ്ടിപ്പിള്ളേരെക്കൊണ്ട് തല്ലിപ്പിക്കേണ്ട അവസ്ഥ വന്നാല്‍ ദില്‍ബൂനേം, ബിനൂനേം വിളിക്കാലോ

Lonappan

Sulfikar Manalvayal said...

യഥാര്‍ത്ഥത്തില്‍ അന്ന് അയാളോട് കിട്ടിയ അടിക്കു ശേഷം ചികിത്സക്കാന് നാട്ടില്‍ പോയതെന്ന് മാറ്റൊരോടും പറഞ്ഞില്ലെങ്കിലും. എനിക്കറിയാമായിരുന്നുട്ടോ
കലക്കി..