Saturday, March 03, 2007

കൊളസ്ട്രോള്‍

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

ഈയിടെയായി ആരോഗ്യം മോശമായി വരുന്നു. ഈ നെയ്യും പഞ്ചസാരയും കല്‍ക്കണ്ടവും തേങ്ങയും കൊപ്രയുമൊക്കെ തിന്ന് കൊളസ്ട്രോള്‍ കൂടിയിരിക്കുമോ എന്നാണ് പേടി. ഒരു തമിഴന്‍ ഭക്തന്‍ തേങ്ങ പൊതിഞ്ഞ് കൊണ്ട് വന്ന പത്രത്തിന്റെ കഷ്ണത്തിലാണ് സ്വാമി ‘കുളസ്ട്രാളി‘നെ പറ്റി വായിക്കുന്നത്. പണ്ട് മദിരാശിയില്‍ പൂവരശ് കൌണ്ടര്‍ എന്ന കള്ളപ്പേരില്‍ ടൈപ്പ് റൈറ്റിങ് പഠിയ്ക്കുന്ന കാലത്ത് പഠിച്ച മുറിത്തമിഴ് വെച്ച് അയ്യന്‍ ‘ഡോക്ടറോട് ചോദിപ്പിന്‍‘ പംക്തി വായിച്ചു.

തിണ്ടിവനത്ത് നിന്ന് ചൊക്കലിംഗം: ഡോക്ടര്‍, ഞാന്‍ 45 വയസുള്ള യുവാവാണ്. യാതൊരു വിധ ദുശ്ശീലങ്ങളുമില്ല. പുകവലി എന്നൊരു ഏര്‍പ്പാടുണ്ടെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് അറിയില്ല, ഏതായാലും എനിക്ക് ആ പരിപാടി ഇല്ല. മദ്യപാനം കുടിയ്ക്കാറില്ല. തൈര് സാദം മാത്രമാണ് കഴിയ്ക്കാറ്. ബ്രഹ്മചാരിയാണ്. ഈയിടെയായി രാത്രി കിടക്കുമ്പോള്‍ എന്റെ ഇടത് കൈയ്യിന് ഒരു വേദന വരാറുണ്ട്. എന്റെ അടുത്ത് ട്യൂഷന് വരുന്ന ചെമ്പകം പുസ്തകം തരുമ്പോള്‍ കൈയ്യില്‍ തൊട്ട അന്ന് മുതല്‍ തുടങ്ങിയതാണ്. ഞാന്‍ പാപം ചെയ്തോ ഡോക്ടര്‍? എന്താണ് എന്റെ രോഗം?

ഡോ:ഗീവറുഗീസ് നാടാര്‍: പുള്ളേ ചൊക്കമേ.. നിന്റെ രോഗം എനിക്ക് പിടികിട്ടി. അതിനുള്ള മറുപടി ഞാന്‍ ഇതേ പത്രത്തില്‍ ഡോ:മന്ദാകിനി പിള്ള എന്ന പേരില്‍ കൈകാര്യം ചെയ്യുന്ന മാന‍സികാരോഗ്യപംക്തിയില്‍ പറയാം. ശാരീരികമായി നിനക്ക് ‘കുളസ്ട്രോള്‍‘ എന്ന രോഗമാണ്. തൈര്‍ ശാദം ഓവറായി കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്. മരണം സംഭവിക്കാവുന്ന രോഗമാണ്. ഇതിന് മരുന്നുണ്ടെങ്കിലും നിന്റെ ശീലങ്ങള്‍ അഥവാ ശീലമില്ലായ്മ വായിച്ച സ്ഥിതിയ്ക്ക് അത് ഉപദേശിച്ച് നിന്നെ പോലെ ഒരു അരസികനെ രക്ഷിക്കാന്‍ എന്റെ എത്തിക്സ് അനുവദിക്കുന്നില്ല. വേണമെങ്കില്‍...

ബാക്കി ഭാഗം കീറിപ്പോയിരുന്നു. എങ്കിലും സ്വാമിയ്ക്ക് അറിയാനുള്ളത് അറിഞ്ഞു. ഇപ്പോള്‍ ഇടത് കൈയ്ക്ക് വേദനയുണ്ടോ എന്നൊരു ശങ്ക. പണ്ട് ഒരു മുത്തുമാല എന്നോ അലമേലു എന്നോ പറഞ്ഞ നാടകനടി ഒളിച്ച് വന്ന് തന്നെ തൊട്ടിട്ടുണ്ട് എന്നതും ചേര്‍ത്ത് വായിച്ചാല്‍ താനും ചൊക്കലിംഗം ചെക്കനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയ്യന്‍ ഞെട്ടി. എന്ന് പറഞ്ഞാല്‍ ഞെട്ടറ്റ് നിലം പതിച്ചു. ബോധം വന്നയുടന്‍ സന്നിധാനത്തെ ഹൃദ്രോഗാശുപത്രിയിലേക്ക് വെച്ച് പിടിച്ചു.

ഹൃദ്രോഗാശുപത്രി സര്‍ക്കാര്‍ വകയാണ്. ഭയങ്കരനാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവനാണ്. ചില്ലറക്കാരനുമല്ല. ആശുപത്രിയിലേക്ക് കടന്നപ്പോ ചെറിയ ഭയം തോന്നി. ഭാഗ്യത്തിന് സ്പെഷ്യലിസ്റ്റിനെ തന്നെ കണ്ടു. കമ്പൌണ്ടര്‍ മാത്തുക്കുട്ടി. പെരിയ ഡാക്കിട്ടര്‍ പെരിയത്താനേക്കാള്‍ പെരിയവര്‍. മലയാള രാജ്യം ഭരിക്കുന്നതേ മാത്തുക്കുട്ടിയാണെന്നാ ജനം പറയുന്നത്. (അവന്, ജനത്തിന് വേറെ പണിയില്ല എന്നത് ഓഫ് ടോപിക്കാണ്). മാത്തുക്കുട്ടി സ്വാമിയെ ഒന്ന് ഇരുത്തി നോക്കി. രെജിസ്റ്ററെടുത്തു.

മാത്തു:പേര്?
സ്വാമി: സ്വാമി
മാത്തു: ഇവിടെ എല്ലാവരും സ്വാമിമാരാ. ശരിക്കുള്ള പേര് പറ.
സ്വാമി:മണി... ഏ.മണി
മാത്തു: മണിക്കെന്ത് വേണം?
സ്വാമി: ചികിത്സ
മാത്തു: ശരി. സൌജന്യമോ അതോ മറ്റവനോ?
സ്വാമി: മറ്റവനോ?
മാത്തു: പഞ്ചന്‍.. പഞ്ചനക്ഷത്രന്‍. ഐ മീന്‍ സുഖ ചികിത്സ.
സ്വാമി: സൌജന്യം മതി
മാത്തു: ഇടത് കൈയ്ക്ക് വേദന അല്ലേ?
സ്വാമി: അതെ. എങ്ങനെ മനസ്സിലായി?
മാത്തു: ഞാനും തമിഴ് പത്രമാണ് വായിക്കാറ്. അത് പോട്ടെ. ഇമ്പോര്‍ട്ട് ലൈസന്‍സുണ്ടോ?
സ്വാ: ഇല്ല
മാ: സഹകരണബാങ്ക് വായ്പ?
സ്വാ: ഇല്ല
മാ: കാര്‍ഷിക കടം?
സ്വാ:ഇല്ല
മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല
മാ: അപ്പോള്‍ താന്‍ മാതൃകാ പൌരനുമല്ല. മാതൃകാ പൌരന്മാര്‍ക്ക് നാലാം വാര്‍ഡില്‍ ഒരു ബെഡ്ഡുണ്ടായിരുന്നു. അതും തല്‍ക്കാലത്തേയ്ക്ക് നടപ്പില്ല എന്നര്‍ത്ഥം.

നിരാശനായ സ്വാമി സംശയം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വാ: ഇമ്പോര്‍ട്ട് ലൈസന്‍സ് എന്ന് പറഞ്ഞല്ലോ. അതെന്തിന്?
മാ: സ്കാന്‍ ചെയ്യണം. മെഷീന്‍ പണിമുടക്കിലാണ്.പുതിയവനെ ജര്‍മ്മനിയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാരിന്റെ ഇമ്പോര്‍ട്ട് ലൈസന്‍സില്‍ കൂറ കാഷ്ഠിച്ച് സ്റ്റാമ്പ് വ്യക്തമല്ലാതായി. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളുടെ കൂടെ അതിപ്പോള്‍ സെക്രട്ടേറിയറ്റില്‍ വെച്ചിരിക്കുന്നു.
സ്വാ: സര്‍ക്കാരല്ലേ ലൈസന്‍സൊക്കെ കൊടുക്കുന്നത്? പിന്നെന്തിനാ സര്‍ക്കാരിന് സ്വന്തം പേരില്‍ ലൈസന്‍സ്?
മാ: സര്‍ക്കാര്‍ കള്ളപ്പേരില്‍ മറ്റൊരു കമ്പനിയുടെ മേയ്ക്കപ്പിട്ടാണ് പരിപാടിയൊപ്പിക്കുന്നത്.
സ്വാ: അതെന്തിന്?
മാ: ടാക്സ് ലാഭിയ്ക്കാന്‍
സ്വാ: ആരാണ് ഈ കമ്പനി തുടങ്ങി രാജ്യത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കുന്നത്?
മാ: നമ്മുടെ ജനകീയന്മാര്‍ തന്നെ. മറ്റാര്?
സ്വാ: വാസ്തവം. ഞാനത്രയ്ക്ക് ചിന്തിച്ചില്ല.
മാ: തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപ്പിക്കല്‍ പൊതുജനമല്ലേ താന്‍?
കമ്പൌണ്ടര്‍ മാത്തുക്കുട്ടി ചിരിയടക്കാന്‍ പാട് പെട്ടു.

സ്വാമിയ്ക്ക് കലി വന്നു.
സ്വാ: നീ ആരോടാ സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ സ്വാമിയാണ്, സ്വാമി. സന്നിധാനത്തെ സ്വാമി.
മാ: താന്‍ ഹിമാലയത്തിലെ സ്വാമിയായാലും ശരി അലമ്പുണ്ടാക്കിയാല്‍ വിവരമറിയും.
സ്വാ: നിന്നെ ഞാന്‍.. ശപിച്ച്...
മാ: ഒരു മിനിറ്റ്. എനിക്ക് ആള് മാറിയതാണ്. ക്ഷമിയ്ക്കണം.
സ്വാ: അങ്ങനെ വഴിക്ക് വാ
മാ: അങ്ങ് ദേവസ്വത്തിന്റെ ആളാണെന്ന് അറിഞ്ഞില്ല.
സ്വാ: ഉം..
മാ: സ്വാമീ അങ്ങ് വര്‍ക്കിച്ചനെ അറിയുമോ?
സ്വാ: ഏത് വര്‍ക്കിച്ചന്‍?
മാ: ദേവസ്വം മന്ത്രി വര്‍ക്കിച്ചന്‍ എന്റെ അമ്മായിയപ്പനാണ്. മറ്റന്നാള്‍ ദേവസ്വം ബില്ല് അവതരിപ്പിയ്ക്കും മന്ത്രിസഭയില്‍. അതിനിടയില്‍ ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വണ്‍ മിസ്റ്റര്‍ ഏ.മണി അഥവാ സ്വാമി ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്നിറങ്ങി നടന്ന് കൃത്യ വിലോപം നടത്തി എന്ന് ഒരു പരാതി അങ്ങേര്‍ക്ക് കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നറിയാമോ? സന്നിധാനത്തെ തേങ്ങയും കര്‍പ്പൂരവും മറിച്ച് വിറ്റു എന്നും കൂടിയായാല്‍?
സ്വാ: മാത്തുക്കുട്ടിച്ചായന്‍ ചതിക്കരുത്. പണി കളയരുത്. പെന്‍ഷന്‍ പറ്റാന്‍ ഇനി അധികകാലമില്ല എനിക്ക്.
മാ: എന്നാല്‍ ഓട് തിരിഞ്ഞോട് സന്നിധാനത്തേയ്ക്ക്.

തിരിഞ്ഞ് നോക്കാതെയോടിയ സ്വാമി വഴി തെറ്റി കാട്ടില്‍ കയറി. ഡിന്നര്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഒരു കടുവ ഡിസേര്‍ട്ടിന് സ്വാമിയെ പിടിച്ച് തിന്നു.

പിറ്റേന്ന് പത്ര വാര്‍ത്ത:
1)ദേവസ്വം വകുപ്പില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ഒഴിവിലേക്ക് അടിയന്തിരമായി നടത്തിയ പരീക്ഷയ്ക്കിടയില്‍ തിക്കും തിരക്കും: പോലീസ് ആകാശത്തേയ്ക്ക് വെടി വെച്ചു.
2) സന്നിധാനത്തിനടുത്തുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കടുവയുടെ മരണ കാരണം തമിഴ് ദിനപത്രത്തിലൂടെ പ്രശസ്തനായ മൃഗ ഡോക്ടര്‍ ഗോണ്‍സാല്‍വസ് ഗോള്‍വാള്‍ക്കര്‍ സ്ഥിരീകരിച്ചു. മരണ കാരണം കൊളസ്ട്രോള്‍!