കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു വനജാക്ഷി. നല്ല ചെന്താമര പോലെ തിളങ്ങിയ അവളെ കണ്ട് സൂര്യന്‍ പോലും കൂളിങ് ഗ്ലാസ് വെച്ചു. ഗ്രാമത്തിന്റെ സൌന്ദര്യധാമമായിരുന്ന അവള്‍ ധാവണിപ്പുറമേ ഒരു ലെയര്‍ അഹങ്കാരം കൂടി വാരിച്ചുറ്റിയിട്ടാണ് നടക്കാറ്. പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല. ജസ്റ്റ് ലൈക് ദാറ്റ്. അവളെ.. അങ്ങനെയുള്ളവളെയാണ് സാമിക്കുട്ടി കയ്യേറ്റം ചെയ്തത്. വനജാക്ഷിക്ക് കുറച്ചൊന്നുമല്ല ഈറ വന്നത്. രണ്ട് മഹീന്ദ്രാ ജീപ്പില്‍ തൂങ്ങിപ്പിടിച്ചാണ് അവന്‍ വന്നത്, ഈറ.
വരാന്തയില്‍ വെച്ച് സാമിക്കുട്ടി വനജാക്ഷിയെ കയറിപ്പിടിച്ചു എന്ന് നാട്ടില്‍ പാട്ടായി. കയറിപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വക മീറ്റര്‍ റീഡിങ്ങിന് പടി കയറി വരുമ്പോള്‍ വീഴാന്‍ പോകുകയും അറിയാതെ ആ വഴി വന്ന വനജാക്ഷിയുടെ കൈത്തണ്ടയില്‍ പിടിക്കുകയുമായിരുന്നു എന്ന് സാമിക്കുട്ടി കരഞ്ഞ് പറഞ്ഞു. പക്ഷെ ഒരു വാരാന്തപ്പതിപ്പില്‍ പേജ് ത്രീ സ്റ്റോറി മുന്‍കൂട്ടിക്കണ്ട പത്രക്കാര്‍ നിരത്തി ഇന്റര്‍വ്യൂ ചെയ്ത് അതിനുള്ള അവസരം അവന് ഇല്ലാതാക്കി. ഒരു അഭിമുഖം കഴിയും മുമ്പ് അടുത്തവന്‍ തുടങ്ങി. ഒന്നിന് പോകാന്‍ കയറിയപ്പൊഴും മൈക്ക് ടോയ്ലറ്റിന്റെ ഉള്ളില്‍ ആയിരുന്നു.സാമിക്കുട്ടിയുടെ കൈയ്യില്‍.പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് അകത്ത് നിന്ന് സാമിക്കുട്ടിയുടെ ഉത്തരം വരുന്നു. അഭിമുഖങ്ങളുടെ എണ്ണം പോലെ മൈക്കില്‍ നിന്നുള്ള കറുത്ത വയര്‍ പോലെ ടോയ്ലറ്റിന്റെ വാതിലിനടിയിലൂടെ നീണ്ട് കിടന്നു.
വനജാക്ഷിയെ നിങ്ങള്‍ എന്നാണ് ആദ്യമായി കാണുന്നത്?
സംഭവം നടക്കുമ്പോളാണ്
ഉദ്ദേശം എത്രമണിയായിക്കാണും?
12:37
ഉറപ്പാണോ?
ഒരു മിനിറ്റ് കൂടില്ല
എങ്ങനെ അറിയാം?
ഞാന്‍ കൃത്യം 12 മണിയ്ക്ക് ഊണ് കഴിയ്ക്കും. അഞ്ചേ അഞ്ച് മിനിറ്റ്.
നിങ്ങള്‍ക്ക് ഈ കൃത്യം ചെയ്യാനുണ്ടായ പ്രചോദനം എവിടെ നിന്നാണ്?
സര്‍ ഐസക്ക് ന്യൂട്ടണ്‍
എന്ത്?
ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കണ്ട് പിടിച്ചത് അദ്ദേഹമാണല്ലോ.
നിങ്ങള്‍ വീണ്ടും വീഴ്ചയുടെ കഥയാണോ പറയാന്‍ ഉദ്ദേശിക്കുന്നത്?
തല്‍ക്കാലം മറ്റൊന്നും പറയാന്‍ ഉദ്ദേശമില്ല.
ഈ വിധം അഭിമുഖങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും സാമിക്കുട്ടി നിലപാട് മാറ്റിയില്ല എന്ന് മാത്രമല്ല ഒരുവേള വനജാക്ഷി തന്നെ കയറിപ്പിടിച്ചതായിരിക്കുമോ എന്ന് പോലും സംശയം പ്രകടിപ്പിച്ച് തുടങ്ങി. വനജാക്ഷിയുടെ വീട്ടിലാകട്ടെ ജീപ്പില്‍ വന്നിറങ്ങിയവര്‍ മടങ്ങിയിരുന്നില്ല. കുളിച്ചുണ്ട് താമസിക്കുകയായിരുന്നു. അവള്‍ കോപം കൊണ്ട് ജ്വലിച്ചു. (ഈ ജ്വലനം നോവലുകളില്‍ വായിച്ച് കണ്ടിട്ടൂള്ള പ്രയോഗമാണ്, കഥാകാരന്‍ ഇവിടെ ഒന്നെടുത്ത് പ്രയോഗിച്ചു എന്ന് മാത്രം. തീ പിടിച്ചിട്ടിന്നുമില്ല എന്ന് ചുരുക്കം)സാമിക്കുട്ടിയുടെ, അതായത് പഞ്ചായത്തില്‍ സ്വയം തൊഴില്‍ എന്ന വ്യാജേന പത്രമിടലും മീറ്റര്‍ റീഡിങ്ങുമായി നടക്കുന്ന, തന്നെ പോലെയുള്ള അത്യാവശ്യം സൌന്ദര്യമുള്ള കൊച്ചുങ്ങളെ കണ്ടാല്‍ കണ്ട ഭാവം നടിക്കാത്ത ഇവനെയൊക്കെ ഒരു പാഠം പഠിപ്പിയ്ക്കുക തന്നെ വേണം. അവള്‍ ഫോണെടുത്ത് കുത്തി.(ഫോണെടുത്ത് കറക്കല്‍ എന്ന പ്രയോഗം പണ്ടായിരുന്നു. ഇപ്പോള്‍ ഫോണല്ല, ഫോണ്‍ക്കമ്പനിക്കാര്‍ കറക്കുന്നു എന്നാണ് സാഹിത്യപ്രയോഗം)
അങ്ങേത്തലക്കല്‍ സുന്ദരേശന്‍ മുതലാളി ഞെട്ടി. തന്റെ അനന്തിരവളെ ആരോ കയ്യേറ്റം ചെയ്തതറിഞ്ഞ് മുതലാളി ഞെട്ടിയ ഞെട്ടല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വഴി ജനകീയ മന്ത്രിസഭയുടെ മൂക്കിന്റെ തുമ്പിലെത്തി നിന്നു.പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് അഹങ്കാരം ചുറ്റി റെഡിയായി നിന്ന വനജാക്ഷിയെ തേടി ഒരു ഫോണ്‍ വന്നു. ജില്ലാ കളക്ടര്‍ നേരിട്ട് വിളിച്ചിരിക്കുന്നു കയ്യേറ്റത്തിനെ പറ്റി അറിയാന്‍.വനജാക്ഷി ഒന്ന് നിലം വിട്ടുയര്‍ന്നു തിരിച്ചിറങ്ങി. ഈ വനജാക്ഷി ആരെന്ന് സാമിക്കുട്ടിയും നാട്ടുകാരും അറിയും. അവള്‍ കണ്ണീരും കൈയ്യും ആളയച്ച് വരുത്തി എന്നിട്ട് അവയെ ഫോണില്‍ കൂടെ പ്രയോഗിച്ചു.
സാറേ പട്ടാപ്പകലായിരുന്നു കയ്യേറ്റം. സാറിന്റെ ജില്ലയില്‍, സാറിന്റെ മൂക്കിന് താഴെ... (തേങ്ങല്‍)
ങാ.. മുഖ്യന്‍ നേരിട്ട് വിളിച്ച കയ്യേറ്റക്കേസായത് കൊണ്ടാ. എവിടെയാ ഈ സ്ഥലം?
കണ്ണഞ്ചുമുക്ക്.. വലിയപുരയ്ക്കല്‍ വനജാക്ഷിയുടെ വീട് എല്ലാരും അറിയും സാറേ..
കയ്യേറ്റം ചെയ്ത ആള്‍ അവിടെ തന്നെയാണോ താമസം?
ഇവിടെ അടുത്ത് തന്നെ
കേസിനാസ്പദമായി എന്തെങ്കിലും രേഖയുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പെട്ടെന്നുള്ള കയ്യേറ്റമല്ലായിരുന്നോ സാറേ.. രേഖയുണ്ടാക്കാനും പരാതിപ്പെടാനുമൊന്നും പറ്റിയില്ല.
ഉം. മുഖ്യന്റെ കേസായിപ്പോയില്ലേ? ശരി ഞാന്‍ നാളെ പോലീസ് സംഘവുമായി അവിടെയെത്താം. കയ്യേറ്റക്കാരനെ ഒഴിപ്പിയ്ക്കാം.
അവനെ ഈ ജില്ലയില്‍ നിന്ന് തന്നെ ഒഴിപ്പിയ്ക്കണം സാറേ.
ശരി നാളെ കാണാം.
വനജാക്ഷി സന്തോഷം കൊണ്ട് മതി മറന്നു. എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.പിറ്റേന്ന് രാവിലെ സാമിക്കുട്ടിയെ പോലീസ് ഇടിച്ച് കൂമ്പ് വാട്ടുന്നത് സ്വപ്നം കണ്ട് കിടന്ന് വനജാക്ഷി രാവിലെ പതിവില്ലാതെ ഒരു വെളിച്ചം മുഖത്തടിച്ചാണ് ഉണര്‍ന്നത്.കണ്ണ് തുറന്ന് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ല. ദു:സ്വപ്നമാവുമെന്ന് കരുതി കണ്ണ് തിരുമ്മി എണീറ്റ വനജാക്ഷിയുടെ മുമ്പില്‍ അവന്‍ നില്പുണ്ടായിരുന്നു.
ജെസിബി. ഒപ്പം കൈയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ വന്ന കളക്ടറും സംഘവും.
ബോധം പോയി പിന്നിലേക്ക് മലര്‍ന്നടിച്ച് വീണ വനജാക്ഷിയെ കളക്ടര്‍ ജെസിബി കൊണ്ട് തന്നെ കോരിയെടുത്ത് ആമ്പുലന്‍സിലാക്കി.
Friday, June 08, 2007
Subscribe to:
Posts (Atom)