Sunday, December 03, 2006

ബുദ്ധിജീവി- ഫാഗം നമ്പ്ര രണ്ട്

പ്രിന്‍സിപ്പാളിന്റെ കൈയ്യിലെ വെള്ളക്കടലാസ് എന്നെ നോക്കി ‘ങ്യാഹഹാ’ എന്ന് മണിച്ചിരി ചിരിച്ചു. ഒരു ചോദ്യചിഹ്നം എന്റെ കണ്ണുകളില്‍ കണ്ട പ്രിന്‍സി വിശദീകരിച്ചു. കിളിയെ കണ്ട് കാര്യം വിശദീകരിക്കാന്‍ പോകുന്ന ഞങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കണം പോലും. ജാമ്യം ഞങ്ങള്‍ക്കല്ല. പുള്ളിക്കാരന് പോലീസും അലമ്പുമൊന്നും കോളേജിന്റെ ഉള്ളില്‍ വരുന്നത് തീരെ ഇഷടമല്ലത്രേ. അരസികന്‍! ആയതിനാല്‍ ഈ മംഗളകര്‍മ്മത്തിന്റെ പരികര്‍മ്മി ഞാനാണെന്നും പുഷ്പവൃഷ്ടിയോ മറ്റോ ഉണ്ടായാല്‍ അനുഗ്രഹവര്‍ഷം ഈയുള്ളവന്‍ ഏറ്റെടുത്തോളാം എന്നും താളിയോല വേണം പോലും. സംഭാഷണം മാത്രമാണ് ലക്ഷ്യമെന്നൊന്നും പറഞ്ഞിട്ട് പുള്ളിയ്ക്ക് ഒരു കുലുക്കവുമില്ല. നോര്‍വീജിയന്‍ മദ്ധ്യസ്ഥരെ കണ്ട തമിഴ്പുലികളെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.

ഇവന്റെ ഒപ്പ് മനോഹരമാണ് ബിനോയ് ഒപ്പിടും എന്ന് എനിയ്ക്ക് പറയാന്‍ ഗ്യാപ്പ് കിട്ടുന്നതിന് മുമ്പ് അവന്‍ പേനയും പേപ്പറും എന്റെ മുന്നിലേയ്ക്ക് നീക്കി വെച്ചു. തിരിച്ച് അത് അവന്റെ മുന്നിലേയ്ക്ക് തന്നെ ഇട്ട് കൊടുത്ത് അവന്റെ ചെപ്പയ്ക്കൊന്ന് പൂശ്യാലോ എന്ന് ഉള്ളില്‍ നിന്ന് വിളി വന്നെങ്കിലും പ്രിന്‍സിയുടെ ലോല ഹൃദയം മുറിപ്പെട്ടാലോ, എന്റെ ഇമേജ് പോയാലോ എന്നൊക്കെയുള്ള പ്രശ്നങ്ങളാല്‍ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്തു. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. മാര്യേജ് രെജിസ്റ്ററില്‍ ഒപ്പിട്ട വധൂവരന്മാരെ എന്ന പോലെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ ആശീര്‍വദിച്ച് ഓഫീസില്‍ നിന്ന് പുറത്താക്കി ആ മണിയറയുടെ വാതിലടച്ചു.

ഞാന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്താതെയല്ല ഒപ്പിട്ടത്. സമയം ഉച്ചയ്ക്ക് 2.30. കോട്ടയ്ക്കല്‍-ചെമ്മാട് ട്രിപ്പാവണം ഇപ്പോള്‍. അറ്റകൈയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയാലും അത് കോട്ടക്കല്‍ സ്റ്റേഷനല്ല ചെമ്മാട് സ്റ്റേഷനാവും. അടിപിടിയില്ലാതെ കാര്യം കഴിയ്ക്കണം. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഞാന്‍ ബിനോയിയെ ഒന്ന് പൂശാന്‍ മന‍സ്സില്‍ കണ്ടത് മറന്നു. ഞങ്ങള്‍ ബസ്റ്റോപ്പിലെത്തി. ഞാന്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് ബസ് വരുന്നതിലും ബിനോയ് അപ്പുറത്തെ അറബിക് കോളേജിലെ രണ്ടാം നിലയില്‍ തുറന്ന ജനാലയിലൂടെ കാണുന്ന പെണ്‍കുട്ടികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നു.

നിമിഷങ്ങള്‍ 20:20 ക്രിക്കറ്റിലെ അവസാന ഓവറിലില്‍ എന്ന പോലെ സ്ലോ മോഷനില്‍ നീങ്ങി. ഈ വിധിവൈപരീത്യം എന്ന് പറയുന്നത് മലയാളം ഭാഷയിലെ അര്‍ത്ഥമില്ലാതെ വെറുതെ വലിച്ചു നീട്ടിയ ബബിള്‍ഗം പോലെ കിടക്കുന്ന ഒരു വാക്കല്ല എന്നും അത് ഉള്ള ഒരു സാധനമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഫസ്റ്റ് ഓഫ് ആള്‍ അന്ന് 2.30ന് പി.ടി.ബി ചെമ്മാട്-കോട്ടക്കല്‍ ട്രിപ്പായിരുന്നു. ചെമ്മാട് ദിശയിലേയ്ക്ക് കണ്ണിമചിമ്മാതെ നോക്കിയിരിക്കുകയായിരുന്ന ബിനോയിയെക്കാളും നേരത്തെ ഞാനാണ് ആ കാഴ്ച കണ്ടത് അല്ല കേട്ടത്. ഓട്ടോറിക്ഷകള്‍ പേറ്റന്റ് ചെയ്തിട്ടുള്ള ‘കിലുക്ക’ത്തിന്റെ അത്ര വരില്ലെങ്കിലും മോശമില്ലാത്ത തരത്തില്‍ തട്ട്പൊളിപ്പന്‍ ഹിന്ദിപ്പാട്ടിന്റെ ‘ഛില്‍,ഛില്‍’ എന്നുള്ള മുട്ട്. കേള്‍വിക്ക് കുറവുണ്ടോ എന്ന സംശയത്താല്‍ ഡോക്ടറെ കാണാന്‍ കോട്ടക്കലേയ്ക്കും ചെമ്മാട്ടേയ്ക്കും പോയിരുന്ന പലര്‍ക്കും കേള്‍വിക്ക് തല്‍ക്കാലം തകരാറൊന്നുമില്ലെന്നും പത്ത് മിനിറ്റ് കൂടി ഇതിലിരുന്നാല്‍ ചിലപ്പോള്‍ തകരാറ് വരുമെന്നും തോന്നി പകുതി വഴിയില്‍ തന്നെ ഇറങ്ങി ബസ്സ് കാശും ഡോക്ടര്‍ ഫീസും ലാഭിച്ച് കൊടുത്ത് പ്രശസ്തി നേടിയ പി.ടി.ബി വരുന്നത് വളവ് തിരിയുന്നതിന് മുമ്പേ ഞാന്‍ അറിഞ്ഞു.

ദൈവത്തിനെ കുറ്റപ്പെടുത്താനും അങ്ങേര്‍ക്കെന്നോട് ഇത്ര വിരോധം തോന്നാന്‍ ഞാന്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് കിറ്റുമായി പുള്ളിയുടെ വീട്ടിലൊന്നും ചെന്നില്ലല്ലോ എന്നാലോചിച്ച് തലപുണ്ണാക്കാനൊന്നും സമയം കിട്ടിയില്ല. ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ നാളെ സച്ചിന്‍ ഇന്ത്യന്‍ ഇന്നിങ്സ് ശ്രീലങ്കയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിരുന്ന് ബ്രേക്ക്ഫാസ്റ്റിന് ബണ്ണിന്റെ പാക്കറ്റ് ഓപ്പണ്‍ ചെയ്യുകയാവും. ക്രിക്കറ്റ് കളിയുള്ള ദിവസം അഛനെ സ്റ്റേഷനില്‍ വരാനും ജാമ്യമെടുക്കാനുമൊക്കെ നിര്‍ബന്ധിയ്ക്കുന്നത് മറ്റൊരു ക്രിക്കറ്റ് ഫാന്‍ എന്ന നിലയില്‍ എനിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് കൊണ്ട് ഞാന്‍ ബിനോയോട് ബസ് തടുക്കാനും എന്ത് വന്നാലും മുന്നില്‍ നിന്ന് മാറാതെ വണ്ടി പോകാതെ നോക്കണം എന്നും പറഞ്ഞു. ഞാന്‍ ഉള്ളില്‍ കേറി കിളിയെ കാണുന്നു, ‘ഡീല്‍’ ചെയ്യുന്നു. ആ റോള്‍ അവന്‍ ചെയ്യാന്‍ മോഹിച്ചിരുന്നു എങ്കിലും റിസ്ക് കാല്‍ക്കുലേറ്റ് ചെയ്യുന്നതില്‍ എന്നേക്കാള്‍ മെച്ചമായതിനാലാവണം, സമ്മതിച്ചു.

ബസ് വളവ് തിരിഞ്ഞതും മറ്റൊരു അത്യാഹിതം സംഭവിച്ചു. ഞങ്ങളുടെ കോളേജിന്റെ നേരെ എതിര്‍വശത്ത് ഒരു ‘പാര’ലല്‍ കോളേജ് ഉണ്ട്. ഞങ്ങളുടെ കോളേജിന്റെ അതേ പേരാണ് ഇതിന് അതേ ബസ്സ്റ്റോപ്പും. അവിടെ പഠിയ്ക്കുന്നവരും നാട്ടുകാര്‍ ചോദിച്ചാല്‍ തിരൂരങ്ങാടി കോളേജിലാ എന്നേ പറയൂ എന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ സേം സ്റ്റാറ്റസ്. ഞങ്ങളുടെ കോളേജിലേക്കാള്‍ നല്ല പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നിട്ടും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിയ്ക്കുന്ന ഞങ്ങളുടെ കഞ്ഞിയില്‍ പല സൈസിലും ഷേപ്പിലുമുള്ള പാറ്റകളെ ഇടാന്‍ ഇവന്മാര്‍ക്ക് സ്പെഷ്യല്‍ ടാലന്റായിരുന്നു. ലവന്മാരെങ്ങാന്‍ ഈ ക്യാമ്പസിലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ എന്ന് പലപ്പോഴും തോന്നിപ്പിയ്ക്കുന്ന തരത്തില്‍ ഗ്ലാമറുള്ളവരും. ഇതിനെ ഞങ്ങള്‍ നേരിട്ടിരുന്നത് പലപ്പോഴും ക്രൂരം എന്ന് പറയാവുന്ന തരത്തില്‍ അവന്മാരുടെ ബസ് പാസ് പാരലല്‍ ആണെന്ന് ബസില്‍ വെച്ച് പരസ്യമായി കണ്ടക്ടറോട് പറഞ്ഞും‍ റോട്ടിലിട്ട് അവരെ പൂശി ‘പോലീസ്കേറാമല‘യായ ക്യാമ്പസ്സിലേയ്ക്ക് ഉള്‍വലിഞ്ഞുമാണ്. അത് കൊണ്ട് അനാരോഗ്യപരമായ ഒരു കോമ്പറ്റീഷന്‍ അവിടെ നിലനിന്നിരുന്നു.

അന്ന് ഇടിവെട്ടി നില്‍ക്കുന്ന എന്റെ തലയില്‍ നല്ല വലിപ്പമുള്ള ശ്രീലങ്കന്‍ തേങ്ങ എന്ന പോലെ ഈ പാരലല്‍ കോളേജും വിട്ടു എന്ന തിരിച്ചറിവ് ഠേ എന്ന് വന്ന് വീണു. കോളേജിന് മുമ്പില്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്ന ബസ്സിനെ ബിനോയ് മുന്നില്‍ ചാടി തടുത്തു. എന്തൊക്കെ പറഞ്ഞാലും അന്തംവിട്ട കളികള്‍ക്ക് അവനൊരു പുലി തന്നെയായിരുന്നു. ആ ബസ്സെങ്ങാനും ബ്രേക്കിട്ടിരുന്നില്ലെങ്കില്‍.. ഞാന്‍ ബസ്സില്‍ വലിഞ്ഞു കയറി. ഈ സെറ്റപ്പെല്ലാം കണ്ട ‘പാര’ലല്‍ അണ്ണന്മാര്‍ക്ക് സംഭവം പെട്ടെന്ന് കത്തി. സ്വന്തമായി ബസ് തടുക്കാന്‍ പല ലീഗല്‍ കോമ്പ്ലിക്കേഷന്‍സുമുള്ള അവര്‍ ഈ അവസരം കണ്ട് ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആക്രാന്തചിത്തരായി.

രണ്ടേ രണ്ട് പയ്യന്മാര്‍ മാത്രം ബസ് തടുത്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും നമ്മളും വിദ്യാര്ത്ഥികളല്ലേ സഹായിക്കണ്ട കടമ ഞങ്ങള്‍ക്കില്ലേ എന്നൊക്കെ മനസ്സില്‍ കരുതിയിട്ടാവും പത്ത് പതിനഞ്ച് തടിമാടന്മാര്‍ ആ സൈഡില് ‍നിന്നും റോഡ് ക്രോസ് ചെയ്ത് ഓടി വന്ന് എന്റെ പിന്നാലെ ബസ്സില്‍ വലിഞ്ഞ് കയറി. ബസ്സില്‍ പൂരത്തെരക്ക്. ഞാന്‍ അന്തംവിട്ടിരിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ തിരക്കിച്ചെന്ന് കിളിയെ കോളറില്‍ പിടിച്ച് പൊക്കി. വേണ്ടഡാ എന്നൊക്കെ യാത്രക്കാര്‍ പറയുന്നുണ്ടായിരുന്നു. ഇന്നലെ നിങ്ങള്‍ക്കീ ശബ്ദമുണ്ടായിരുന്നില്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞതല്ലാതെ ഞാന്‍ ഉറക്കെ പറഞ്ഞില്ല.

കിളിയെ രണ്ട് ഉന്തുന്തി പെടയ്ക്കാന്‍ കൈയ്യോങ്ങിയപ്പോഴാണ് ഇന്നലത്തെ കിളി മുങ്ങി പകരം പുതിയ ആള്‍ വന്നത് മനസ്സിലാക്കിയത്. അപ്പോഴേയ്ക്ക് പാരലല്‍ സംഘം സ്റ്റേജ് കയ്യേറിയിരുന്നു. എനിയ്ക്കെന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിന് മുമ്പ് “കോളേജ് പിള്ളേരോടാ നിന്റെ കളി അല്ലേഡാ“ എന്ന് പറഞ്ഞ് ഒരു തടിമാടന്‍ കിളിയെ മുഖമടച്ച് ഒരടിയങ്ങോട്ട് കൊടുത്തു. ആ അടിയുടെ വൈബ്രേഷന്‍ കെട്ടടങ്ങും മുമ്പ് കിളിയും അവരും തമ്മില്‍ പൊരിഞ്ഞ അടിയായി. ആവശ്യമില്ലാത്ത കാര്യത്തില്‍ ഞാന്‍ പണ്ടും ഇടപെടാറില്ലായിരുന്നു. ഞാന്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി ബസ്സിന്റെ മുന്നിലെ ബിനോയിയോട് കാര്യം പറഞ്ഞു.

അപ്പോഴേയ്ക്കും സാമാന്യം നല്ല അടി നടക്കുകയും കിളിയുടെ ചുണ്ടും മൂക്കുമൊക്കെ പൊട്ടുകയും ചെയ്തിരുന്നു. ചോര വന്നാല്‍ പിന്നെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വണ്ടി എടുക്കുകയെന്നതാണ് അടുത്ത പടി. പാരലല്‍ പയ്യന്മാര്‍ ജോളിയായി കോട്ടക്കല്‍ സ്റ്റേഷന് ഒക്കെ കണ്ടിട്ട് വരട്ടെ എന്ന് കരുതി ഞങ്ങള്‍ വണ്ടിയുടെ മുന്നില്‍ നിന്ന് മാറി. ബസ് പോയ സമയം വീണ്ടെടുക്കാനും പോലീസില്‍ കമ്പ്ലൈന്റ് ചെയ്യാനുമായി കുതിച്ചു. ഉള്ളിലപ്പോഴും അടി തന്നെ. ഉള്ളിലുള്ള സഖാക്കള്‍ക്ക് അഭിവാദ്യമായി ഏതോ ഒരുത്തന്‍ ബസ്സിന്റെ പിന്നിലെ ചില്ലും എറിഞ്ഞു തകര്‍ത്തു. ആകെ ജഗപൊഗ. തിരിച്ച് ക്യാമ്പസ്സിലെത്തിയ ഞങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പ്. ബിനോയ് ഒറ്റയ്ക്ക് ബസ് തടുത്തു എന്നും പത്താളുടെ ഇടിയാണ് ഞാന്‍ ഇടിച്ചത് എന്നൊക്കെ പാണന്മാര്‍ പാടാന്‍ തുടങ്ങിയിരിക്കുന്നു.

ക്ലാസ്സില്‍ ചെന്നിരുന്ന് ബാലന്‍സ്ഷീറ്റില്‍ തല പൂഴ്ത്തിയപ്പോഴും മനസ്സില്‍ ടെന്‍ഷനായിരുന്നു. ചില്ല് പൊട്ടിയത് ബസ്സുകാര്‍ വെറുതെ വിടില്ല. പ്രതീക്ഷിച്ച പോലെ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രിന്‍സി വിളിച്ചു. എന്നെ മാത്രം. ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു. കയ്യില്‍ ഞാന്‍ എഴുതി നല്‍കിയ എന്റെ ആത്മഹത്യാ കുറിപ്പ്. ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്ന പ്രിന്‍സി എന്നെ വളരെ ഗൌരവത്തോടെ നോക്കിയിട്ട് കോട്ടക്കല്‍ പോലീസ് വിളിച്ചിരുന്നു എന്നും ബസ് തകര്‍ത്ത കേസില്‍ കോളേജിലെ ഒരു കുട്ടിയെ ബസ്സുകാര്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു.

ഇപ്പോഴാണ് എന്റെ സകല ധൈര്യവും പോയത്. ബസ്സിലുണ്ടായിരുന്നു ഏതോ ഒരു പാവത്തിനെ പോലീസ് പൊക്കിയിരിക്കുന്നു അതും ഞാന്‍ ചെയ്ത കുറ്റത്തിന്. ഞങ്ങളുടെ കോളേജിലെ ആരും ബസില്‍ കയറുന്നത് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ ഡീസന്റാണല്ലോ. പ്രിന്‍സിപ്പാളിനോട് സംഭവം മുഴുവന്‍ പറഞ്ഞു. ഞാന്‍ മാത്രമാണ് സംഭവത്തിനുത്തരവാദി പോലീസ് സ്റ്റേഷനില്‍ ഉള്ള പയ്യനെ വിടണം പകരം ഞാന്‍ പോകാം എന്ന് പറഞ്ഞു. തലേന്നത്തെ മഞ്ഞുവീഴ്ച കാരണമാവണം എന്റെ ശബ്ദമിടറിയിരുന്നു. ഒന്നുകില്‍ എന്റെ ഡീസന്‍സി കണ്ട് ഇങ്ങേരെന്നെ പോലീസിലേല്‍പ്പിയ്ക്കും അല്ലെങ്കില്‍ പോലീസിനെ ഒഴിവാക്കി പത്ത് പതിനഞ്ച് ദിവസത്തേയ്ക്ക് സസ്പെന്റ് ചെയ്യും. സസ്പെന്‍ഷനാണെങ്കില്‍ ക്രിക്കറ്റ് പരമ്പര മുഴുവന്‍ കാണാം എന്നിങ്ങനെ എന്റെ മനസ്സ് മുത്തങ്ങാവനം കയ്യേറ്റം ചെയ്യുന്നുണ്ടായിരുന്നു. ഫാസിലിന്റെ മകന്‍ അഭിനയിക്കുന്നത് പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രിന്‍സി എല്ലാം കേട്ടു.

നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ. ഞാന്‍ നല്ല പയ്യനാണ് എന്നും അല്‍പ്പം ആവേശം കൂടുതലാണ് എന്ന് മാത്രമേയുള്ളൂ എന്നും ഈ കുപ്പായമൊക്കെ മാറ്റി മര്യാദയ്ക്ക് നടന്നൂടെ എന്നും ഒക്കെ ചോദിച്ച് അദ്ദേഹം എന്നെ മാനസികമായി പീഡിപ്പിച്ചു. ഞാന്‍ സത്യം പറഞ്ഞതിലും ഒരു നിരപരാധിയെ രക്ഷിയ്ക്കാന്‍ തയ്യാറായതിലും പ്രസാദിച്ച് അദ്ദേഹം എന്റെ ആത്മഹത്യാ കുറിപ്പ് കീറി ചവറ്റ്കുട്ടയിലിട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് പൊട്ടിയ ചില്ലിന്റെ ആയിരത്തിച്ചില്ലാനം രൂപ കുട്ടികള്‍ തരുമെന്നും കേസാക്കരുത് എന്നും പറഞ്ഞു. ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ.

ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പുറത്തിറങ്ങി. പണം വീട്ടിലറിയിക്കാതെ സംഘടിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ക്യാമ്പസ്സില്‍ നിന്ന് 2 കോടി പിരിക്കണമെന്ന് പറഞ്ഞാലും നാവിന്റെ ബലത്തില്‍ സംഘടിപ്പിയ്ക്കുന്ന ബിനോയ്ക്ക് 1000 രൂപ ഒരു വിഷയമല്ലാ‍യിരുന്നു. കോളേജിനെ അപമാനിയ്ക്കാന്‍ ശ്രമിച്ച ബസ്സുകാരെ വിരട്ടിയ വീരഗാഥ പാടി അവന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വെച്ച് പിരിച്ച് പണമടച്ചു. ഈ ആയിരം രൂപ ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഒരു നഷ്ടമാ‍യില്ല എന്ന് മാത്രമല്ല ഒരു ഇന്‍വെ‍സ്റ്റ്മെന്റാവുകയും ചെയ്തു. പോലീസ് പൊക്കിയ ഞങ്ങളുടെ സഹപാഠി എന്ന് പറഞ്ഞവന്‍ കിളിയെ ആദ്യം പൂശിയ ‘പാര’ലല്‍ തടിമാടനായിരുന്നു. ഇതറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ ഭീകരമായ നിരാശ അവന്‍ വന്ന് മാപ്പ് പറഞ്ഞതോടെ അപ്രത്യക്ഷമായി.

അന്ന് മുതല്‍ക്ക് ഞങ്ങള്‍ക്ക് ‘പാര’ക്കാരുടെ ശല്ല്യമുണ്ടായിരുന്നില്ല. ഇതിന് കാരണം ഞങ്ങളുടെ കോളേജിലാണ് പഠിയ്ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതിന് കോട്ടക്കല്‍ സ്റ്റേഷനില്‍ നിന്ന് കിട്ടിയ പെട തടിമാടന്‍ വര്‍ണ്ണിച്ചതാണെന്നും കേള്‍ക്കുന്നു. പാവം സാധാരണത്തെ പോലെ കോളേജിന്റെ പേര് മാത്രം പറഞ്ഞുകാണും. അതൊടെ ലവന്മാര്‍ ‘പേര്‍മാറാട്ടം‘ നടത്തലും അന്നത്തോടെ നിന്നു. ഒരാഴ്ച കഴിഞ്ഞു. എല്ലാം നോര്‍മലായി. മുങ്ങിയ കിളി പൊങ്ങി എന്ന് മാത്രമല്ല കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് ഓരോ ഗ്ലാസ് അവില്‍മില്‍ക്കിനെ സാക്ഷിയാക്കി ഞാനും ചൊക്ലിയും കിളിയും സകലതും കോമ്പ്ലിമെന്‍സാക്കി. അവില്‍മില്‍ക്ക് കിളിയുടെ വക! പുതിയതായി വന്നു ചേര്‍ന്ന ഇമേജിന് തീരെ ചേരാത്തത് കൊണ്ടും എനിയ്ക്ക് തന്നെ മടുപ്പ് വന്ന് തുടങ്ങിയത് കൊണ്ടും ജൂബ്ബ, മുണ്ട്, തോള്‍സഞ്ചി എന്നിവയ്ക്കൊപ്പം എന്റെ ബുദ്ധിജീവി ഇമേജും ഞാന്‍ വലിച്ചെറിഞ്ഞു. ടീഷര്‍ട്ട്, മുട്ട് കീറിയ ജീന്‍സ്, ചെമ്പന്‍ മുടി, ഇടിവള, കാതില്‍ ഒറ്റക്കടുക്കന്‍ എന്നിവയുടെ സഹായത്തോടെ ഇമേജ് മേക്കോവര്‍ നടത്തി ഞാന്‍ അന്ന് മുതല്‍ ആര്‍മ്മാദം ഫുള്‍ ത്രോട്ടിലിലാക്കി. അങ്ങനെ ഞാന്‍ ബുദ്ധിജീവി അല്ലാതായി.

63 comments:

Unknown said...

അങ്ങനെ ഞാനും ബുദ്ധിജീവി അല്ലാതായി!

തുടരന്റെ അവസാനം ഭാഗം ഇതാ പ്രസിദ്ധീകരിക്കുന്നു.

കുറുമാന്‍ said...

ഠേ........തേങ്ങാ വിത്ത് ഡിജിറ്റല്‍ ഡോള്‍ബി സൌണ്ട് എഫക്റ്റ്.

അതുശരി....ബുജിയെങ്ങിനെ, ചെത്തായി എന്നൊരു കഥ ഇപ്രകാരമായിരുന്നൂല്ലെ ചുള്ളാ

asdfasdf asfdasdf said...

:)

thoufi | തൗഫി said...

"നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ..."

അസുരാ..ദില്‍ബാസുരാ..സമ്മതിച്ച്ക്ക്ണ്‍ ട്ടൊ.
പലതും മനസ്സറിഞ്ഞ് ചിരിക്കാനുള്ള വകയാണല്ലൊ.
നീ അല്ലാന്ന് പറഞ്ഞാലും ഞാന്‍ സമ്മതിച്ചു തരില്ല...
നീ ആളൊരു രന്റ്-രണ്ടരയിടങ്ങഴി ബുജി തന്നെയാടാ..

ഇടിവാള്‍ said...

ഇത്തവണ കഴിഞ്ഞ ലക്കത്തിന്റെ പേരുദോഷം തീര്‍ത്തു ദില്‍ബൂ!

ആ ബസ്സിലെ ജഗപൊഹ ഓര്‍ത്ത്‌ ഊറിയൂറി ചിരിച്ചു! ഉപമകളും അസ്സല്‍

Mubarak Merchant said...

എന്നിട്ട് നീ എന്തല്ലാണ്ടായീന്നാ പറഞ്ഞേ? ബുദ്ധിജീവിയാ?
അപ്പൊ പിന്നെ നീയിപ്പൊ എന്തൂട്ട് ജീവിയാണ്‍ന്നാ വിചാരം?
പുതിയ ഫോട്ടോന്റെ നെറ്റിക്കെഴ്തീട്ട്ണ്ടല്ലാ ‘ബുജീ’ന്ന്!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എന്നാലും എന്റെ ദിലൂ...!
എല്ലാം പോട്ടെ, 'ഫാസിലിന്റെ മകന്റെ ഭാവാഭിനയം പോലെ' എന്ന ഒരൊറ്റ 'ഉപമ'യ്ക്ക്‌ ആയിരത്തൊന്ന്‌ വരാഹനും ഒരു വീരശൃംഖലയും ഇന്നാ പിടിച്ചോ! ഈ പോസ്റ്റ്‌ 'കാലത്തെ' പുറകോട്ട്‌ പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. ഓര്‍ത്തു ചിരിക്കാന്‍ ഇതുമാതിരി ഉഗ്രന്‍ 'സാധനങ്ങള്‍' ഇനിയും എഴുതൂ.

Unknown said...

ബുദ്ധിജീവി അവസാനഭാഗം വായിച്ച കുറുജീ,കുട്ടമേനോഞ്ചേട്ടന്‍,മിന്നാമിനുങ്ങ്,ഇടി ഗഡി,ഇക്കാസ്, മൈനാഗപ്പൊന്മുടി എന്നിവര്‍ക്കായി നന്ദിപ്രകാശ്... :-)

ദിവാസ്വപ്നം said...

That was a good post, Dilbu. I really liked the narration. Took me thru lots of good old memories.

You have talent to write. Keep it up

(sorry for using english, i am in office)

Inji Pennu said...

നന്നായിട്ടുണ്ട് ദില്‍ബൂട്ടിയെ

അരവിന്ദ് :: aravind said...

ദില്‍‌ബാ :-)))
കലക്കി മോനേ!!!!
ഇത്ര ചിരിച്ചിട്ടില്ല...ഈ അടുത്തകാലത്ത്...
ആ ഉപമകള്‍, വിവരണശൈലി...

നീ ദില്‍‌ബാസുരനല്ലാ...ചിര്യാസുരന്‍ ആണ്....ചിര്യാസുരന്‍ :--))

myexperimentsandme said...

ഹ...ഹ...ദില്ലബ്ബൂ, നല്ല രസികന്‍ വിവരണം. സംഗതി മുങ്കൂര്‍, തുങ്കൂര്‍ ജാമ്യമാണെന്ന് കഴിഞ്ഞ ഭാഗം വായിച്ച് കഴിഞ്ഞപ്പോള്‍ കത്തിയില്ല. അടി ച്ച് പൊളി ച്ചായിരുന്നല്ലേ കോളേജ് ജീവിതം.

തകര്‍പ്പന്‍.

വിഷ്ണു പ്രസാദ് said...

ദില്‍ബൂ, കലക്കീട്ടുണ്ട്.

വേണു venu said...

ബുദ്ധിജീവി അല്ലാതാകുന്ന ആ രൂപാന്തരം മനോഹരമായി അവതരിപ്പിച്ചൂ ദില്‍ബൂ.:)

തറവാടി said...

ദില്‍ബൂ , വായിച്ചു

അമല്‍ | Amal (വാവക്കാടന്‍) said...

ദില്‍ബൂ:
നല്ല അനുഭവങ്ങള്‍ :)

ഫാസിലി‍ന്റെ മോന്റെ ഉപമ..:):)
ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ..ഹ ..ഹ..എന്താ ഒരു മൊഹം :)

എഴുത്ത് അഡിപൊളി! കണ്ടിന്യൂ..കണ്ടിന്യൂ..

സൂര്യോദയം said...

ദില്‍ബൂ.... രസകരമായിട്ടുണ്ട്‌ പല ഉപമകളും.... പിന്നെ, ഒരു സംശയം..... ഈ ബോധം കുറഞ്ഞവര്‍ക്ക്‌ ധൈര്യം കൂടും എന്ന് പറയുന്നത്‌ സത്യമാണോ? ;-)

സുല്‍ |Sul said...

ദില്‍ബൂ :) കസറീട്ടുണ്ടല്ലോടൈ. എന്തായാലും ‘പാര’കളെ പാരകള്‍ എന്നു പറയാമൊ? അതു കുറച്ചു കടന്ന കയ്യായിപോയി. പാവം പാരകള്‍ അവര്‍ക്കും വേണ്ടെ ജീ‍വിക്കെം മരിക്കെം. (ചെറിയ പാര അനുഭവങ്ങള്‍ ഉള്ളകൂട്ടത്തിലാണെ.)

-സുല്‍

രമേഷ് said...

ദില്‍ബൂ കലക്കീ ട്ടോ .... അപ്പൊ നിങളാണലേ ആ അലമ്പ് ടീം ,ഇനിയെങ്കിലും അവനോടു പറയുക ബസ്സ് തടയുമ്പോ ഒരു കൂട്ടമായി വേണം തടയാന്‍ ,അല്ലെങ്കില്‍ ബസ്സ് തട്ടി ആശുപത്രീ കെടക്കുമ്പൊ ഒരുത്തനും കമ്പനി കാണില്ല, അനേവരെ ക്ലാസ്സില്‍ കയറാത്തവനു പോലും ക്ലാസ്സ് മിസ്സാക്കാന്‍ മടിയായിരിക്കും ........

മുസ്തഫ|musthapha said...

ദില്‍ബാ, ഇതാ പണ്ടേ നിന്നോട് പറയാറുള്ളത്, ഈ കമന്‍റിട്ട് കൊഴുപ്പിക്കാന്‍ നടക്കണ നേരം പോസ്റ്റ് എഴുതാന്‍.

നന്നായിരിക്കുന്നു.

കുറുജീ: കോപ്പി റൈറ്റ് ആക്ട് ഇപ്പോഴും നിലവിലുണ്ടേയ് :)

സൂര്യോദയം: അതൊരു തകതകര്‍പ്പന്‍ കമന്‍റെന്നെ... ട്ടോ :)

സു | Su said...

കിട്ടിയ കിളിക്ക് ഒന്ന് കൊടുക്കാതെ ഇറങ്ങി ഓടിയപ്പോഴേ ഞാന്‍ വിചാരിച്ചു, ബുദ്ധിജീവി അല്ലാതാവും എന്ന്. ;)

അളിയന്‍സ് said...

സംഗതി തകര്‍പ്പനായിട്ടുണ്ട്.പ്രത്യേകിച്ച് ചാപ്പലിന്റെ ആ ജനലിന്റെ എടേല്‍ കൂടെയുള്ള ഒളീഞ്ഞു നോട്ടം.

പിന്നെ നിങ്ങടെ നാട്ടിലൊക്കെ പ്രിന്‍സിപ്പാളീന്റെ സമ്മതം വാങ്ങിയിട്ടാണോ കിളിക്കും കണ്ടക്ടറിനുമൊക്കെയിട്ട് പൂശാന്‍ പോകുന്നത്..? ഫയങ്കരം..ഫീകരം.
പിന്നെ ദില്‍ബൂ, സ്വകാര്യമായി സത്യം പറ.. അന്നെത്ര കിട്ടി..?

ഷാ... said...

ദില്‍ബാസുരോ...

അപ്പോ പി എസ് എം ഒ കോളേജിലാ പടിച്ചതു അല്ലേ? സംഭവ സമയത്ത് ഞാനും ആ കോളേജിലുണ്ടായിരുന്നു.

ബസ്സിലെ കിളിയെ രണ്ട് പൊട്ടിക്കാന്‍ തീരുമാനമായിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ ഈയുള്ളവന് കിട്ടിയിട്ടുണ്ടായിരുന്നു.
അടിയല്ലേ..ലൈവ് ആയി കാണുന്ന സുഖം ഒന്നു വേറെ തന്നെ.കാക്കായുടെ കൂള്‍ബാറില്‍ ഒരു സീറ്റ് 12 മണിക്കു തന്നെ ബുക്ക് ചെയ്ത് 1/2 പേക്കറ്റ് വില്‍സും വാങ്ങി പുക വട്ടം വട്ടമായി വിട്ട് പല പല നുണക്കഥകളും പറഞ്ഞിരുന്നു..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു...ഒരു ബസ്സിന്റെ മുരളല്‍.. വിദ്യാര്‍ത്ഥികളുടെ ആക്രോശം..ചില്ലുകളുടയുന്ന ശബ്ദം..

ഹോ.. എന്തൊരു ഹരമായിരുന്നു.
എല്ലാം ഒരിക്കല്‍ കൂടി ഒര്‍മിപ്പിച്ചതിനു നന്നി....

പിന്നെ, പിന്‍വാതിലിലെ കിളിയാണെന്നു കരുതി വിദ്യാര്‍ത്ഥികള്‍ കൈ വെച്ചത് അവിടുത്തെ ഒരു ഗുണ്ടയുടെ മേലായിരുന്നു.
അങ്ങിനെ കൈ വെച്ച ഓരോരുത്തര്‍ക്കും, തരം പോലെ പള്ള നറച്ചു കിട്ടിയതും ,കിട്ടിയവര്‍ ആരോടും പറയാതെ അതൊക്കെ വരവു വെച്ചതും പിന്നീടു നടന്ന കഥ....

അതേയ് ഒരു സ്വകാര്യം....ശരിക്കും സംഭവിച്ച കാര്യങ്ങള്‍ ദൈവത്താണെ, ഞാന്‍ ആരോടും പറയില്ല.
ദയവ് ചെയ്ത് ആരും എന്നോട് ഒന്നും ചോദിക്കരുത്..ഞാന്‍ ഒന്നും പറയില്ല....

ഓ.ടൊ:
ഭയങ്കര ക്രിക്കെറ്റ് പ്രേമി അയിരുന്നു അല്ലേ.. കോളേജ് ടീമില്‍ കളിച്ചിരുന്നോ?ഞാന്‍ Degree മൂന്ന് വര്‍ഷവും(97 -2000) കളിച്ചിരുന്നു..ഒരു പക്ഷേ നമ്മള്‍ കൂടെ കളിച്ചിരുന്നിരിക്കാം..

Unknown said...

ബത്തേരിയാ...
ഇതാ പ്രശ്നം. ഒരു കാര്യം പറയാന്‍ പറ്റില്ല. :-)

ഇതല്ലാതെ വേറെ എന്തു നടന്നു എന്നറിയാമെങ്കില്‍ പറയൂ. ചെറിയ വളവും തിരിവും ഉണ്ട് കൂടാതെ അളുകളെ മാറ്റിയിട്ടുമുണ്ട്. അല്ലാതെ എന്ത് പ്രശ്നം? ഞാന്‍ ആ സമയത്ത് തന്നെയാണ് പഠിച്ചത്. ക്രിക്കറ്റ് ടീമില്‍ ഇല്ലായിരുന്നു. ആ സമയത്ത് ബുദ്ധിജീവി അല്ലായിരുന്നോ? :-(

ഓ... ആ സമയത്ത് ദിഗ്രിയ്ക്കയിരുന്നോ? ഞാന്‍ പ്രീഡിഗ്രീ സെക്കന്റ് ഇയര്‍.അപ്പോള്‍ നമ്മള്‍ കണ്ട് ‘മുട്ടി’യിരിക്കണമല്ലോ.. :-)

ഷാ... said...

ദില്‍ബാസുരോ......

അതു ഞാന്‍ ഒരു തമാശക്ക് എഴുതിയതാണ്.
ഒരു പാര പണിയാന്‍ സമ്മതിക്കൂലാച്ചാ ന്താ ചെയ്യാ‍.

നമ്മള്‍ തമ്മില്‍ കണ്ടു കാണുമായിരിക്കും. ‘മുട്ടി’യിരിക്കാന്‍ സാധ്യത കാണുന്നില്ല.
ദില്‍ബുവിന്റെ ഫോട്ടൊ കണ്ടിട്ട് എനിക്ക് ഓര്‍ത്തെടുക്കാനും സാധിക്കുന്നില്ല.

എന്തായാലും കൊളേജ് കഥകള്‍ ഇനിയുമുണ്ടെങ്കില്‍ പോന്നോട്ടെ......

ബിന്ദു said...

ഏതായാലും തടി രക്ഷപ്പെട്ടല്ലൊ.:)എന്നാലും സത്യസന്ധതയ്ക്കു നൂറു മാര്‍ക്ക്. ഗുഡ് ബോയ്!:)

ഏറനാടന്‍ said...

കോട്ടക്കലിന്റെ വീരശൂരപരാക്രമി ശ്രീമാന്‍ ദില്‍ബുവിന്റെ കലാലയ കഥ എന്നേയും കൊണ്ടുപോയി കാമ്പസ്സിലെ നല്ല നാളുകളിലേക്ക്‌..

Unknown said...

ഞാനെന്ന ജീവിയ്ക്ക് ബുദ്ധിയില്ലാണ്ടായതിന്റെ കഥ രണ്ടാം ഭാഗം വായിച്ച് കമന്റിയ എല്ലാവര്‍ക്കും നന്ദി.

ദിവാ ചേട്ടാ: ഉയരത്തില്‍ നിന്ന് വീണാല്‍ കാലൊടിയും. :-)

ഇഞ്ചിച്ചേച്ചീ: താങ്ക്സ് :-)

അരവിന്ദേട്ടാ: വല്ലാണ്ടെ ചിരി വരുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ കഴിഞ്ഞ സീരീസിലെ സ്കോര്‍ബോഡ് നോക്കിയാല്‍ മതി വിഷാദരോഗം വന്നോളും. :-)

വക്കാരി പഷ്ടാ: ഓ.. എന്തോന്ന് അടിപൊളി. ഒന്നുമില്ലെന്നേ. :-)

വിഷ്ണു മാഷ്: നന്ദി :-)

വേണു ചേട്ടാ: നന്ദി :-)

തറവാടി ചേട്ടാ: നന്ദി :-)

വാ വാ എന്റെ കാടാ: നന്ദ്രി.. നമസ്കാര്‍ :-)

സണ്‍റൈസ് അണ്ണാ:അത് സത്യമാവണം :-)

സുല്‍ ഭായ്: മനപ്പൂര്‍വ്വമല്ല.സത്യം അത് പോലെ പറയണമല്ലോ. അതാ :-)

രമേഷ് ഭായ്: സംഭവം അന്നത്തോടെ മനസ്സിലായി :-)

അഗ്രജ് ഭായ്: നന്ദി :-)

സു ചേച്ചീ: :-)

അളിയന്‍സ്: ഒന്നും കിട്ടിയില്ല.സത്യം :-)

ബത്തേരിയന്‍: നന്ദി മോനേ ദിനേശാ. :-)

ബിന്ദു ചേച്ചീ: ഞാന്‍ പണ്ടേ ഗുഡ്ബോയാ :-)

ഏറെ നാടന്‍: നന്ദി. :-)

Kalesh Kumar said...

കലക്കിയെടാ മോനെ!
രസകരം!

ഡാലി said...

ഞാന്‍ ഇവിടെയിട്ട കമന്റ് കാക്ക കൊത്തിയാ?
ദില്പാ ഇപ്പോഴും ആ ചെമ്പന്‍ മുടിയുമൊക്കെയായാണൊ നടക്കണേ. ഹൌ അപ്പോ ഞാന്‍ ദുബൈ വഴി വന്നാല്‍ ഒരു കത്രിക കൂടി കരുതണമെന്ന് സാരം.
ചെറുക്കാ ഇനീ കമന്റ് കണ്ട് ആ കുഞ്ഞേ വായില്‍ വല്യേ ചോദ്യം ഒന്നും വേണ്ടട്രാ‍ാ
qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

ദില്‍ബൂ,

അടുത്ത പോസ്റ്റ്‌ എപ്പഴാ? കുറെക്കാലം വന്നു നോക്കി നോക്കി, ഒന്നും കാണാതായപ്പോ വരവു നിര്‍ത്തീ, വഴീം മറന്നു. ഇപ്പോ ഓര്‍മ്മ വന്നു, പഴം പൊരിയുടെ വാസന കേട്ടൂലോ? അതാ:)

വേണു venu said...

പഴം പൊരി വാസന കേട്ടവര്‍ക്കൊരു ചെറിയ സദ്യ ഇപ്പോള്‍..
----------------------------------
തറവാടി ചേട്ടാ,
എത്ര മനോഹരമായ സ്വപ്നം.
ഓടോ:സ്വപ്നം കാണാനാണല്ലോ കലാമണ്ണന്‍ പറഞ്ഞിരിക്കുന്നത്. ഞാനത് കൊണ്ട് തരം കിട്ടിയാലൊക്കെയിപ്പൊ ഉറങ്ങും. സ്വപ്നം കാണണ്ടേ... :-)
---------------------------------
തമാശയാ രാജുവേട്ടാ. അല്ല എന്താ പറ്റിയത്? ഇതിനേക്കാള്‍ നല്ല കവിതകളെയാണല്ലോ ചേട്ടന്‍ വിമര്‍ശിക്കാറുള്ളത്. ഇതൊക്കെ വായിച്ചിട്ട് അവരാരെങ്കിലും ലവന്‍ യാരെഡേയ് എന്ന് ചോദിച്ചാല്‍ എനിയ്ക്ക് അല്‍ ഭുതമെന്ന അറബി ഭൂതം വരില്ല. :)
------------------------------
ദില്‍ബാസുരന്‍ said...
അന്ന് ‘ബാരക്കുഡിയുടെ മകള്‍’ കേട്ടിട്ട് എന്റെ കേള്‍വി പോയി. ഇന്ന് ഇത് വായിച്ച് കാഴ്ചയും. :-)

തമാശയാ രാജുവേട്ടാ. അല്ല എന്താ പറ്റിയത്? ഇതിനേക്കാള്‍ നല്ല കവിതകളെയാണല്ലോ ചേട്ടന്‍ വിമര്‍ശിക്കാറുള്ളത്. ഇതൊക്കെ വായിച്ചിട്ട് അവരാരെങ്കിലും ലവന്‍ യാരെഡേയ് എന്ന് ചോദിച്ചാല്‍ എനിയ്ക്ക് അല്‍ ഭുതമെന്ന അറബി ഭൂതം വരില്ല. :)
------------------------------
ദില്‍ബാസുരന്‍ said...
പെരിങ്സേ,
പുനര്‍ജനനമൊക്കെ ബോറന്‍ ഏര്‍പ്പാടാ. :-)

ഓടോ: ഗന്ധര്‍വന്റെ ‘ത്രസിപ്പിക്കല്‍’ :-D
------------------------------------
ദില്‍ബാസുരന്‍ said...
ഞാനീ കവിത കണ്ട് ഓടുകയും
സ്പീഡ് പോരെന്ന്കണ്ട് ചാടുകയും ചെയ്യുന്നു.

:-)
--------------------------------
ങാ.. ഒടിഞ്ഞ് ബാ... ങാ പോരട്ടേ.
സെയിഡ് നോക്കി.. സെയിഡ് നോക്കി.. ഒടിഞ്ഞ് പോരട്ടെ..ങാ.. ഒരനക്കം കൂടെ.. ങാ.. മതി.. നില്‍ക്കട്ടെ.

ഹാവൂ.. ഒരു ലോഡ് അഭിനന്ദനത്തിന്റെ പൂച്ചെണ്ടിറക്കാന്‍ വിളിച്ച ലോറി റിവേഴ്സെടുത്തതാ. ഇനി പൂക്കള്‍ താഴെ തട്ടാന്‍ ലോക്കല്‍ അട്ടിമറി ടീമിനെ കൊണ്ട് ഇപ്പൊ വരാം. അപ്പൊ കങ്കാരു ഗ്രാജുവേഷന്‍ :-)
---------------------------------
ദില്‍ബാസുരന്‍ said...
ഗാലറിയിലിരുന്ന് അടി കണ്ട് രസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

വലത് വശത്തെ ഇടവഴിയിലുള്ള ചായക്കടയില്‍ ചൂട് പഴമ്പൊരി ഇപ്പോള്‍ ലഭ്യമാണ്. കാജാബീഡി സ്റ്റോക്ക് തീരും വരെ മാത്രം. രാത്രി ഇരുട്ടും വരെ അടികണ്ടിരിക്കുന്നവര്‍ക്കായി കുടുംബശ്രീ ചൂട്ടുകള്‍. ഗുണം മെച്ചം, വില തുഛം. അയ്യോ ഇവിടെ പരസ്യം പാടില്ല അല്ലേ? :-)
---------------------------------
എന്റെ ഒരു അഭാവം നിഴലിട്ട് കാണുന്നുണ്ടെകിലും പോസ്റ്റ് കസറി എന്ന് പറയാതെ വയ്യ.

ഓടോ: മീറ്റ് വരും പോകും. കൂമ്പ് വാടിയാല്‍ വിവരം അറിയും മക്കളേ..... :-)
-----------------------------------
പുതിയ പ്രയോഗം നിലവില്‍ വന്നു: “അടി നടന്ന പോസ്റ്റിലെ അമ്പത് പോലെ” ഏത് അണ്ടനും അടകോടനും കിട്ടുമെന്നര്‍ത്ഥം.
----------------------------------

ഒത്തിരി ഒത്തിരി ദില്‍ബുഇസം ഞാന്‍ സൂക്ഷിച്ചു വച്ചെന്‍റെ ഒഴിവു സമയങ്ങളില്‍ കൊടകര പുരാണം വായിക്കുന്നതു പോലെ ആസ്വദിക്കുന്നു.
ദില്‍ബുഭായീ ഞാന്‍ അധിക പ്രസംഗം കാട്ടിയെങ്കില്‍ ഡിലീറ്റു ചെയ്യാം.
എന്‍റെ ആശംസകള്‍ വീണ്ടും.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദില്‍ബൂസേ, അസുരാന്ന് വിളിയ്ക്കാന്‍ തോന്നണില്ല്യ അതാ:)

വേണുജീ,

ദില്‍ബൂന്റെ, അവസരത്തിനൊത്ത- രംഗത്താകെ സമാധാനം പരത്തുന്ന- ചിരി വിടര്‍ത്തുന്ന- ആരേയും വേദനിപ്പിക്കാത്ത കമന്റുകള്‍ എനിയ്ക്കു പഴമ്പൊരിപോലെ പ്രിയപ്പെട്ടതാണ്‌.
എല്ലാം താങ്കള്‍ സൂക്ഷിച്ചുവെയ്ക്കുന്നുണ്ടല്ലേ. നന്നായി.

ദില്‍ബൂസേ, ആ നല്ല മനസ്സിനുമുന്നിലൊരു പ്രണാമം.

നല്ലതുമാത്രം വരുത്തട്ടെ, എന്ന പ്രാര്‍ഥനയോടെ,
ജ്യോതിച്ചേച്ചി:)

sreeni sreedharan said...

ദില്‍ബന്‍റെ കമന്‍റുകള്‍ എന്നെ ദില്‍ബന്റ്റെ ആരാധകനാക്കുന്നു.
എന്ന് ഞാനൊരിക്കലും പറയില്ല മോനേ..ദില്‍ബാ..
(ഇന്നലെ ഒരു പഴമ്പൊരി ചോദിച്ചിട്ട് തന്നില്ല, പിശുക്കന്‍)

(പെട്ടി ഓ. ട്ടോ. : മെയില് ചെക്ക് ചെയ്യഡേ.. പാപ്പരാസികള്‍ക്ക് എന്താണാവോ ശീക്ഷ :)

ഇടിവാള്‍ said...

ദില്‍ബൂ....

ക്രിയേറ്റിവിറ്റി കിട്ടാന്‍ രണ്ടു പെഗ്ഗടിക്കണം, എന്ന ലോകതത്വത്തോടെനിക്കു പുച്ഛം തോന്നുന്നത്‌ നിന്നെക്കാണുമ്പോഴാ.....

കാരണം, ഒരു തുള്ളിപോലുമടിക്കാത്ത നീ.. എന്റെ ശുദ്ധികലശം എന്ന പോസ്റ്റില്‍ ഇട്ട പോസ്റ്റ്‌ ഞാന്‍ ഒരിക്കലും മറക്കില്ല! ബൂലോഗത്ത്‌ ഞാന്‍ വായിച്ച ഏറ്റവും രസികന്‍ കമന്റുകളില്‍ ഒന്നാണത്‌!

ദില്‍ബൂ.... പോസ്റ്റിയില്ലെങ്കിലും.. നീ കമന്റണം ... നിനക്കാരാധകരുണ്ടിവിടെ.. ഈ പ്ലൈന്‍ ദോശ പോലിരിക്കുന്ന ഞാനടക്കം ;)

എനിക്കേറ്റവും ഇഷ്ടപ്പെട്ട ദില്‍ബൂസ്‌ കമന്റ്‌ ഞാനിവിടെ മോഷ്ടിച്ച്‌ തേക്കുന്നു ( കട്ട്‌+പേസ്റ്റ്‌)

അത്‌ എന്റെയൊരു പോസ്റ്റിലാനെന്ന കാര്യത്തില്‍ എനിക്കു അസാരം അഹങ്കാരം ഉണ്ടെന്നു കൂട്ട്യാലും വിരോധംല്ല്യാ.. ;)

http://itival.blogspot.com/2006/07/blog-post_22.html

ദില്‍ബാസുരന്‍ Said...
വ്രതക്കാലത്ത് മാലയൂരി വെച്ച് സിഗരറ്റ് വലിയ്ക്കാമെന്നും പൊറാട്ടാ വിത്ത് ബീഫ് ഫ്രൈ അടിയ്ക്കാമെന്നും ഉള്ള കാര്യം അയ്യപ്പേട്ടന്‍ മാത്രമേ അറിയാത്തതായുള്ളൂ എന്ന് തോന്നുന്നു.

കുട്ടിയായിരുന്നപ്പോള്‍ വ്രതം തെറ്റിച്ചാല്‍ പുലി പിടിയ്ക്കുമെന്നായിരുന്നു കേട്ടിരുന്നത്. അന്ന് എന്റെ ഒരു ഫ്രന്റ് ഗെഡി ലീഗല്‍ ലൂപ് ഹോള്‍സ് മുതലെടുത്ത് വ്രതക്കാലത്ത് അര്‍മ്മാദിക്കുകയും പിന്നീട് ശരീരത്തില്‍ ചെന്നിനായകം അരച്ച് തേച്ച് ശബരിമല കയറുകയും ചെയ്തിട്ടുണ്ട്.അയ്യപ്പകോപത്താല്‍ പുലിയെങ്ങാനും എടുത്ത് വായിലിട്ടാല്‍ കയ്പ് കാരണം തുപ്പിക്കളയാനാണ് ചെന്നിനായകം.എന്തിനുമുണ്ട് ലൂപ് ഹോള്‍!

ഇടിവാള്‍ ഗെഡീ സംഭവം കലക്കന്‍!

5:23 PM, July 22, 2006

ബിന്ദു said...

അയ്യോ... നമ്മടെ ദില്‍ബുവിനെന്താ പറ്റിയെ? എന്താ എല്ലാരും കൂടി ഇവിടെ? ;)

ദിവാസ്വപ്നം said...

that comment from dilboo, is my favorite too. (i think i said this before)

cheers, dibloo, oh sorry, dilboo

:-))

ഇടിവാള്‍ said...

ഹഹ.. ദിവാ...

ഗ്രെയ്റ്റ്‌ മെന്‍ തിങ്ക്‌ എലൈക്ക്‌ എന്നു പണ്ടേതോ മഹാന്‍ പടഞ്ഞ കാര്യം ഓര്‍മ്മ വന്നു ;)

Sorry for WHAT ????

വിശ്വപ്രഭ viswaprabha said...

“ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ.”

ഇനി ഇതിലെന്റെ വക കൂട്ടാനും കുറയ്ക്കാനും ഒന്നുമില്ല!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തലേന്നത്തെ മഞ്ഞുവീഴ്ചയും തൊണ്ട്ക്കുള്ള ഏനക്കേടും വ്യാഘ്ര്യാദി കഷായവും ഒക്കെ ഒരു ആയുര്‍വേദം മണക്കുന്നു
ഇപ്പോഴാണ്‌ കണ്ടത്‌ രണ്ടും വായിച്ചു നന്നായിരിക്കുന്നു
സി സോണ്‌ പഴയ ഓര്‍മ്മകളുണര്‍ത്തി

Unknown said...

അക്ച്വലി ഇവിടെ എന്താ സംഭവിച്ചത്? പോസ്റ്റെഴുതിയാല്‍ നാട്ടുകാര്‍ പിന്നീട് വന്ന് എഴുതിയതിന്റെ കണക്ക് തീര്‍ത്താലോ എന്ന് കരുതിയാണ് കമന്റ് മാത്രമാക്കുന്നത്.എന്നിട്ടും രക്ഷയില്ലാ.... :-)

ദേവന്‍ said...

അല്‍ഭൂതത്തെ ഇപ്പോഴാ കണ്ടത്‌! എന്നാ ലൈന്‍, എന്നാ ലെങ്ങ്‌ത്‌, എന്നാ ലൂപ്പ്‌, എന്നാ പേയ്സ്‌, എന്നാ ടേണ്‍, കൊടെടേ കൈ.

വേണു മാഷിന്റെ റീപ്ലേ ഇല്ലായിരുന്നേല്‍ ഇതു മിസ്സ്‌ ആയി പോയേനെ.

ഒരു ഓഫ്‌ ബ്ലോഗ്ഗ്‌:
ബാറില്‍ക്കുടി മീറ്റിന്റെ തലേന്ന് രാത്രി.
--: "വിശന്നിട്ട്‌ കണ്ണു കാണണില്ല:( "
ദില്‍ബന്‍: "ഏയിന്റെ ബെള്ളടുക്കട്ടോ??"
--: "എന്ത്‌?"
ദില്‍ബന്‍: "ഓ ഇംഗ്ലീഷേ മനസ്സിലാവൂ? 7up"

Unknown said...

കലേഷേട്ടാ: നന്ദിയുടെ ബോഗേയ്ന്‍ വില്ലാ ഗാര്‍ഡന്‍ ഇതാ ഞാന്‍ താങ്കള്‍ക്ക് സമ്മാനിയ്ക്കുന്നു. (അതിന്റെ ഉടമസ്ഥന്‍ അറബിയെ തല്ലിക്കൊന്ന് സ്വന്തമാക്കിക്കോളൂ) :-)

ഡാലിച്ചേച്ചീ: കത്രിക... അല്ലേ? (ഒന്നും ചോദിച്ചില്ലേയ്...) :-)

ജ്യോതിച്ചേച്ചീ: പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി... നമസ്കാര്‍ :-)

വേണു ഏട്ടാ: ഇതൊക്കെ താങ്കള്‍ക്ക് രസിയ്ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഞാനല്ലെ അധികപ്രസംഗി? :-)

പച്ചാളം: ഡാ പാപ്പരാസീ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. ഡയാനാ രാജകുമാരിയെ കൊന്നത് പോരാഞിപ്പൊ ഞാനായി. ഈ പ്രശസ്തരുടെ ഒരു ബുദ്ധിമുട്ടേയ്.. നന്ദി. :-)

ഇടി ഗഡീ: താങ്ക്യൂ താങ്ക്യൂ... (പുറം ചൊറിച്ചില്‍ നന്നാവുന്നുണ്ട്. നല്ല സുഖം) :-)

ബിന്ദു ചേച്ചി: :-)

ദിവാ ചേട്ടാ: ചിയേഴ്സ്! :-)

വിശ്വേട്ടാ: തമോഗര്‍ത്തത്തിലിപ്പോളൊന്നുമില്ലേ? :-)

ഹെറിറ്റേജ് അണ്ണാ: കോട്ടയ്ക്കല്‍കാരനല്ലേ.. ആയുര്‍വേദം മണക്കും. :-)

ദേവേട്ടാ: അന്നത്തെ 2 മണിയ്ക്കുള്ള ബട്ടര്‍ ചിക്കന്‍ :-)

എല്ലാര്‍ക്കും നന്ദിയുടെ ആയിരം നാരങ്ങാമുട്ടായി റാപ്പറുകള്‍..... :-)

Sreejith K. said...

ദില്‍ബാ, ഐലവി.

ഒന്നര പോസ്റ്റ്. കലക്കന്‍. നീ ഇടയ്ക്കിടയ്ക്ക് ഇനി പോസ്റ്റിട്ടേ പറ്റൂ. ഇല്ലെങ്കില്‍ നീ അടി മേടിക്കും.

-B- said...

ഇതും ഇതിനു മുന്‍പത്തേതും വായിച്ച് വായിച്ച് വായിച്ച് വായിച്ച് വായിച്ച് വായിച്ച് .............ഞാന്‍ കരഞ്ഞു. നീയിപ്പോ ബുദ്ധിജീവി അല്ലാണ്ടായേന്റെ സങ്കടാ.

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

കുട്ടിച്ചാത്തന്‍ said...

ദിലൂ പണ്ടൊരിക്കല്‍ ഇതു വഴിവന്ന് ആട്ടക്കഥ വായിച്ചിട്ടു പോയതാ... അന്നു ലേറ്റായതോണ്ട് കമന്റീല.
ഇന്നിപ്പോ ലേറ്റായാലും ലേറ്റസ്റ്റായിരിക്കട്ടെ..

അല്ലാ ആട്ടക്കഥ ബാക്കി എഴുതാന്‍ കൂലിക്ക് ആളെ വയ്ക്കേണ്ടി വരുമോ?

അതോ ആ ഐസും കട്ട തന്നാണോ പെയിന്റടിച്ച് ഈ ബുദ്ധിജീവി ആക്കിയിരിക്കുന്നത്??

Siji vyloppilly said...

ദില്‍ബൂ,
ഹി..ഹി..

ഇപ്പോഴാ ഇതു കണ്ടത്‌.മോനെന്തായാലും ബുദ്ധിജീവിയാകണ്ട.പിന്നെ കുറെ ഉപമകളൊക്കെ ഞാന്‍ കട്ടെടുക്കുന്നുണ്ട്‌.അടുത്ത എന്റെ കഥയില്‍ പോസ്റ്റാനാ.കടപ്പാട്‌ ദില്‍ബുവിന്‌ എന്ന് എഴുതിചേര്‍ക്കാം.

Rasheed Chalil said...

ഡേയ് ദില്ലാ... ഇത്തിരി വൈകിയാ വായിച്ചേ... പാവം ബുജി...

Rasheed Chalil said...

ഏതായാലും വന്നതല്ലേ... വായിച്ചതല്ലേ... ഒത്തിരി ചിരിച്ചതല്ലേ... അമ്പതടിച്ച് പോവാം.

മുല്ലപ്പൂ said...

ഇന്നാ വായിച്ചേ..
ചിരി ചിരിയോ ചിരി.

വിചാരം said...

ദില്‍ബൂ ... ഏതൊരാള്‍ക്കും ഒരാഴചകൊണ്ട് ബുജിയാവാം .. ( ഒരാഴ്ച്ച കുളിക്കാതെ പല്ലുതേക്കാതെ .. വസ്ത്രം (ജുബ്ബ) അലക്കാതെ മുടി ചീകാതെ തോളില്‍ ഒരു തുണി സഞ്ചിയും ... വഴിയില്‍ നിന്നുപെറുക്കി കിട്ടുന്ന കാജാ ബീഡിയുടെ എച്ചില്‍ വലിച്ചു നടന്നാല്‍ അവനെ പുത്തി ജീവിയായി മണ്ടന്മാര്‍ കരുതും .. ഏതായാലും നീ രക്ഷപ്പെട്ടു മോനെ അല്ലെങ്കില്‍ ദുഫായിയില്‍ നീ മീറ്റാന്‍ വന്നാല്‍ ഉള്ള ആളുകളും ഓടിയകന്നേനെ

Kaippally said...

നല്ല വിവരണം. ഇതില്‍ എനിക്കിഷ്ടപ്പെട്ട ദില്ബന്റെ ഉപമകള്‍:

"നോര്‍വീജിയന്‍ മദ്ധ്യസ്ഥരെ കണ്ട തമിഴ്പുലികളെ പോലെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല."

"നിമിഷങ്ങള്‍ 20:20 ക്രിക്കറ്റിലെ അവസാന ഓവറിലില്‍ എന്ന പോലെ സ്ലോ മോഷനില്‍ നീങ്ങി. "

"ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആക്രാന്തചിത്തരായി."


"ഫാസിലിന്റെ മകന്‍ അഭിനയിക്കുന്നത് പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രിന്‍സി എല്ലാം കേട്ടു."

"നിരനിരയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായി മടങ്ങുന്നത് ഡ്രെസ്സിങ് റൂമിലെ ജനലിന്റെ വിടവിലൂടെ ഒളിച്ച് നിന്ന് നിരീക്ഷിയ്ക്കുന്ന കോച്ച് ചാപ്പലിനെ പോലെ പ്രിന്‍സിപ്പാള്‍ എല്ലാം കാണുന്നുണ്ടായിരുന്നുവത്രേ."

"എന്നെ മാത്രം. ടി.ജി രവി ഇന്റര്‍വ്യൂ ചെയ്യാനെന്ന വ്യാജേന ബലാത്സംഗം ചെയ്യാന്‍ വിളിച്ച നായിക ഹോട്ടല്‍ മുറിയില്‍ ചെല്ലുന്ന മുഖത്തോടെ ഞാന്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു."


ഇതെല്ലാം ഞാന്‍ വായിച്ചു് രസിച്ചു്. ചിരിച്ചു.

എങ്കിലും.....

ഉപമകള്‍ കുത്തിനിറക്കുകയാണോ എന്നും സംശയമില്ലാതില്ല. പുട്ടിന്റെ formula മറക്കരുത്. (മൂനു പിടി മാവ് + ഒരു പിടി തേങ്ങ പീര = പുട്ട്)

ഗദ്ഗദം നിറഞ്ഞ നിമിഷങ്ങള്‍ താങ്കള്‍ അവതരിപ്പിച്ചതും ഞാന്‍ ശ്രദ്ധിച്ചു:
"ഞാന്‍ മാത്രമാണ് സംഭവത്തിനുത്തരവാദി പോലീസ് സ്റ്റേഷനില്‍ ഉള്ള പയ്യനെ വിടണം പകരം ഞാന്‍ പോകാം എന്ന് പറഞ്ഞു. തലേന്നത്തെ മഞ്ഞുവീഴ്ച കാരണമാവണം എന്റെ ശബ്ദമിടറിയിരുന്നു..."

"ഈ നടന്ന സംഭാഷണത്തിന്റെ അവസാനം എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു എന്ന് പറയാന്‍ എനിയ്ക്ക് ഒരു ലജ്ജയുമില്ല. കണ്ണില്‍ പൊടി പോകുന്നത് ഒരു ലജ്ജിയ്ക്കേണ്ട വിഷയമല്ലല്ലോ."


നര്മ രസത്തില്‍ പൊതിഞ്ഞ ശോകം പരോക്ഷമായി പ്രതിഭലിപ്പിക്കനുള്ള കഴിവു സമ്മതിക്കാതെ വയ്യ.

ആര്‍ട്ടിസ്റ്റ്‌ said...

bkcxsorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ്‌ വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട്‌ അവരുടെ ഇടുങ്ങിയമനസിന്‌ ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ്‌ ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ്‌ അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ്‌ കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ്‌ വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ്‌ കുതന്ത്രങ്ങള്‍ക്ക്‌ കഴിയട്ടെ !!!!!യൂണിക്കൊട്‌ മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ്‌ കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന്‌ "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്‌. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക്‌ ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.com

Unknown said...

ടെസ്റ്റിങ്!

Unknown said...

ടെസ്റ്റിങ്!

Unknown said...

ആള്‍ട്ട് മൊയി ടെസ്റ്റിങേയ്...

Unknown said...

മൊയി വന്നോ?

RR said...

ഇപ്പൊ വന്നു :)

Abdu said...

ടെസ്റ്റിങ്ങ്,ടെസ്റ്റിങ്ങ്

Anonymous said...

കഥ കൊള്ളാം

കരീം മാഷ്‌ said...

ഇതിന്റെ രണ്ടാം ഭാഗം എനിക്കു മിസ്സായതു ഞാനാ പാസ്പോര്‍ട്ടു കെണിയില്‍ വീണു പോയതു കൊണ്ടാവാം.
ബുദ്ധിജീവി ലുക്കെതായാലും ദില്‍ബുവിനു ചേരില്ല.ഒരടിപോളി ടീം ക്യാപ്റ്റന്‍ റോളു തന്നെ തേരും. വല്ലപ്പോഴുമേ എഴുതാരുള്ളുവെങ്കിലും എഴുതുന്നതു സൂപ്പര്‍ബ്.
ഉപമകള്‍ നേരിട്ടനുഭവിക്കുന്നവയായതിനാല്‍ മനസ്സില്‍ തട്ടുന്നു.
കമണ്ടുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. തട്ടുകടയടക്കം.
തീ പിടിച്ചു നില്‍ക്കുമ്പോള്‍ തട്ടുകട ഇത്തിരി കരുതിത്തുറക്കുക.ചട്ടകം കയ്യിലുള്ള വീട്ടമ്മമാര്‍ ദേഷ്യം വന്നാല്‍ ആദ്യം അടിക്കുന്നത് ഏറ്റം പ്രിയപ്പെട്ട മകനെ അതു കൊണ്ടായിരിക്കും.
വളരെ വൈകിയ കമണ്ടായതിനാല്‍ qw_er_ty

Sethunath UN said...

ദില്‍ബാസുരാ.. വളരെ ലേറ്റായിട്ടാ വായിച്ചത്. ഹോ! എന്തെഴുത്തായിത്? സൂപ്പറ് . ദൈവം അനുഗ്രഹിയ്ക്കട്ടെ.